ന്യൂഡൽഹി: ഇന്ത്യയുടെ എൽ.പി.ജി. (ദ്രവീകൃത പെട്രോളിയം ഗ്യാസ്) ഇറക്കുമതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായും നിലവിൽ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരെന്നും വെളിപ്പെടുത്തി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിലാണ് ഇന്ത്യയുടെ ഇറക്കുമതി ശൃംഖലയിൽ ഇത്ര വലിയ മാറ്റം സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

To advertise here,

രാജ്യത്തിനാവശ്യമായ എൽ.പി.ജി. ഇറക്കുമതിയുടെ 67 ശതമാനവും ഇപ്പോൾ അമേരിക്കയിൽനിന്നാണ് ലഭിക്കുന്നത്. നേരത്തെ ഇന്ത്യയുടെ എൽ.പി.ജി. ആവശ്യകതയുടെ 10 ശതമാനം അമേരിക്കയിൽനിന്ന് എത്തിക്കാനായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഹോർമുസിൽ പ്രതിസന്ധികളുണ്ടാകുന്നതിന് മുൻപേ തന്നെ സ്വതന്ത്രമായെടുത്ത തീരുമാനമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന്, 10 ശതമാനം എന്നത് പതിയെ വർധിക്കുകയായിരുന്നു. 

ഇന്ത്യയ്ക്ക് സമീപമുള്ള മറ്റു രാജ്യങ്ങളിൽ  എൽ.പി.ജി. ലഭ്യമായിരിക്കെ എന്തിനാണ് ദൂരെയുള്ള അമേരിക്കയെ ആശ്രയിക്കുന്നത് എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഊർജ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.