പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വേദിയിൽ എ. സുരേഷ് എത്തിയതിന് പിന്നാലെ ചർച്ചയായി അദ്ദേഹത്തിന്റെ നാലുവർഷം മുൻപത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ്. സതീശനെ അതിരൂക്ഷമായി വിമർശിക്കുന്ന സുരേഷിന്റെ കുറിപ്പാണ് ചർച്ചകളിൽ നിറയുന്നത്. 2022 ജൂലൈ 11-ാം തീയതിയിലേതാണ് കുറിപ്പ്.

To advertise here,

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന സുരേഷിനെ പിന്നീട് സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നു. ഇത്തവണ മലമ്പുഴ മണ്ഡലത്തിൽനിന്ന് യുഡിഎഫ് സ്വതന്ത്രനായി സുരേഷ് മത്സരിച്ചേക്കുമെന്നാണ് വിവരം. ഇതിനിടയിലാണ് പഴയ കുറിപ്പ് ചർച്ചയാകുന്നത് എന്നതാണ് ശ്രദ്ധേയം.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സതീശൻ നടത്തിയ പ്രസ്താവനയാണ് കുറിപ്പിന് ആധാരം. ‘ആർഎസ്എസ് പരിപാടിയും സഖാവ് വിഎസും’ എന്ന തലക്കെട്ടിലാണ് കുറിപ്പ്. വി.എസ്. ആണ് ആർഎസ്എസ് പരിപാടിയിൽ ആദ്യം പങ്കെടുത്തതെന്നും അതിനുശേഷമാണ് താൻ പങ്കെടുത്തത് എന്നുമുള്ള സതീശന്റെ പ്രസ്താവനയാണ് ഫെയ്‌സ്ബുക്കിൽ ഇത്തരമൊരു കുറിപ്പ് പങ്കുവെക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആമുഖമായി സുരേഷ് പറയുന്നു.

സ. വി.എസ്സിനെ കൂട്ടുപിടിച്ച് ശ്രീ. വി.ഡി. സതീശൻ ഗോൾവൾക്കറുടെ പടത്തിനു മുന്നിൽനിന്ന് വിളക്ക് കൊളുത്തിയതിനെ മറയ്ക്കാൻ നോക്കണ്ട.. സ വി.എസ്സിനെ ആർഎസ്എസ്സിനേക്കുറിച്ചും അതിന്റെ വർഗീയ സ്വഭാവത്തേക്കുറിച്ചും പഠിപ്പിക്കാൻ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരു കോൺഗ്രസുകാരനും ആയിട്ടില്ല എന്നും കുറിപ്പിൽ വിമർശിക്കുന്നു.

എ. സുരേഷിന്റെ 2022-ലെ എഫ്ബി കുറിപ്പിന്റെ പൂർണരൂപം

ആർ എസ് എസ് പരിപാടിയും സ വി എസ്സും..

============================

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന്റെ ഇന്നത്തെ പ്രസ്തവനയാണ് ഇതെഴുതാൻ പ്രേരണ..

അതായത് സ വി എസ്സാണ് ആർ എസ് എസ് പരിപാടിയിൽ ആദ്യം പങ്കെടുത്തത് എന്നും അതിന് ശേഷമാണ് അദ്ദേഹം പങ്കടുത്തത് എന്നും കമ്മ്യൂണിസ്റ്റ്കാരാണ് ആർ എസ് എസ്സിനെ കൂട്ടു പിടിച്ചിട്ടുള്ളത് എന്നൊക്കെ....

ഇത് കണ്ട് സത്യം അറിയാൻ ചിലയാളുകൾ വിളിക്കുകയുണ്ടായി..

അത് കൊണ്ടാണ് ഇത്തരം ഒരു കുറിപ്പ് എഴുതേണ്ടി വന്നത്..

സ വി എസ്സിനെ കൂട്ട് പിടിച്ചു കൊണ്ട് ശ്രീ വി ഡി സതീശൻ ഗോൾവൾക്കറുടെ പടത്തിനു മുന്നിൽ നിന്നും വിളക്ക് കൊളുത്തിയതിനെ മറയ്ക്കാൻ നോക്കണ്ട..

സ വി എസ്സിനെ ആർ എസ് എസ്സിനെ കുറിച്ചും അതിന്റെ വർഗീയ സ്വഭാവത്തെ കുറിച്ചും പഠിപ്പിക്കാൻ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരു കോൺഗ്രസുകാരനും ആയിട്ടില്ല...

ആർ എസ് എസ് വിരോധം പൊതുയോഗത്തിൽ പ്രസംഗിക്കുകയും തിരഞ്ഞെടുപ്പ് ആവുമ്പോൾ രാത്രി തലയിൽ മുണ്ടിട്ടു ആർ എസ് എസ് കാര്യാലയങ്ങളുടെ തിണ്ണ നിരങ്ങുന്ന കോൺഗ്രസ് പാരമ്പര്യമല്ല സ വി എസ് എന്ന കമ്മ്യൂണിസ്റ്റ്കാരന്റേത് എന്നെങ്കിലും മനസിലാക്കുക..

സ വി എസ് പങ്കെടുത്ത പരിപാടിയെ കുറിച്ചാണെങ്കിൽ വിശദമായി തന്നെ പറയാം

2013 മാർച്ച് 13.നാണ് പ്രസ്തുത പരിപാടി സ്ഥലം തിരുവനന്തപുരം എ കെ ജി സെന്ററിന് സമീപമുള്ള ഹസൻ മരക്കാർ ഹാൾ...

സംഘടിപ്പിച്ചത് ഭാരതീയ വിചാര കേന്ദ്രം...

സ്വാമി വിവേകാനന്ദനെ കുറിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ കുറിപ്പുകൾ സമാഹരിച്ചുകൊണ്ട് ശ്രീ പി പരമേശ്വരൻ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് വേദി...

സുഗത കുമാരി ടീച്ചർ കൂടി നേരിട്ട് അഭ്യർത്ഥിച്ചിട്ടാണ് വി എസ് ആ പരിപാടിയിൽ പങ്കെടുക്കുന്നത്..

വേദിയിൽ സുഗത കുമാരി ടീച്ചർ ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങൾ..

അതൊരു ആർ എസ് എസ് പരിപാടി ആയിരുന്നില്ല..

അന്ന് സ വി എസ് പ്രസംഗിച്ചത് സ്വാമി വിവേകാനന്ദനെ ഹൈജാക്ക് ചെയ്യാനുള്ള ആർ എസ് എസ് ശ്രമങ്ങളെ നിശ്ശിതമായി വിമർശിച്ചു കൊണ്ടും ആർ എസ് എസ്സിന്റെ വർഗീയ അജണ്ടയെ തുറന്നു കാണിച്ചു കൊണ്ടുള്ളതുമായ പ്രസംഗമായിരുന്നു...(പ്രസംഗം ചുവടെ )

കമ്മ്യൂണിസ്റ്റ്കാരെ ആഭ്യന്തര ശത്രുക്കൾ എന്നും രാജ്യ വിരുദ്ധരെന്നും പ്രഖ്യപിച്ച ഗോൾവാൾക്കറേയും അദേഹത്തിന്റെ ആശയങ്ങളെയും കൂട്ടു പിടിക്കാൻ സ വി എസ്സിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ്കാരന് കഴിയില്ല എന്ന പ്രാഥമിക വിവരമെങ്കിലും കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് വേണമായിരുന്നു....

വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രസംഗം.

തിരുവനന്തപുരം

13-03-2013

വിവേകാനന്ദനും പ്രബുദ്ധകേരളവും

സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന ഗ്രന്ഥം ഏറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയതായി അറിയിക്കുന്നു. വിവേകാനന്ദനെക്കുറിച്ച് പല കാലഘട്ടങ്ങളിലായി മലയാളത്തിൽ എഴുതപ്പെട്ട ലേഖനങ്ങളും കവിതകളും മലയാളികൾ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുമെല്ലാം സംഘടിപ്പിച്ച് ഈ പുസ്തകം ഒരുക്കിയ ശ്രീ. പി.പരമേശ്വരനെ ഞാൻ അഭിനന്ദിക്കുന്നു.

വിവേകാനന്ദനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങൾക്ക് ഇതിൽ സ്ഥാനം നൽകിയിട്ടുണ്ടെന്നത് സ്വാഗതാർഹമാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെയും ശ്രീ. പി.പരമേശ്വരന്റെയും വീക്ഷണത്തിലു ള്ള വിവേകാനന്ദനെ മാത്രമല്ല, മറിച്ചുള്ള വീക്ഷണത്തിലുള്ള വിവേകാനന്ദനെയും ഈ പുസ്തകത്തിൽ കാണാം.

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാർഷികവും അദ്ദേഹത്തിന്റെ കേരള സന്ദർശനത്തിന്റെ നൂറ്റിരുപത്തൊന്നാം വാർഷികവുമാണിത്. ജാതിവിവേചനത്തിന്റെയും അനാചാരങ്ങളുടെയും ഒരു ഭ്രാന്താലയമാണ് കേരളം എന്ന് സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 121 വർഷം മുമ്പ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വെറുതെ അഭിപ്രായം പറയുകയല്ല, നിശിതമായി ആക്ഷേപിക്കുകയും ഈ അവസ്ഥയിൽ നിന്ന് മലബാറുകാർ അഥവാ കേരളീയർ മാറാൻ തയ്യാറാകുന്നില്ലെങ്കിൽ ഇതര ഇന്ത്യക്കാർ അവരെ വെറുപ്പോടെയേ കാണാവൂ എന്നുവരെ അദ്ദേഹം പറയുകയുണ്ടായി.

മൈസൂരിൽ ഡോക്ടർ പൽപ്പുവിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ സ്വാമിയോട് പൽപ്പു കേരളത്തിന്റെ സാമൂഹ്യ ദുരവസ്ഥ ബോധ്യപ്പെടു ത്തുകയുണ്ടായി. പിന്നീട് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തിലെത്തിയ വിവേകാനന്ദന് ജാതി പറയാൻ തയ്യാറല്ലാത്തതിനാൽ അവിടെ പ്രവേശനം ലഭിച്ചില്ല. ജാതിരാക്ഷസന്റെ ക്രൂരത നേരിട്ട് മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഈ ദുരവസ്ഥയിൽ നിന്ന് രക്ഷനേടാൻ സംഘടിത ശ്രമം വേണമെന്നും അതിന് ഒരു ആധ്യാത്മിക ഉള്ളടക്കം വേണമെന്നും ഡോക്ടർ പല്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദനാണ്. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന് തുടക്കംകുറിക്കാൻ നേതൃത്വം നൽകുന്നതിന് ഡോക്ടർ പൽപ്പുവിന്റെ പ്രചോദനം അതാണ്. ബംഗാളിൽ വിദ്യാഭ്യാസം നടത്തിയ കുമാരനാശാനാകട്ടെ, വിവേകാനന്ദ തത്വങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം നൽകി ക്കൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തി നാലാണ്ടിനുശേഷമാണ് വിവേകാനന്ദൻ കേരളത്തിൽ വരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ഡോക്ടർ പൽപ്പുവും കുമാരനാശാനും ചേർന്ന് എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന് രൂപംനൽകിയതിൽ വിവേകാനന്ദന്റെ പ്രചോദനം വളരെ വലുതാണെന്നാണ് സൂചിപ്പിക്കുന്നത്. യോഗത്തിന്റെ മുഖപത്രത്തിന്റെ പേര് വിവേകോദയം എന്നായതും യാദൃഛികമല്ല. ഇവിടെ പ്രകാശനം ചെയ്ത പുസ്തക ത്തിൽ കവിതകളും ലേഖനവുമായി കുമാരനാശാന്റെ നാലോ അഞ്ചോ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ശ്രീ. പി.പരമേശ്വരനും ഭാരതീയവിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയിൽ അടക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്. ഇപ്പോൾ സംഘപരിവാർ, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നു. സംശയമില്ല, ഹിന്ദുമതത്തിന്റെ ഏകോപനത്തിനും നവീകരണത്തിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ജീവിത നിഷേധിയായ ആത്മീയവാദത്തിനും ഹിന്ദുമതത്തിലെ വർണാശ്രമചൂഷണത്തിനും അനീതിക്കുമെതിരെ ആഞ്ഞടിക്കാൻ തയ്യാറായി എന്നതാണ് സ്വാമി വിവേകാനന്ദന്റെ മഹത്വം.

ഈശ്വരനല്ല, മനുഷ്യനായിരുന്നു വിവേകാനന്ദന്റെ പ്രഥമ പരിഗണനാവിഷയം. പട്ടിണി കിടക്കുന്ന മനുഷ്യരുടെ നേർക്ക് മതം നീട്ടി കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിവേകാനന്ദൻ ചൂണ്ടിക്കാട്ടി. ആത്മാവിന്റെ ദാരിദ്ര്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന സന്യാസിമാരോട് അദ്ദേഹം ചോദിച്ചത് അവരുടെ യഥാർഥ വിശപ്പ് മാറ്റാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നാണ്.

പാവങ്ങൾക്ക് ഭക്ഷണം നൽകാനും അവരെ അഭ്യസ്തവിദ്യരാക്കാനും അങ്ങനെ നമ്മുടെ ചുറ്റുപാടുമുള്ള കഷ്ടപ്പാടുകളെ ദുരീകരിക്കാനുമുളള ശക്തി ഉണ്ടാക്കിത്തരുന്ന ഒരു മതമാണ് നമുക്ക് വേണ്ടത്. നിങ്ങൾക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കിൽ മനുഷ്യനെ സേവിക്കുക - അതായിരുന്നു വിവേകാനന്ദന്റെ തത്വം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് യൂറോപ്പിൽ പ്രചാരം സിദ്ധിച്ചുവന്ന നൂതനാശയങ്ങൾ സ്വാംശീകരിക്കാനും വിവേകാനന്ദന് കഴിഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തിൽ മനസ്സിലാക്കുകയും ചെയ്തു. ''ശൂദ്രന് പ്രാധാന്യം ലഭിക്കുന്ന ഒരുകാലം വരും. ശൂദ്രന്റെതായ ധർമ്മ കർമങ്ങളോടൊപ്പം എല്ലായിടത്തും ശൂദ്രന്മാർ സമൂദായത്തിൽ മേധാവിത്വം നേടും. അതിന്റെ പ്രാരംഭങ്ങളാണ് പാശ്ചാത്യലോകത്തിൽ മെല്ലെ മെല്ലെ ഉദിച്ചുയർന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലാഫലങ്ങളെക്കുറിച്ച് എല്ലാവരും വ്യാകുലരാണ്. ഈ വിപ്ലവത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് സോഷ്യലിസം''- എന്ന് വിവേകാന്ദൻ ചൂണ്ടിക്കാട്ടിയത് സോഷ്യലിസത്തെക്കുറിച്ച് ഇന്ത്യയിൽ മറ്റാരും സംസാരിക്കുന്നതിനു മുമ്പാണ്. വിവിധ ജാതി-മത വിശ്വാസികളായ പാവങ്ങളെ, പ്രോലിറ്റേറിയറ്റി നെയാണ് ശൂദ്രന്മാർ എന്ന് അദ്ദേഹം വിവക്ഷിച്ചത്.

തൊഴിലാളികൾ പ്രവൃത്തി നിർത്തുകയാണെങ്കിൽ നിങ്ങൾക്ക് ഭക്ഷണം, തുണി മുതലായതു കിട്ടുന്നത് നിൽക്കും. എന്നിട്ടും നിങ്ങൾ അവരെ താണവരായി കണക്കാക്കുകയും നിങ്ങളുടെ സംസ്‌ക്കാരം ഉന്നതമെന്നവകാശപ്പെട്ട് അഹങ്കരിക്കുകയും ചെയ്യുന്നു എന്ന് സവർണരും ധനികരുമായ ചൂഷകരെ കുറ്റപ്പെടുത്തുകയും ചൂഷണത്തിനിരയാകുന്ന താണവർഗക്കാർ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ട് അവകാശങ്ങൾ പിടിച്ചുവാങ്ങാൻ ഐക്യമുന്നണി രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്നും, ഉയർന്ന വർഗക്കാർക്ക് ഇനിമേലിൽ എത്ര തന്നെ ശ്രമിച്ചാലും താഴ്ന്ന വർഗക്കാരെ അമർത്തിവെക്കാൻ സാധിക്കുകയില്ലെന്നും വിവേകാനന്ദൻ മുന്നറിയിപ്പ് നൽകുകയുണ്ടായി.

ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെടുക പോലും ചെയ്യുന്നതിന് മുൻപാണ് സ്വാമി വിവേകാനന്ദൻ തൊഴിലാളിവർഗത്തിന്റെ അജയ്യതയെ ക്കുറിച്ച് പ്രഖ്യാപനം ചെയ്തത്. മതപരമായ സങ്കുചിത അറയിൽ തളച്ചിടാവുന്ന വ്യക്തിത്വമല്ല വിവേകാനന്ദന്റേത്. മനുഷ്യസ്നേഹത്തിന്റെയും മാനവ ഐക്യത്തി ന്റെയും സ്ഥിതി സമത്വത്തിന്റെയും അജയ്യമായ മനുഷ്യമുന്നേറ്റത്തിന്റെയും പ്രതീകങ്ങ ളിലൊന്നാ ണ് വിവേകാനന്ദൻ. വിവേകാനന്ദനെ സാംസ്‌കാരിക ദേശീയതയു ടെയും ഇപ്പോഴത്തെ അർഥ ത്തിലുളള ഹിന്ദുത്വത്തിന്റെയും പ്രതീകമായി ഉയർത്തി ക്കാ ട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുന്നതിന് ഈ പുസ്തകത്തിന്റെ ശരിയായ പഠനം സഹായകമാകുമെന്ന് കരുതുന്നു.....

ഇതാണ് സ വി എസ് അവിടെ നടത്തിയ പ്രസംഗം...