കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്. പ്രതി സ്ഥിരമായി അമിതവേഗതയിൽ വാഹനമോടിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. മൂന്ന് പേർ മരിച്ച കാര്യം പ്രതികൾ സുഹൃത്തിനെ അറിയിച്ചു. അതിന്റെ നിർണായകമായ ശബ്ദരേഖ പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ജാമ്യം നൽകിയാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകും. അപകടശേഷം പ്രതി സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണ് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് കോടതിയെ അറിയിച്ചത്.

To advertise here,

അതേസമയം എഫ്.ഐ.ആറിൽ പ്രതികളുടെ പേര് പറയുന്നില്ല. തെളിവില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്.

അപകടത്തിനിടയാക്കിയ മിനി കൂപ്പർ കാറോടിച്ച മുഖ്യപ്രതി ആലപ്പുഴ സ്വദേശി സുഹൈൽ, ഇയാളുടെ സുഹൃത്തുക്കളായ നിനവ്, അമീൻ, ജോയൽ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പ്രതികൾക്ക് നേരത്തെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതികൾ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.തുടർന്നാണ് പ്രതികൾ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്.

ഒക്ടോബർ 11ന് നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.