കൊച്ചി: ഗാർഹിക ഉപഭോക്താക്കൾക്ക് പുതിയ പാചകവാതക കണക്‌ഷൻ നൽകുന്നില്ലെന്ന പരാതിക്കിടെ പ്ലാസ്റ്റിക് സിലിൻഡറുമായി എണ്ണക്കമ്പനികൾ രംഗത്ത്. വില കൂടുതലുള്ള 10 കിലോ സിലിൻഡറുകൾ നൽകാനുള്ള നടപടികളായി.

To advertise here,

കണക്‌ഷൻ നൽകുമ്പോൾത്തന്നെ സിലിൻഡറിന്റെ വിലയായി 3300 രൂപ ഇൗടാക്കും. ഇത് തിരികെ ലഭിക്കില്ല. നിലവിൽ ഉപയോഗിക്കുന്ന ലോഹ സിലിൻഡർ കണക്‌ഷന് ഈടാക്കിയിരുന്നത് 2200 രൂപ മാത്രമാണ്. കണക്‌ഷൻ വേണ്ടെങ്കിൽ പണം തിരിച്ചുകിട്ടിയിരുന്നു.

’ഫ്രീ ട്രേഡ് എൽ.പി.ജി.’ എന്ന പേരിലാണ് 10 കിലോഗ്രാമിന്റെ പ്ലാസ്റ്റിക് സിലിൻഡർ വിപണിയിലിറക്കുന്നത്. ഭാരംകുറവായതിനാൽ എളുപ്പം എടുത്തുപൊക്കാം, കാണാനും ആകർഷകമാണ്. നിലവിലുള്ള 14 കിലോഗ്രാം സാധാരണ സിലിൻഡറിന് 949 രൂപയാണ് വില. അതേസമയം, 10 കിലോഗ്രാമിന്റെ പുതിയ സിലിൻഡറിന് ഏതാണ്ട് 1448 രൂപ വരും.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക ക്ഷാമമുണ്ടായപ്പോഴാണ് ഗാർഹിക കണക്‌ഷൻ നൽകുന്നത് നിർത്തിവെച്ചത്. കണക്‌ഷൻ നൽകുന്നത് എന്ന് പുനരാരംഭിക്കുമെന്ന് വിതരണക്കമ്പനികൾ വ്യക്തമായ മറുപടി നൽകുന്നില്ല. രണ്ടാംസിലിൻഡറിനുള്ള അപേക്ഷകളും പരിഗണിക്കുന്നില്ല.

പുതിയ കണക്‌ഷൻ ലഭിക്കാതെ വലയുന്നവർ സബ്‌സിഡിയില്ലാതെ പ്ലാസ്റ്റിക്ക് സിലിൻഡറിലേക്ക് വേഗത്തിൽ വീഴുമെന്നാണ് എണ്ണക്കമ്പനികളുടെ കണക്കുകൂട്ടൽ. പാചകവാതക സബ്‌സിഡി ബാധ്യതയിൽനിന്ന് തലയൂരാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണിതെന്നും ആരോപണമുണ്ട്.