കോഴിക്കോട്: ബി.എൽ.എം. (ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) നിക്ഷേപമായി സ്വീകരിച്ച പണം വകമാറ്റി തട്ടിപ്പുനടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത ബി.എൽ.എം. സ്ഥാപകൻ പ്രേംകുമാറിനെ കോടതി വിട്ടയച്ചു. അറസ്റ്റിനുള്ള കാരണം പ്രതിയെ ബോധ്യപ്പെടുത്തുന്നതിലും ബന്ധുക്കളെ അറിയിക്കുന്നതിലുമുള്ള നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിഭാഗം അഭിഭാഷകൻ എം. ഷഹീർ സിങ്ങിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

To advertise here,

ഇനി ഈ കേസിൽ വീണ്ടും അറസ്റ്റുചെയ്യണമെങ്കിൽ മജിസ്ട്രേറ്റിന്റെ അനുമതി തേടണം. അതിനായി ശനിയാഴ്ച കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (നാല്) ദിവ്യ നടേശനു മുൻപാകെ കോഴിക്കോട്‌ ൈക്രംബ്രാഞ്ച് സാന്പത്തിക കുറ്റാന്വേഷണവിഭാഗം അപേക്ഷ നൽകും. വാറന്റില്ലാതെയാണ് അറസ്റ്റെങ്കിൽ ബി.എൻ.എസ്. 47 പ്രകാരം കാരണം (ഗ്രൗണ്ട് ഓഫ് അറസ്റ്റ്) കൃത്യമായി അറിയിക്കണം. ബന്ധുക്കളെയും വിവരമറിയിക്കണം. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. എം.കെ. റാമിനെ ആദ്യം അറസ്റ്റുചെയ്തപ്പോൾ വിട്ടയച്ചത് ഈ കാരണംകൊണ്ടായിരുന്നു.

നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചപറ്റിയിട്ടില്ലെന്നാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഒ.ടി. സിൽജയുടെ വിശദീകരണം. അറസ്റ്റിനുള്ള കാരണം വിശദീകരിക്കുന്ന അറസ്റ്റ് മെമ്മോ പ്രതി നേരിട്ട് കൈപ്പറ്റാൻ തയ്യാറായില്ല. തുടർന്ന് മകന്റെ വാട്സാപ്പിലേക്ക് അയച്ചുനൽകുകയായിരുന്നു. അതിന്റെ സ്‌ക്രീൻഷോട്ട് റിമാൻഡ് റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നില്ല. അതുമാത്രമാണ് സംഭവിച്ചതെന്നും േപ്രാസിക്യൂട്ടർ പറയുന്നു.

ട്രാൻസിറ്റ് വാറന്റ് വാങ്ങി ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് ക്രൈംബ്രാഞ്ച് ഓഫീസിൽ പ്രേംകുമാറിനെ കൊണ്ടുവന്നത്. തുടർന്ന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിൽ ഹാജരാക്കുകയായിരുന്നു.

മുന്നൂറുകോടിയലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ്‌ ൈക്രംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ, തനിക്കെതിരേയെടുത്തത് കള്ളക്കേസാണെന്ന് കോടതിയിൽ കൊണ്ടുപോവുന്നതിനിടെ പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു.