ഒതുക്കുങ്ങൽ (മലപ്പുറം): കുഴിപ്പുറം കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു. കുഴിപ്പുറം പാലേമാട് സ്വദേശി അമ്പലവൻ കുളപ്പുരയ്ക്കൽ ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം.

To advertise here,

പറപ്പൂർ സ്വദേശി അക്ബർ അലി (36) ഓടിച്ച കാർ ഇടിച്ചാണ് അപകടം. ഇയാളെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. അക്ബർ അലി മദ്യപിച്ചിരുന്നെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഷറഫുദ്ദീനും സുഹൃത്ത് കുഴിപ്പുറം കോടായിക്കാടൻ ഹബീബും ബൈക്കിൽ വരുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ രാത്രി പന്ത്രണ്ടരയോടെ മരിച്ചു.

സ്വകാര്യ സ്‌കൂളിൽ താത്കാലിക അധ്യാപകനാണ് ഷറഫുദ്ദീൻ. അപകടത്തിൽ ഹബീബിന്റെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വേങ്ങര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

ഷറഫുദ്ദീന്റെ പിതാവ്: പരേതനായ അമ്പലവൻ കുളപ്പുരയ്ക്കൽ ഇബ്രാഹിം. മാതാവ്: പരേതയായ ഇത്തീരു. സഹോദരൻ: പരേതനായ ഷംസുദ്ദീൻ (യൂത്ത് കോൺഗ്രസ് മുൻ പറപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി, സാംസ്‌കാരിക പ്രവർത്തകൻ).