കോഴിക്കോട്: ചരിത്രത്തിൽ ആദ്യമായി കോഴിക്കോട്ട് യു.ഡി.എഫ്. 13-ൽ 12 സീറ്റും നേടിയിട്ടും ജില്ലയിൽനിന്ന് ഒരുമന്ത്രിപോലുമില്ല. സമീപകാലത്ത് ആദ്യമായാണ് ഒരു സർക്കാരിൽ ജില്ലയിൽനിന്ന് മന്ത്രിയില്ലാതെ പോവുന്നത്.

To advertise here,

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൽ കോഴിക്കോട്ടുനിന്ന് മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. എൽ.ഡി.എഫിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന ജില്ലയിൽ ചരിത്രവിജയത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുന്ന നടപടിയാണ് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സംസ്ഥാനനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ജില്ലയിലെ യു.ഡി.എഫിന്റെ പൊതുവികാരം.

മലപ്പുറം കഴിഞ്ഞാൽ മുസ്ലിംലീഗിന് ഏറ്റവും കൂടുതൽ സീറ്റുലഭിച്ചത് കോഴിക്കോട്ടാണ്. പക്ഷേ, മലപ്പുറത്തുകാർതന്നെ മന്ത്രിസ്ഥാനം പങ്കിട്ടെടുക്കുകയായിരുന്നെന്നാണ് ലീഗിലെ പ്രാദേശികനേതാക്കൾ പറയുന്നത്. കുറ്റ്യാടിയിൽനിന്ന് വിജയിച്ച പാറക്കൽ അബ്ദുള്ളയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പക്ഷേ, സമ്മർദത്തിനുവഴങ്ങി, പാറക്കലിനെ തള്ളി ഏറനാട്ടുനിന്ന് വിജയിച്ച പി.കെ. ബഷീറിന് മന്ത്രിസ്ഥാനം നൽകി. കളമശ്ശേരിയിൽനിന്ന് വിജയിച്ച വി.ഇ. അബ്ദുൾ ഗഫൂറിന് മന്ത്രിസ്ഥാനം നൽകിയതും ചില താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്നാണ് ലീഗിനുള്ളിൽനിന്ന് ഉയരുന്ന ആക്ഷേപം.

പാറക്കൽ അബ്ദുള്ളയെ രണ്ടരവർഷത്തിനുശേഷം പരിഗണിക്കാമെന്ന് പറഞ്ഞതുപോലും പ്രതിഷേധമുയർന്നതോടെയാണ്. മഞ്ചേശ്വരത്തുനിന്നുള്ള വി.കെ.എം. അഷറഫിനെയാണ് രണ്ടാം ടേമിലേക്ക് പരിഗണിച്ചിരുന്നത് എന്നാണ് വിവരം. പരസ്യപ്രതിഷേധങ്ങൾ തണുപ്പിക്കാനാണ് പാറക്കൽ അബ്ദുള്ളയെ രണ്ടാംടേമിൽ പരിഗണിക്കുമെന്ന് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പ്രതിഷേധമുണ്ടായതോടെ ലീഗ് നേതാക്കൾ രണ്ടാമത് കൂടിയാലോചന നടത്തുകയായിരുന്നു. കോഴിക്കോട്ടെ പ്രവർത്തകരുടെ വികാരം മാനിച്ചിരുന്നെങ്കിൽ ആദ്യടേമിൽത്തന്നെ പാറക്കലിനെ പരിഗണിക്കാമായിരുന്നെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. മലപ്പുറത്ത് 16 സീറ്റിലാണ് യു.ഡി.എഫ്. വിജയിച്ചത്. അവിടെനിന്ന് കോൺഗ്രസിന്റെ എ.പി. അനിൽകുമാറടക്കം നാലുമന്ത്രിമാരുണ്ട്. മലപ്പുറത്ത് നാല് എം.എൽ.എ.മാർക്ക് ഒരു മന്ത്രി എന്ന രീതിയിൽ നൽകി. എന്നിട്ടും കോഴിക്കോട്ടുനിന്ന് 12 പേർ ജയിച്ചെന്ന കണക്കുപോലും നോക്കിയില്ലെന്ന് യു.ഡി.എഫ്. ജില്ലാനേതാക്കൾ പറയുന്നു. കോൺഗ്രസിൽ കോഴിക്കോട് നോർത്തിൽനിന്ന് വിജയിച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്തിനെ ആദ്യം പരിഗണിച്ചിരുന്നു. പക്ഷേ, കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തിനുശേഷമുണ്ടായ ഗ്രൂപ്പുതർക്കങ്ങൾ പരിഹരിക്കാൻ കോഴിക്കോടിനെ ഒഴിവാക്കി.

20 വർഷത്തിനുശേഷമാണ് കോൺഗ്രസ് കോഴിക്കോട്ടുനിന്ന് നിയമസഭയിൽ അക്കൗണ്ട് തുറക്കുന്നത്. മത്സരിച്ച അഞ്ചുസീറ്റിലും കോൺഗ്രസ് ജയിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ചരിത്രവിജയം നേടി. കാസർകോടുമുതൽ പാലക്കാടുവരെയുള്ള ജില്ലകളിൽ 46 സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. ഈ വിജയത്തിൽ മലപ്പുറത്തിനുശേഷം ഏറ്റവും കൂടുതൽ സീറ്റ് കോഴിക്കോട്ടുനിന്നാണ്. കോഴിക്കോട്ടുകാരായ കെ. മുരളീധരനും ടി. സിദ്ദിഖും വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് താമസംമാറിയ കെ.എം. ഷാജിയും മന്ത്രിമാരായുണ്ട് എന്നതുമാത്രമാണ് യു.ഡി.എഫ്. പ്രവർത്തകർക്ക് ഏക ആശ്വാസം.

പാറക്കൽ ഇല്ലാതെ ലീഗ് പട്ടിക, അണികളുടെ പ്രതിഷേധം

വടകര: പാറക്കൽ അബ്ദുള്ളയുടെ മന്ത്രിസ്ഥാനം അവസാനനിമിഷം ഒഴിവായതോടെ അണികളുടെ പ്രതിഷേധം അണപൊട്ടി. പുറമേരിയിൽ ഉൾപ്പെടെ യൂത്ത് ലീഗ് പ്രവർത്തകർ തെരുവിലിറങ്ങി. കുറ്റ്യാടി മണ്ഡലത്തിലെ വിവിധ യൂത്ത്ലീഗ് കമ്മിറ്റികൾ രാജിവെക്കാനൊരുങ്ങി. സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം കത്തിപ്പടർന്നു. രണ്ടരവർഷത്തിനുശേഷം പാറക്കൽ അബ്ദുള്ളയ്ക്ക് മന്ത്രിപദവി കിട്ടുമെന്ന് വൈകീട്ട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം ശമിച്ചില്ല. കോഴിക്കോടിന് ടേം വ്യവസ്ഥയില്ലാതെത്തന്നെ മന്ത്രിപദവിക്ക് അർഹതയുണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം മുസ്ലിംലീഗ് പ്രവർത്തകരും.

ശനിയാഴ്ച രാത്രിവരെ കാര്യങ്ങളെല്ലാം പാറയ്ക്കൽ അബ്ദുള്ളയ്ക്ക് അനുകൂലമായിരുന്നു. 12 എം.എൽ.എ.മാരെ സംഭാവന ചെയ്ത കോഴിക്കോടിന് ഒരു മന്ത്രി എന്തായാലും വേണമെന്ന ധാരണയിലായിരുന്നു നേതൃത്വം. അത് പാറയ്ക്കലാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇതോടെ ഞായറാഴ്ച കുറ്റ്യാടി, നാദാപുരം, വടകര മണ്ഡലങ്ങളിൽനിന്നെല്ലാം ഒട്ടേറെപ്പേർ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടു.

ഉച്ചയോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മലപ്പുറത്തുനിന്ന് മൂന്ന് മന്ത്രിമാരെ നിലനിർത്താനും തെക്കൻജില്ലയ്ക്ക് പ്രാതിനിധ്യം നൽകാനുമായി കോഴിക്കോട് ബലികഴിക്കപ്പെട്ടു.

മുസ്ലിംലീഗിന് ഓരോ എം.എൽ.എ.മാർ വീതമുള്ള ഏറണാകുളത്തിനും പാലക്കാടിനും മന്ത്രിയെ കിട്ടി.

ആറ് എം.എൽ.എ.മാരുള്ള കോഴിക്കോടിന് ഒറ്റമന്ത്രിയുമില്ല. ഇതാണ് പ്രതിഷേധം ശക്തിപ്പെടാൻ ഇടയാക്കിയത്. രണ്ടരവർഷത്തിനുശേഷം മന്ത്രിപദവിയെന്ന പ്രഖ്യാപനം പ്രതിഷേധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ സഹായിച്ചു.

ഒരുതവണ എം.എൽ.എ.യാവുകയും പാർട്ടിയുടെ ജില്ലാ സെക്രട്ടറി, ഖജാൻജി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത പാറക്കലിന്റെ നേതൃശേഷിയിൽ കുറ്റ്യാടിയിലെയും വടകരയിലെയും പാർട്ടി പ്രവർത്തകർക്ക് സംശയമില്ല. മണ്ഡലം കുറ്റ്യാടിയാണെങ്കിലും പാറക്കലിന്റെ സ്വദേശം വടകരയാണ്. മുൻപ് വടകര മണ്ഡലം മുസ്ലിം ലീഗിന്റെ പ്രസിഡന്റായിരുന്നു. രണ്ട് മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ മുഖമായി മാറാൻ ഇദ്ദേഹത്തിന് കുറഞ്ഞകാലംകൊണ്ട് സാധിച്ചിട്ടുണ്ട്.

എം.എസ്.എഫ്, യൂത്ത് ലീഗ് എന്നിവയിലൂടെയാണ് പാറയ്ക്കൽ വളർന്നുവന്നത്. 1985 മുതൽ ഒന്നരപ്പതിറ്റാണ്ട് ഖത്തറിലായിരുന്നെങ്കിലും അവിടെ കെ.എം.സി.സിയിലൂടെ പൊതുപ്രവർത്തനം നടത്തി. 2007 മുതൽ നാട്ടിൽ രാഷ്ട്രീയത്തിൽ സജീവമാണ്.

ജീവകാരുണ്യമേഖലയിലും തിളങ്ങുന്ന വ്യക്തിത്വമാണ് ഇദ്ദേഹം. ഇതെല്ലാം മന്ത്രിപദവിയിൽ കരുത്തേകുമെന്ന് അണികൾ വിശ്വസിക്കുന്നു.