ന്യൂഡൽഹി: ഗംഗാനദീജലം പങ്കിടുന്നതിന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 30 വർഷമായി നിലവിലുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. അടുത്ത മാസം 12-ന് കരാർ കാലാവധി അവസാനിക്കാനിരിക്കേയാണിത്. എന്നാൽ, നിലവിൽ ലഭിക്കുന്ന വെള്ളം ബംഗ്ലാദേശിന് തുടർന്നും ലഭിച്ചേക്കും.
1996 ഡിസംബർ 12-നാണ് ഗംഗാനദിയിലെ ജലവിഹിതം സംബന്ധിച്ച് ഇന്ത്യയും ബംഗ്ലാദേശും കരാറിൽ ഒപ്പുവെച്ചത്. വേനലിൽ ജലലഭ്യത കുറയുന്ന സമയത്ത് ഫറാക്ക ബാരേജിന് സമീപമുള്ള നദീജലം പങ്കിടുകയാണ് കരാറിന്റെ പ്രധാനലക്ഷ്യം. 30 വർഷത്തിനുശേഷം പരസ്പര സമ്മതത്തോടെ കരാർ പുതുക്കണമെന്നാണ് വ്യവസ്ഥ.
ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്ന ആവശ്യം മുൻനിർത്തിയാണ് കരാർ പുതുക്കാത്തതെന്നാണ് സൂചന. കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി തുറമുഖത്തിന്റെ പ്രവർത്തനം സുഗമമാക്കുക, എൻ.ടി.പി.സി.യുടെ താപവൈദ്യുതനിലയത്തിന് ആവശ്യമായ വെള്ളം ഉറപ്പാക്കുക, സുന്ദർബൻ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തടയുക എന്നിവയാണ് ഇന്ത്യ ഉയർത്തുന്ന വികസനവിഷയങ്ങൾ.
കരാർപ്രകാരം മാർച്ച് 11 മുതൽ മേയ് 11 വരെ ജലക്ഷാമമുള്ള കാലയളവിൽ ഇരുരാജ്യത്തിനും മാറിമാറി പത്തുദിവസം വീതം 35,000 ക്യുസെക്സ് വെള്ളമാണ് അനുവദിക്കുന്നത്. എന്നാൽ, കൊൽക്കത്ത തുറമുഖത്തിന്റെ വികസനപ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ 40,000 ക്യൂസെക്സ് വെള്ളം ആവശ്യമാണെന്ന് സാങ്കേതികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച സാങ്കേതികവിവരങ്ങളും വിശദീകരണങ്ങളും കേന്ദ്രജലകമ്മിഷൻ കഴിഞ്ഞമാസം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
ജലക്ഷാമമുള്ള കാലയളവിൽ കൊൽക്കത്ത തുറമുഖത്ത് അടിഞ്ഞുകൂടുന്ന മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും സുന്ദർബൻ മേഖലയിലേക്കും സമീപത്തെ കൃഷിയോഗ്യമായ പ്രദേശങ്ങളിലേക്കും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും കുറഞ്ഞത് 5,000 ക്യൂസെക്സ് അധികജലം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: India decides not to renew the 30-year-old Ganga water-sharing treaty with Bangladesh., The 1996 treaty is set to expire next month on December 12., India aims to secure water for domestic development including Kolkata Port and NTPC power plants., Technical experts highlight the need for 40,000 cusecs of water for Kolkata Port, up from the current 35,000 cusecs.
Published: 15 Nov 2026, 07:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented