
അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ വിജിലൻസ് ആരംഭിച്ച പ്രൊജക്ട് സീറോ ഉദ്ഘാടന പരിപാടിയിൽ 'ഒരു വടക്കൻ സെൽഫി'യിലെ ഡയലോഗ് പറഞ്ഞ് നടൻ നിവിൻ പോളി. താരം അവതരിപ്പിച്ച ഉമേഷ്, അജു വർഗീസിന്റെ കഥാപാത്രത്തോട് പറയുന്ന ഡയലോഗാണ് നിവിൻ പറഞ്ഞത്. വൻകൈയടിയാണ് നിവിന് സദസ്സിൽനിന്ന് ലഭിച്ചത്.
പ്രൊജക്ട് സീറോ ഉദ്ഘാടന ചടങ്ങിൽ അഴിമതിക്കെതിരായ പ്രതിജ്ഞ നിവിൻ ചൊല്ലിക്കൊടുത്തു. വേദിയിലും സദസ്സിലുമുണ്ടായിരുന്നവർ ഏറ്റുചൊല്ലി. പിന്നാലെയാണ് നിവിൻ പ്രസംഗത്തിലേക്ക് കടന്നത്.
'ഒരുപാട് നാളായി ഞാൻ ഉൾപ്പെടെ ആഗ്രഹിച്ച വലിയ മുന്നേറ്റത്തിന്റെ തുടക്കമാണ് പ്രൊജക്ട് സീറോ. അഴിമതിയില്ലാത്ത നാട് എന്നത് ഒരുപാട് നാളായി ആഗ്രഹിക്കുന്ന കാര്യമാണ്.' നിവിൻ പറഞ്ഞു.
ആക്ഷൻ ഹീറോ ബിജു എന്നൊരു സിനിമ ചെയ്തിരുന്നു. കുറച്ചുപേരെങ്കിലും കണ്ടിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് പറഞ്ഞതോടെ സദസ്സിൽനിന്ന് വൻ ആരവം ഉയർന്നു. പിന്നാലെ നിങ്ങൾ ചിത്രം കണ്ടിട്ടുണ്ടോ എന്നായി നിവിൻ. നടന്റെ ചോദ്യത്തിനും വലിയ ആരവത്തോടെയാണ് സദസ്സ് മറുപടി നൽകിയത്.
'ഇടിക്കാരൻ ഒന്നുമല്ലെങ്കിലും ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രശ്‌നങ്ങൾ ക്ഷമയോടെ കേൾക്കുന്ന, നിയമാനുസൃതമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഞാൻ ചിത്രത്തിൽ അഭിനയിച്ചത്.' നിവിൻ ഓർമിപ്പിച്ചു.
'നിയമത്തിലുള്ള വിശ്വാസത്തിലാണ് സമൂഹം നിലനിൽക്കുന്നത്. എന്നാണോ നിയമത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് സമൂഹവും പതുക്കെ തകരാൻ തുടങ്ങും.' നടൻ അഭിപ്രായപ്പെട്ടു.
'പണമായി കൊടുക്കുന്നത് മാത്രമല്ല അഴിമതി. വ്യക്തികളുടെ, വിദ്യാർഥികളുടെ അവസരം ഇല്ലാതാക്കുന്നത്, എത്ര പഠിച്ചാലും കുറുക്കുവഴികളിലൂടെ മുന്നോട്ടുപോകുന്നവർക്കാണ് വിജയം എന്ന തോന്നൽ. എത്ര മെറിറ്റ് ഇല്ലെങ്കിലും പണവും അധികാരവുംകൊണ്ട് അത് മറികടക്കാമെന്ന വിശ്വാസം. ഇതെല്ലാം അഴിമതിയുടെ ഭാഗമാണ്. നേരായ വഴിയിൽ സഞ്ചരിച്ചിട്ട് കാര്യമില്ലെന്ന തോന്നലാണ് ഇതെല്ലാം ഉണ്ടാക്കുന്നത്. ഇതു മാറ്റാൻ ഈ മുന്നേറ്റത്തിനു കഴിയുമെന്നാണ് ഞാൻ കരുതുന്നത്.' നിവിൻ പറഞ്ഞു.
തുടർന്നാണ് നിവിൻ തന്റെ പ്രശസ്തമായ ചിത്രത്തിലെ ഡയലോഗ് വേദിയിൽ പറഞ്ഞത്. 'ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ ഉമേഷ് എന്നൊരു കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ റീൽസ് ഇടയ്ക്കിടെ പൊങ്ങി വരുന്നത് കാണാം. ചിത്രത്തിൽ അജു വർഗീസിനോട് പറയുന്ന ഡയലോഗ് ഉണ്ട്, അനാവശ്യമായി പ്രോത്സാഹിപ്പിച്ച് പലതവണ കുഴിയിൽ ചാടിച്ചവനാണ് നീ എന്ന് പറയുന്നുണ്ട്. അത്തരം കൂട്ടുകാരെ തിരിച്ചറിയുക. അജു അങ്ങനെ പറയുമെന്നല്ല ഞാൻ പറഞ്ഞത്.' നിവിൻ കൂട്ടിച്ചേർത്തു.
'ചോദ്യം ചെയ്യുന്നവരാണ് പുതുതലമുറ. അവർ തെളിവുകൾ ആവശ്യപ്പെടും. അവർ അക്കൗണ്ടബിലിറ്റ് ആവശ്യപ്പെടും. പുതിയ തലമുറ ആഗ്രഹിക്കുന്ന രീതിയിൽ നിയമവും അധികാരവും മുന്നോട്ടുപോവണം.' നിവിൻ ആവശ്യപ്പെട്ടു. മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിന്റെ ഒഡീഷന് അവതരിപ്പിച്ച സ്‌കിറ്റിലെ സംഭാഷണവും നിവിൻ പറഞ്ഞു. നിറഞ്ഞ കൈയടിയാണ് ഈ ഡയലോഗിനും ലഭിച്ചത്.
Content Highlights: Actor Nivin Pauly attended the inauguration of 'Project Zero,' a people-partnered anti-corruption initiative launched by the Kerala Vigilance. During the event, the actor administered the anti-corruption pledge to the audience before delivering his keynote address. Reflecting on his role in Action Hero Biju, Nivin emphasized that society thrives on trust in the law, and corruption extends to robbing individuals of fair opportunities. He delighted the crowd by reciting iconic dialogues from his film Oru Vadakkan Selfie, lightheartedly pulling reference to his co-star Aju Varghese. Concluding his speech, Nivin stressed that the new generation demands accountability and transparency, urging system authorities to adapt to their expectations.
Published: 29 Jul 2026, 07:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented