നിലമ്പൂര്‍: ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന നിലമ്പൂരില്‍നിന്ന് ഷൊര്‍ണൂരിലേക്കുള്ള മെമു സര്‍വീസ് യാഥാര്‍ഥ്യമാകുന്നു.കേന്ദ്ര റെയില്‍േവ മന്ത്രി അശ്വനി വൈഷ്ണവ് സര്‍വീസ് തുടങ്ങുന്നതിനുള്ള അനുമതി നല്‍കി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മന്ത്രി എഴുതിയ കത്തില്‍ പുതിയ തീവണ്ടിക്ക് അനുമതിനല്‍കിയതായി പറയുന്നുണ്ട്. പുതിയ വണ്ടി (66326) ഷൊര്‍ണൂരില്‍നിന്ന് രാത്രി 8.35-ന് പുറപ്പെട്ട് രാത്രി 10.05-ന് നിലമ്പൂരിലെത്തും. പുലര്‍ച്ചെ 3.40-ന് നിലമ്പൂരില്‍നിന്ന് പുറപ്പെട്ട് (66325) 04.55ന് ഷൊര്‍ണൂരിലെത്തും. നിലമ്പൂരില്‍നിന്ന് ഷൊര്‍ണൂരിലേക്കു േപാകുമ്പോള്‍ മേലാറ്റൂര്‍, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂര്‍, വല്ലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവില്ല. എന്നാല്‍, ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്കു വരുമ്പോള്‍ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തിയാകും വരുക.

To advertise here,

നിലവില്‍ എറണാകുളത്തുനിന്ന് ഷൊര്‍ണൂര്‍വരെ വരുന്ന മെമു രാത്രിയില്‍ ഷൊര്‍ണൂരില്‍ ഹാള്‍ട്ടാണ്. ഈ വണ്ടി നിലമ്പൂരിലേക്ക് നീട്ടണമെന്നായിരുന്നു ആവശ്യം. അതേസമയം പുതിയ വണ്ടിയുടെ ഓപ്പറേറ്റിങ് സമയം നിശ്ചയിച്ചിട്ടില്ല. വൈകീട്ട് 5.40-ന് എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കു പുറപ്പെടുന്ന വണ്ടി 8.45-നാണ് ഷൊര്‍ണൂരിലെത്തുക. ഈ വണ്ടി ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്ക് നേരിട്ട് നീട്ടുകയാണോ അതോ മറ്റൊരു പുതിയ വണ്ടി ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുകയാണോ ചെയ്യുക എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വന്നിട്ടില്ല. എറണാകുളത്തുനിന്ന് ഷൊര്‍ണൂരില്‍ വന്ന് ഹാള്‍ട്ട്‌ചെയ്യുന്ന വണ്ടി അടുത്തദിവസം രാവിലെ 4.30-ന് ഷൊര്‍ണൂരില്‍നിന്ന് കണ്ണൂരിലേക്കാണ് ഓടുക. അതിനാല്‍ ആ വണ്ടി നിലമ്പൂരിലേക്കു വന്നാല്‍ രാവിലെയുള്ള കണ്ണൂര്‍ ട്രിപ്പ് മുടങ്ങാനാണ് സാധ്യത.

അതിനാല്‍, ഷൊര്‍ണൂരില്‍നിന്ന് പുതിയ വണ്ടി പുറപ്പെടാനുള്ള സാധ്യതയും തള്ളാനാകില്ല. എറണാകുളത്തുനിന്നുള്ള മെമു 8.45-ന് ഷൊര്‍ണൂരിലെത്തിയതിനുശേഷം 9.20-ഓടെ ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്കു പുറപ്പെടുകയാണെങ്കില്‍ ജനശതാബ്ദി, വന്ദേഭാരത്, എക്സിക്യുട്ടീവ് എന്നീ വണ്ടികളില്‍നിന്നുള്ള യാത്രക്കാര്‍ക്കുകൂടി നിലമ്പൂര്‍ മെമുവില്‍ വരാന്‍ കഴിയും. ഇത്തരത്തില്‍വേണം സമയം ക്രമീകരിക്കാനെന്ന് നേരത്തേമുതല്‍തന്നെ നിലമ്പൂര്‍-മൈസൂരു റെയില്‍വേ കര്‍മസമിതി ഭാരവാഹികള്‍ റെയില്‍േവ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.

നിലവില്‍ ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന കണ്ണൂര്‍ എക്സിക്യുട്ടീവ് എട്ടുമണി കഴിയുന്നതോടെ ഷൊര്‍ണൂരിലെത്തിയാല്‍ അതിലുള്ള യാത്രക്കാരേയും കൊണ്ടാണ് ഷൊര്‍ണൂരില്‍നിന്നുള്ള നിലമ്പൂര്‍ വണ്ടി പുറപ്പെടുന്നത്. പിന്നീട് നിലമ്പൂര്‍ ഭാഗത്തേക്ക് രാത്രിയില്‍ വണ്ടികളൊന്നുമില്ല.