നിലമ്പൂര്‍: നിലമ്പൂരില്‍ പന്നിക്കുവെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഷോക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാനുവിന്റെ അമ്മ രജനി. പ്രദേശത്ത് മുമ്പും വൈദ്യുതി കമ്പികള്‍ ഇട്ടിരിക്കുന്നത് കണ്ടിരുന്നുവെന്നും അത് കെഎസ്ഇബി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് അവര്‍ പറയുന്നു. കെഎസ്ഇബി കൃത്യമായ നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ ഈ സംഭവമുണ്ടാകുമായിരുന്നില്ലെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.  

To advertise here,

'ഇതിന് മുമ്പും പന്നിക്കെണികള്‍ ഇവിടെയുണ്ടായിരുന്നു. ഒറ്റപ്പെട്ട വീട്ടില്‍ ഇത്തരത്തില്‍ കമ്പി ഇട്ടതായി കണ്ടിട്ടുണ്ട്. ഈ വിവരം കെഎസ്ഇബിക്കാരോട് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അവര്‍ നടപടിയെടുത്തോ എന്ന് അറിയില്ല. രണ്ടാഴ്ച മുമ്പ് ഇത്തരത്തിലുള്ള കമ്പി കണ്ട സമയത്ത് പ്രദേശത്തുള്ള ഒരാള്‍ പറഞ്ഞിരുന്നു. ആള്‍ക്കാര്‍ നടന്നുവരുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന്. കെഎസ്ഇബി നടപടിയെടുത്തിരുന്നെങ്കില്‍ കുഴപ്പമൊന്നും സംഭവിക്കുമായിരുന്നില്ല. '- രജനി പറഞ്ഞു. 

'അടുത്തുള്ള വീട്ടില്‍ നിന്ന് വലിയ കരച്ചില്‍ കേട്ടതിന് പിന്നാലെ അടുത്തുള്ളവര്‍ സ്ഥലത്തേക്ക് ഓടിപ്പോകുകയായിരുന്നു. പിന്നാലെ ഫ്യൂസ് ഊരിയതിന് ശേഷമാണ് ഇവരെ വെള്ളത്തില്‍ നിന്ന് എടുത്ത് കൊണ്ടുപോയത്. അവിടെ ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലമല്ല. 2018-ല്‍ ഉരുള്‍പ്പൊട്ടലുണ്ടായതിന് പിന്നാലെ കൂടുതല്‍ ആള്‍ക്കാരും മാറി താമസിച്ചിരുന്നു.'

'തോട്ടിന്റെ കരയിലൂടെയാണ് കമ്പി ഇട്ടിരുന്നത്. അത് അറിയാതെ ഇവര്‍ ചവിട്ടിപ്പോയതാണ്. ഒരാള്‍ വീണതോടെ മറ്റുരണ്ടുപേര്‍ പിടിക്കാന്‍ വേണ്ടി വന്നതാണ്. അതോടെ മൂന്നുപേരും തോട്ടിന്റെ വെള്ളത്തില്‍ വീഴുകയായിരുന്നു. ഷാനു ചികിത്സയിലാണെന്നും അനന്തു മരിച്ച വിവരം ഇതുവരെ അറിയിച്ചിട്ടില്ലെന്നും' രജനി പറഞ്ഞു.

പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തുവാണ് അപകടത്തിൽ മരിച്ചത്. ഷോക്കേറ്റ യദു, ഷാനു എന്നിവര്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശവാസികളായ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. വിനീഷും കുഞ്ഞുമുഹമ്മദും നാട്ടിലെ സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാരും പറയുന്നു. കെണിവെച്ച് മൃഗങ്ങളെ പിടിച്ച് വില്‍പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറയുന്നു.