കൂരിയാട്(മലപ്പുറം): കോഴിക്കോട്-തൃശ്ശൂര്‍ ദേശീയപാത ആറുവരിയാക്കി പുനര്‍നിര്‍മിക്കുന്നതിന്റെ അവസാനഘട്ടത്തില്‍ തകര്‍ച്ച നേരിട്ട വേങ്ങര കൂരിയാട് വയഡക്ട് പാലം നിര്‍മിക്കുന്നതിനായി തൂണുകള്‍ നാട്ടാനുള്ള പൈലിങ് രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങാനാവുമെന്ന് നിര്‍മാണ കമ്പനി അധികൃതര്‍.

To advertise here,

വിദഗ്ധസമിതിയുടെ നിര്‍ദ്ദേശപ്രകാരം കൂരിയാട് മേല്‍പ്പാലത്തില്‍നിന്ന് 400 മീറ്റര്‍ ദൂരത്തിലാണ് വയഡക്ട് പാലം നിര്‍മിക്കുക. ഇരുഭാഗത്തേക്കുമായി ആകെ 24 തൂണുകളും 120 ഭീമുകളും ഉണ്ടാവും. തൂണുകള്‍ തമ്മില്‍ 30 മീറ്റര്‍ അകലമുണ്ടാവും.

പാലം നിര്‍മിക്കാനാവശ്യമായ മേഖലയിലെ മണ്ണ് നീക്കംചെയ്യുന്ന ജോലി അവസാനഘട്ടത്തിലാണ്. തൂണുകള്‍ നിര്‍മിക്കുന്ന ഭാഗത്ത് മണ്ണ് പരിശോധന തുടരുകയാണ്. ഇതിനിടയില്‍ മണ്ണ് പരിശോധിച്ച ഭാഗത്ത് പാലം നിര്‍മിക്കാനുള്ള പരിശോധനാ പൈലിങ് തുടങ്ങി. ഇതിന്റെ റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് നല്‍കും. ഇവരില്‍നിന്ന് നിര്‍ദ്ദേശം ലഭിച്ചാലുടന്‍ പൈലിങ്ങ് ആരംഭിക്കും. ഇതിനായുള്ള യന്ത്രസാമഗ്രികള്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. സര്‍വീസ് റോഡ് തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ഒരു ഭാഗം തുറന്നുകൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇതുവഴിയാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്.

വയഡക്ട് നിര്‍മിക്കുന്നതിനാവശ്യമായ സൗകര്യത്തിന് മണ്ണ് മാറ്റിക്കഴിഞ്ഞാല്‍ കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുപോകുന്ന സര്‍വീസ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനായി തുറന്നു നല്‍കും. എന്നാല്‍ ഇതിനൊക്കെ ദേശീയപാതാ അതോറിറ്റിയുടെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍നിന്ന് അംഗീകാരം ലഭിക്കേണ്ടതുണ്ട്.

വയഡക്ട് നിര്‍മാണത്തിന്റെ രൂപകല്പനയ്ക്കുവരെ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഇതംഗീകരിച്ചുവന്നാലെ പാലത്തിന്റെ നീളംകൂട്ടല്‍, സര്‍വീസ് റോഡ് ഉയര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായൊരു ചിത്രം തെളിയൂ എന്നും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു.