കാസർകോട്: രക്തസാക്ഷികളുടെ പേരിൽ പിരിക്കുന്ന പണം സി.പി.എം. കൊലയാളികളെ സംരക്ഷിക്കാനും അവർക്ക് പോക്കറ്റ് മണി നൽകാനും ഉപയോഗിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ് കുറ്റപ്പെടുത്തി. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പരോളിൽ ഇറങ്ങുന്ന ക്രിമിനലുകൾ അത് ആഘോഷമാക്കുകയാണ്. രക്തസാക്ഷിത്വത്തെ പണം സമാഹരിക്കാൻ ഉപയോഗിക്കുകയാണ് സിപിഎം. പ്രതികൾക്ക് മാനദണ്ഡങ്ങൾ മറികടന്നാണ് പരോൾ അനുവദിക്കുന്നത്. ഇത് അധികാര ദുർവിനിയോഗവും ധിക്കാരവുമാണ്. സർക്കാരും സി.പി.എമ്മും ക്രിമിനലുകൾക്കും കൊലപാതകികൾക്കും വേണ്ടി നിലകൊള്ളുന്നുവെന്നതിന്റെ തെളിവാണിത്.

മണിശങ്കർ അയ്യർ ബി.ജെ.പി.ക്കും സി.പി.എമ്മിനുംവേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് രംഗപ്രവേശം ചെയ്യുന്ന ഡബിൾ ഏജന്റാണ്. നിർണായകസമയത്ത് പാർട്ടിയെ പിന്നിൽനിന്ന് കുത്തുന്ന കട്ടപ്പയായി അദ്ദേഹം മാറി. നിർണായകമായ തിരഞ്ഞെടുപ്പാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. ആ സമയത്ത് കോൺഗ്രസ് പ്രവർത്തകരുടെ വൈകാരികത മനസ്സിലാക്കാതെയാണ് അദ്ദേഹത്തിന്റെ പ്രസംഗം. മണിശങ്കർ അയ്യരെപ്പോലുള്ളവരല്ല കോൺഗ്രസ് പ്രവർത്തകരുടെ മാതൃക. അത് പാർട്ടിക്കായി ജീവൻ നൽകിയ രക്തസാക്ഷികളാണ്. കോൺഗ്രസ് അധികാരത്തിലുണ്ടായപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച ശേഷമാണ് ഇപ്പോൾ ഇങ്ങനെ പ്രസംഗിക്കുന്നതെന്നും ജനീഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ എന്നിവരും ഒപ്പമുണ്ടായിരുന്നു.