നെടുങ്കണ്ടം: പോസ്റ്റ്ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ വില്ലനായത് കുടുംബപ്രശ്‌നം. കുടുംബപ്രശ്‌നത്തിന്റെ പേരിൽ കഴിഞ്ഞ മൂന്നുവർഷത്തോളമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. സന്തോഷ് നിരന്തരം ശ്രീജയെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. സന്തോഷിനെതിരേ ഗാർഹികപീഡനത്തിന് കേസും നിലവിലുണ്ടായിരുന്നു.

To advertise here,

പ്ലസ്ടു, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് ദമ്പതിമാർക്കുള്ളത്. ഇവർ ശ്രീജയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ശ്രീജയ്ക്കും രണ്ടു കുട്ടികൾക്കുമായി യഥാക്രമം 3000 രൂപവീതം പ്രതിമാസം 9000 രൂപ 30-ാം തീയതിക്ക് മുൻപായി ജീവനാംശമായി നൽകാൻ കട്ടപ്പന ഗ്രാമന്യായാലയ ന്യായാധികാരി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത് സന്തോഷ് പാലിച്ചിരുന്നില്ല. ഉത്തരവ് പാലിക്കാത്തതിനെതിരേ ശ്രീജ കോടതിയെ സമീപിച്ചിരുന്നു. മികച്ച ആശാരിപ്പണിക്കാരനായിരുന്ന സന്തോഷിന് വീട്ടിൽ മരപ്പണി വർക്ഷോപ്പ് ഉണ്ടായിരുന്നു. പുറത്തുപോയും ജോലികൾ ചെയ്തിരുന്നു. സന്തോഷിന് മദ്യപാനശീലം ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

തോക്ക് എങ്ങനെ ലഭിച്ചു?

നെടുങ്കണ്ടം: പോസ്റ്റ്ഓഫീസ് ജീവനക്കാരിയായ ഭാര്യ ശ്രീജയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ചശേഷം കമ്പംമെട്ട് നെറ്റിത്തൊഴു വാർധാമുക്ക് കരോട്ട്മഴുവൻചേരിൽ സന്തോഷിന് (50) തോക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. ആശാരിപ്പണിക്കാരനായ സന്തോഷിന് കൈത്തോക്ക് വാങ്ങി സൂക്ഷിക്കേണ്ട വിധം ശത്രുക്കളോ മറ്റെന്തെങ്കിലും വിധത്തിലുള്ള ഭീഷണികളോ ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിവില്ല.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശം ആയതിനാൽ തമിഴ്നാട്ടിൽനിന്നും സംഘടിപ്പിച്ചത് ആയിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. 25 ഇഞ്ച് വ്യാസമുള്ള ഏഴ് തിരകൾ സംഭരിക്കാൻ ശേഷിയുള്ള തോക്കിൽ മുഴുവൻ തിരകളും നിറച്ചിരുന്നു. ഒരുതിരയാണ് ജീവനെടുത്തത്. ബാക്കി ആറ് തിരകളും തോക്കിൽ ഉണ്ടായിരുന്നു. തോക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലെ ബാലിസ്റ്റിക്സ് വിഭാഗത്തിന് കൈമാറി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)