ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ധന വിതരണശൃംഖലയിലുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ക്രൂഡ് ഓയിൽ സംഭരണം കൂടാതെ പാചകവാതകവും പ്രകൃതിവാതകവും സംഭരിക്കാനുള്ള പുതിയ നീക്കം കേന്ദ്ര സർക്കാർ നടത്തുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ധന റിസർവ് പദ്ധതിക്കായി പണം കണ്ടെത്താൻ എൽപിജി, എൽഎൻജി ഉപഭോക്താക്കളിൽനിന്ന് അധിക സെസ്സ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
തന്ത്രപരമായ കരുതൽ ശേഖര പദ്ധതിക്ക് ഏകദേശം 42 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ പകുതി തുക സംഭരണ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനും ബാക്കിയുള്ളവ കരുതൽ ശേഖരം നിറയ്ക്കുന്നതിനും വേണ്ടിയാകും വേണ്ടിവരിക. നിലവിൽ ക്രൂഡ് ഓയിൽ മാത്രമാണ് ഇന്ത്യ സംഭരിച്ചുവെക്കുന്നത്. എന്നാൽ, പുതിയ പദ്ധതിയിലൂടെ ചരിത്രത്തിലാദ്യമായി എൽ.പി.ജി, എൽ.എൻ.ജി എന്നിവയും സംഭരിക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.
ഏകദേശം രണ്ടുമാസത്തെ രാജ്യത്തിന്റെ ആവശ്യത്തിനുള്ള എൽഎൻജി സംഭരണവും ആറ് ആഴ്ചത്തെ എൽപിജി സംഭരണവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളിൽനിന്ന് സെസ്സായി എൽപിജി കിലോഗ്രാമിന് 1.29 രൂപയും പ്രകൃതി വാതകത്തിന് ക്യൂബിക് മീറ്ററിന് 1.43 രൂപയും ഈടാക്കാനാണ് പെട്രോളിയം മന്ത്രാലയം നിർദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് ഗാർഹിക പാചകവാതകത്തിന് ഒരു സിലിണ്ടറിന് 18 രൂപയിലിധികം വില ഉയർന്നേക്കാം.
സംഭരണ കേന്ദ്രങ്ങളുടെ നിർമ്മാണത്തിനായി വർഷത്തിൽ ഏകദേശം 1.5 ബില്യൺ ഡോളർ ഇത്തരത്തിൽ സംഭരിക്കാനാകുമെന്നാണ് പെട്രോളിയം മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഈ അധിക നികുതി എങ്ങനെ ശേഖരിക്കുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രകൃതി വാതകം, പാചകവാതകം എന്നിവയുടെ സംഭരണ സൗകര്യങ്ങൾക്കാണ് പ്രധാനമായും ഈ തുക ഉപയോഗിക്കുക. അതേസമയം, അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനങ്ങളുടെയും തന്ത്രപരമായ സംഭരണത്തിനുള്ള ധനസഹായം കേന്ദ്ര സർക്കാർ തന്നെ തുടർന്നും നൽകുമെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
ഈ നിർദ്ദേശം വിവിധ മന്ത്രാലയങ്ങളിൽ ചർച്ചയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിച്ചാൽ മാത്രമേ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവരൂ.
ഗാർഹിക പാചകവാതക ബില്ലുകളിൽ ഏകദേശം 2% വർധനവ് വരുത്തുന്ന പുതിയ നികുതി നിർദേശം പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന വിതരണ തടസ്സങ്ങളും ഇന്ത്യയുടെ ഊർജ്ജമേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ഈ നടപടിയെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
അടുത്ത 10 വർഷത്തിനുള്ളിൽ 28 ദശലക്ഷം മെട്രിക് ടൺ അസംസ്‌കൃത എണ്ണ, 9 ദശലക്ഷം ടൺ എൽഎൻജി, 4 ദശലക്ഷം ടൺ എൽപിജി എന്നിവയുടെ അധിക സംഭരണം വേണ്ടിവരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
മധ്യപൂർവേഷ്യയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിതരണ തടസ്സങ്ങൾ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും, ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിലുള്ള ഇന്ത്യയുടെ ആശ്രിതത്വം വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പദ്ധതി തയ്യാറാക്കിയതെന്ന് സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി- ഉപഭോക്തൃ രാജ്യമാണ്. അസംസ്‌കൃത എണ്ണയുടെ ഏകദേശം 90% വിദേശത്തുനിന്നാണ് വാങ്ങുന്നത്.
Content Highlights: Strategic plan to store LPG and LNG alongside crude oil to ensure energy security., Projected cost of $42 billion for infrastructure and reserve filling., Proposed cess of ₹1.29/kg on LPG and ₹1.43/cubic meter on natural gas., Goal to maintain 6 weeks of LPG and 2 months of LNG reserves., Addressing import dependency risks due to Middle East supply chain disruptions.
Published: 05 Aug 2026, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented