എടക്കര : ഷോക്കേറ്റ് തോട്ടിലേക്കു വീണ അനന്തുവിനെ ആവുന്നത്ര ശ്രമിച്ചിട്ടും രക്ഷിക്കാൻ കഴിയാത്തതിന്റെ വേദനയിലാണ് കാവനൂരിൽനിന്ന് വിരുന്നു വന്ന ബിബീഷ്. ആമാടൻ കുടുംബത്തിന്റെ ബന്ധുവായ ബിബീഷ് കഴിഞ്ഞദിവസമാണ് ഇവിടെ വിരുന്നെത്തിയത്. അനന്തുവിന്റെ ചെറിയച്ഛന്റെ വീട്ടിലിരുന്ന് കരച്ചിൽ അടക്കാനാവാതെ ബിബീഷ് എന്താണ് അവിടെ സംഭവിച്ചതെന്നു പറയുന്നു...
ശനിയാഴ്ച വൈകീട്ട് നാലു മണിയോടെ സമീപമുള്ള വനത്തിലെ മൈതാനത്ത് പന്ത് കളിക്കാൻ പോയി തിരിച്ചെത്തിയ ശേഷമാണ് ചെറിയ വലയുമായി വീടിനു സമീപമുളള ചട്ടിപ്പാറ തോട്ടിലേക്ക് മീൻ പിടിക്കാൻ പോയത്. തോട്ടിൽ കാലിനു മുകളിൽ വെള്ളമേ ഉള്ളൂ. താഴെഭാഗത്തുനിന്നാണ് മീൻ പിടിക്കാൻ തുടങ്ങിയത്. അപ്പോഴേക്കും ഇരുട്ടിത്തുടങ്ങിയിരുന്നു. പുഴയുടെ തീരത്ത് സ്ഥാപിച്ച പന്നിക്കെണി എല്ലാവരും കണ്ടെങ്കിലും കറന്റ് ഉണ്ടാകുമെന്ന് കരുതിയില്ല. കെണി ആദ്യം ശരീരത്ത് സ്പർശിച്ച അനന്തു തോട്ടിലേക്ക് കമിഴ്ന്നു വീണു. അനന്തുവിനെ രക്ഷിക്കാനുളള ശ്രമത്തിലാണ് യദുവിനും ഷാനുവിനും ഷോക്കേറ്റത്. ഇവരെ തോർത്ത് ഉപയോഗിച്ച് കെട്ടിവലിച്ച് തോടിന്റെ കരയിലേക്ക് എത്തിച്ചു. മരിച്ച അനന്തുവിനെ രക്ഷിക്കാൻ ശ്രമിച്ചവർക്ക് ഷോക്കേറ്റതോടെ മറ്റ് രണ്ടുപേർ സമീപവീടുകളിലേക്ക് ഓടി നാട്ടുകാരെ വിവരം അറിയിച്ചു. വൈദ്യുതിലൈൻ ഓഫാക്കിയശേഷം എത്തിയ നാട്ടുകാരാണ് അനന്തുവിനെ പുറത്തെത്തിച്ചതെന്ന് ബിബീഷ് പറയുന്നു.
ഹൃദയവേദനയിൽ അനന്തുവിന് യാത്രാമൊഴി
അനന്തുവിന്റെ ദുരന്തത്തിൽ മനംനൊന്ത് വിലപിക്കുകയാണ് വെള്ളക്കട്ട ഗ്രാമം. ബന്ധുക്കളായ കുട്ടികളോടൊപ്പം ശനിയാഴ്ച വൈകീട്ട് മീൻപിടിക്കാൻ പോയ അനന്തു ഷോക്കേറ്റ് മരിച്ച വാർത്ത പ്രചരിച്ചതോടെ വെള്ളക്കട്ട അട്ടിയിലെ വീട്ടിലേക്ക് ഏറെപേരെത്തി. നാലു വീടുകൾ മാത്രമാണ് ഇവിടെയുള്ളത്. കാട്ടുമൃഗശല്യവും ഉരുൾപൊട്ടൽ ഭീഷണിയും നേരിടുന്നതിനെത്തുടർന്ന് ഗ്രാമത്തിലെ ബാക്കിയുള്ളവരെല്ലാം ടൗണിനു സമീപത്തേക്ക് താമസം മാറ്റി. അനന്തുവിന്റെ അച്ഛൻ സുരേഷ് കൂലിപ്പണിക്കാരനാണ്. അമ്മ ശോഭ തൊഴിലുറപ്പ് തൊഴിലാളിയും. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും താത്പര്യമുള്ള ഇവർക്ക് മൂന്നുമക്കൾക്കും മികച്ച വിദ്യാഭ്യാസം നൽകാനാണ് ആഗ്രഹം.അനന്തുവിന്റെ സഹോദരിമാരിൽ ഒരാൾ ബിരുദം നേടി. അടുത്തയാൾ പ്ലസ്ടുവും കഴിഞ്ഞു.
ഞായറാഴ്ച പന്ത്രണ്ടോടെയാണ് അനന്തുവിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് എത്തിയത്. തകർന്ന വനപാതയിലൂടെ എത്തിയ ആംബുലൻസ് വീടിന്റെ നാനൂറ് മീറ്റർ അകലെ നിർത്തി. നാട്ടുകാരാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. എത്തിയവരെല്ലാം കണ്ണീർ പൊഴിച്ചു. അച്ഛനും അമ്മയും സഹോദരികളും ഹൃദയംതകർന്ന് വിലപിച്ചപ്പോൾ കൂട്ടക്കരച്ചിലായി. ഉന്നത രാഷ്ട്രീയനേതാക്കളുൾപ്പെടെ മൃതദേഹം കാണാൻ എത്തിയവർക്കെല്ലാം എറെനേരം കാത്തുനിൽക്കേണ്ടിവന്നു. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു അനന്തു. വീട്ടിലേക്കെത്തിയ സഹപാഠികളും അധ്യാപകരും സങ്കടക്കടലിൽ മുങ്ങി. മൂന്നുമണിയോടെ വീടിനുസമീപമുള്ള ശ്‌മശാനത്തിൽ അടക്കംചെയ്തതിനുശേഷവും ആളുകൾ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു.
Content Highlights: boar trap accident student death
Published: 09 Jun 2025, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented