തിരുവനന്തപുരം: ചേരാനല്ലൂരിലെ പതിനേഴുവയസ്സുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം അതിദാരുണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തട്ടുകട നടത്തി ജീവിച്ചിരുന്ന മനുഷ്യനാണ് വാഹനമിടിച്ച് മരിച്ചത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ആദ്യം അപാകതയുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി, പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചത്‌. 

To advertise here,

സംഭവം അറിഞ്ഞയുടൻ പോലീസ് കമ്മീഷണറോടും ഡിജിപിയോടും വിശദീകരണം തേടിയിരുന്നു. ആദ്യം പോലീസ് എടുത്ത നടപടി ശരിയല്ല എന്നാണ് എന്റെ അഭിപ്രായമെന്നും ചേർക്കേണ്ട വകുപ്പുകൾ ചേർക്കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് കൂടുതൽ വകുപ്പുകൾ ചേർത്തത്. പിന്നീട് ജുവനൈൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ഉടൻ ജാമ്യം ലഭിച്ചു. ആശ്ചര്യമായിട്ടാണ് എനിക്കത് തോന്നിയത്. ജാമ്യം റദ്ദാക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് അപേക്ഷയുണ്ടാകും. വാഹനമിടിച്ച പ്രതിയുടെ പിതാവിനെതിരേ കേസെടുക്കും. ശക്തമായ നടപടിയുണ്ടാക്കും. ന്യായവും നീതിയും എല്ലാവർക്കും ഒരുപോലെയാണ്. അതിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. ശക്തമായ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച വാഹനമിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി തുടക്കം മുതൽ കുടുംബം ആരോപിച്ചിരുന്നു. ശക്തമായ വകുപ്പുകൾ ചേർക്കത്തതിനാലാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നടക്കമുള്ള ആരോപണങ്ങൾ അവർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കാറോടിച്ച യുവാവിന് ജാമ്യം ലഭിച്ചതെന്നും വാഹനത്തിന്റെ ആർ.സി ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കൂടുതൽ തെളിവുകളും വിവരങ്ങളും ലഭിച്ചപ്പോൾ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തുവെന്നുമാണ് കമ്മീഷണർ വ്യക്തമാക്കിയത്.