തിരുവനന്തപുരം: സംസ്ഥാനത്തെ എൽ.പി.ജി. സിലിണ്ടർ ട്രക്ക് ജീവനക്കാരുടെ 2025-26 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി. ഡ്രൈവർമാർക്ക് 13,500 രൂപയും ക്ലീനർമാർക്ക് 7,500 രൂപയും ബോണസായി നൽകാൻ ധാരണയായി. കഴിഞ്ഞ വർഷത്തെ ബോണസിനേക്കാൾ ഇരുവിഭാഗങ്ങൾക്കും 1,000 രൂപയുടെ വീതം വർധനയാണ് ലഭിക്കുക. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശത്തെത്തുടർന്ന് അഡീഷണൽ ലേബർ കമ്മിഷണർ (ഐ.ആർ.) ബിച്ചു ബാലന്റെ അധ്യക്ഷതയിൽ തൊഴിൽഭവനിൽ നടന്ന ചർച്ചയിലാണ് ബോണസ് തീരുമാനമുണ്ടായത്.
വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബോണസ് വിഷയം ചർച്ചചെയ്തത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം ഡ്രൈവർമാർക്ക് 13,500 രൂപ ബോണസായി നൽകും. കഴിഞ്ഞവർഷം നൽകിയത് 12,500 രൂപയായിരുന്നു. ഇക്കുറി 1,000 രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. അഡ്വാൻസ് ആവശ്യമുള്ള ഡ്രൈവർമാർക്ക് 5,000 രൂപ വീതം നൽകാനും ധാരണയായി. ക്ലീനർമാർക്ക് 7,500 ബോണസായി നൽകും. കഴിഞ്ഞവർഷത്തെ 6,500-നെ അപേക്ഷിച്ച് ക്ലീനർമാർക്കും 1,000 രൂപയുടെ വർധന ലഭിക്കും.
ബോണസ് തുക 2026 ഓഗസ്റ്റ് 20-ന് മുൻപായി മാനേജ്മെന്റ് തൊഴിലാളികൾക്ക് വിതരണംചെയ്യും. അഡ്വാൻസായി നൽകുന്ന 5,000 ഒക്ടോബർ മാസം മുതൽ അഞ്ച് തുല്യ ഗഡുക്കളായി, പ്രതിമാസം 1,000 വീതം, തൊഴിലാളികളിൽനിന്ന് തിരിച്ചുപിടിക്കും. തൊഴിലാളികൾക്ക് നൽകുന്ന അഡ്വാൻസ് തുകയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട യൂണിയന് ഉത്തരവാദിത്വമുണ്ടാകും. ഒത്തുതീർപ്പ് പ്രകാരം നിശ്ചയിച്ച തുകയേക്കാൾ ഉയർന്ന നിരക്കിൽ ഏതെങ്കിലും ട്രക്ക് കോൺട്രാക്ടർ തൊഴിലാളികൾക്ക് ബോണസ് നൽകുന്നുണ്ടെങ്കിൽ, നിലവിൽ നൽകിവരുന്ന ഉയർന്ന തുക തുടർന്നും നൽകേണ്ടതാണെന്നും ധാരണയിൽ വ്യവസ്ഥയുണ്ട്. തൊഴിലുടമകളും തൊഴിലാളി യൂണിയനുകളും ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചതോടെയാണ് ബോണസ് സംബന്ധിച്ച തർക്കത്തിന് പരിഹാരമായത്.
യോഗത്തിൽ ഭാരത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആൻഡ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ പ്രതിനിധി ബാബു ജോസഫ് കെ., കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) പ്രതിനിധികളായ മൈലക്കാട് സുനിൽ, ഡാനി തോമസ്, പ്രമോദ് പി., റഷീദ്, സിജ്‌നി ലാൽ കെ.കെ., കേരള സ്റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) പ്രതിനിധികളായ ബി. ഹരികുമാർ, ഷൈജു ജേക്കബ്, പെരുന്താന്നി രാജു, ബിജു. എസ്., അജയൻ കോട്ടാത്തൂർ, ഷിബു. എം.സി., ഷൈൻ എ., മജേഷ് സി.വി., കേരള പ്രദേശ് പെട്രോളിയം & ഗ്യാസ് മസ്ദൂർ സംഘം (ബി.എം.എസ്.) പ്രതിനിധികളായ റിജു യു., ചന്ദ്രൻ വെങ്ങോത്ത് എന്നിവർ പങ്കെടുത്തു.
Published: 17 Aug 2026, 09:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented