
ജി. സുകുമാരൻ നായർ | ഫോട്ടോ - ജി. ശിവപ്രസാദ് / മാതൃഭൂമി
ചങ്ങനാശ്ശേരി: എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം വേണ്ടെന്ന തീരുമാനം ഡയറക്ടർ ബോർഡ് ഏകകണ്ഠമായി അംഗീകരിച്ചതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലായിരുന്നു സുകുമാരൻ നായരുടെ വെളിപ്പെടുത്തൽ.
തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്കായി വരാമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി നേതാവായ അദ്ദേഹം എങ്ങനെ ഇത്തരം ചർച്ചകളിൽ ഇടപെടും എന്ന് ചോദിച്ച് താൻ അത് വിലക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശന് ബഹുമതി പ്രഖ്യാപിച്ചതും ചർച്ചയ്ക്കായി ബിജെപി നേതാവായ മകനെ അയച്ചതും ഈ ഐക്യത്തിന് പിന്നിൽ ചില രാഷ്ട്രീയ ഇടപാടുകൾ ഉണ്ടെന്ന സംശയമുണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ഈ നീക്കത്തിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവർ തമ്മിൽ പൊരുത്തപ്പെടാൻ കഴിയില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നോ മറ്റ് സമുദായങ്ങൾക്ക് എതിരാണെന്നോ വരുത്തിത്തീർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്മാറ്റത്തിന് പിന്നിൽ മറ്റ് ഇടപെടലുകൾ ഉണ്ടെന്ന വെള്ളാപ്പള്ളിയുടെ ആരോപണം തെറ്റാണെന്നും ഇതിൽ മറ്റൊരു രാഷ്ട്രീയപ്പാർട്ടിയുടെയും ഇടപെടലില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസിലുള്ളവർ തന്നെ വെറുക്കില്ലെന്നും താൻ ആഗ്രഹിച്ചിരുന്നെങ്കിൽ പത്മഭൂഷൺ ഉൾപ്പെടെയുള്ള ബഹുമതികളും സ്ഥാനമാനങ്ങളും പണ്ടേ എളുപ്പത്തിൽ നേടിയെടുക്കാൻ തനിക്ക് സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ പ്രായക്കൂടുതൽ കൊണ്ട് പല വൃത്തികേടുകളും പറയുന്നുണ്ട്. എന്നാൽ നായർ സഹോദരങ്ങൾ തന്നെ വെറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസിനെ കുറിച്ച് ഒന്നുമറിയാത്ത ആളുകളാണ് വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്നത്. നായന്മാർക്ക് എൻഎസ്എസ് നേതൃത്വത്തിൽ 100 ശതമാനം വിശ്വാസമുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. 63 വർഷമായി താൻ ഈ സ്ഥാനത്തിരിക്കുന്നുണ്ട്. ആരുടെയും തിണ്ണയിൽ പോയി യാചിക്കാനില്ലെന്ന നിലപാടാണ് എൻഎസ്എസിൻ്റേത്. ഏത് രാഷ്ട്രീയക്കാരൻ വിരട്ടാൻ വന്നാലും അത് നടക്കില്ലെന്നും എൻഎസ്എസിനെ എല്ലാ കലപ്പയിലും കെട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പുറകെ പോകുന്ന പ്രശ്നമില്ലെന്നും എന്നാൽ ആര് കാണാൻ ആഗ്രഹിച്ചാലും എൻഎസ്എസ് ആസ്ഥാനത്ത് വെച്ച് കാണാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രവചിക്കാനില്ലെങ്കിലും സമുദായത്തിന് നിയമപരമായി അർഹതപ്പെട്ടത് നേടിയെടുക്കും. കിട്ടിയില്ലെങ്കിൽ അതിനായി കോടതിയെ സമീപിക്കും. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയെയും അഭയം പ്രാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 140 എംഎൽഎമാരും നായന്മാരായി ജയിച്ചു വന്നാലും എൻഎസ്എസിന് ഒരു ഗുണവുമില്ലെന്നും തങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇവിടെ പെരുന്നയിൽ വി.ഡി. സതീശന്റെ ഫ്ലക്സ് ഉണ്ടായിരുന്നു. ആലപ്പുഴ ജംഗ്ഷൻ മുതൽ കവിയൂർ ജംഗ്ഷൻ വരെയുള്ള കോളേജ് റോഡിന്റെ ഇരുവശവും എൻഎസ്എസ്. സ്ഥലങ്ങളാണ്. അവിടെ ഒരു ബോർഡ് പോലും വെക്കാൻ അനുവദിക്കില്ല. മതേതര നിലപാടൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഫ്ലക്സ്. വർഗീയതയ്ക്ക് വേണ്ടി എന്ത് കാണിച്ചാലും ഒരു കുഴപ്പവുമില്ല, അവർ ജയിക്കുകയോ ജയിക്കാതിരിക്കുകയോ ചെയ്യട്ടെ, അതിൽ വിരോധമില്ല.’- സുകുമാരൻ നായർ പറഞ്ഞു.
നിലവിലെ സർക്കാർ രാഷ്ട്രീയ പ്രവർത്തകരെയാണ് നോക്കുന്നതെന്നും സാമുദായികമായി ആരെയും പ്രത്യേകമായി പരിഗണിക്കുന്നതായി അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണ്ണക്കൊള്ള വിഷയം ഇടതുസർക്കാരിനെ ബാധിക്കില്ലെന്നും മോഷണം പോയ സാധനം കണ്ടെത്തേണ്ടത് സർക്കാർ സംവിധാനങ്ങളാണെന്നും അത് കോടതിക്ക് വിട്ടുകൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: NSS General Secretary G. Sukumaran Nair reveals NSS board`s unanimous decision to reject unity with SNDP, citing political motives and alleged compromises.
Published: 28 Jan 2026, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented