
അടുത്തിടെ നമ്മൾ കണ്ട രണ്ട് സംഭവങ്ങൾ - മിനി കൂപ്പർ ഹിറ്റ് ആൻഡ് കിൽ, പിന്നാലെ വന്ന ബെൻസ് കാർ ഹിറ്റ് ആൻഡ് കിൽ. രണ്ടിലും കോമൺ ആയത് വണ്ടിയല്ല, മനോഭാവമാണ്. അമിതവേഗം, ഇടിച്ചിട്ട് നിർത്താതെ പോവുക, പിന്നീട് അതിനെ ന്യായീകരിക്കുക. ഒരു കുറ്റം വൈറലായാൽ ആഴ്ചകൾക്കുള്ളിൽ അതേപോലെ മറ്റൊന്ന് വരുന്നത് യാദൃച്ഛികമല്ല. ഇതിന് മനഃശാസ്ത്രത്തിൽ പേരുണ്ട്. കോപ്പിക്യാറ്റ് ഇഫക്ട്.
എങ്ങനെയാണ് കോപ്പിയടി ഉണ്ടാവുന്നത്
1970-ൽ സോഷ്യോളജിസ്റ്റ് ഡേവിഡ് ഫിലിപ്സ് വിശദീകരിച്ച വെർതർ എഫക്ട് (Werther പ്രഭാവം) ആണ് ഇതിന് അടിസ്ഥാനം. ഒരു കുറ്റകൃത്യം അതിന്റെ എല്ലാ ത്രില്ലോടും, വേഗത്തോടും, പ്രതിയുടെ സ്റ്റൈലോടും കൂടി മീഡിയ ആഘോഷിക്കുമ്പോൾ, അതേ മാനസികാവസ്ഥയിലുള്ള മറ്റൊരാൾക്ക് അതൊരു റെഡിമെയ്ഡ് സ്ക്രിപ്റ്റ് ആയി മാറും. "അവന് ചെയ്യാൻ പറ്റിയെങ്കിൽ എനിക്കും പറ്റും" എന്ന തോന്നൽ. മീഡിയ കൊടുക്കുന്ന അമിത ശ്രദ്ധ തന്നെയാണ് അടുത്ത കുറ്റത്തിനുള്ള പ്രചോദനം.
ക്രൈം സിനിമകളും യുവാക്കളും
ഇതിൽ സിനിമയുടെ പങ്ക് ചെറുതല്ല. ആൽബർട്ട് ബന്ദുരയുടെ സോഷ്യൽ ലേണിംഗ് തിയറി (Social Learning Theory) പറയുന്നത്, മനുഷ്യൻ കണ്ടാണ് പഠിക്കുന്നത് എന്നാണ്. വില്ലനിസം സ്റ്റൈലായി കാണിക്കുന്ന സിനിമകളിൽ അമിതവേഗം, പോലീസിനെ വെല്ലുവിളിക്കൽ, നിയമത്തെ വിലകുറച്ച് കാണൽ ഇതൊക്കെ ഹീറോയിസം ആയി മാറുമ്പോൾ, യുവാക്കൾക്ക് റോഡ് ഒരു റേസ് ട്രാക്ക് ആയി തോന്നും. തിയറ്ററിൽ കയ്യടി കിട്ടുന്ന കാര്യം റോഡിൽ ചെയ്താൽ ജീവൻ പോകും എന്ന തിരിച്ചറിവ് നഷ്ടപ്പെടും.
മനുഷ്യാവകാശം എന്ന പേരിലുള്ള മറ്റൊരു കോപ്പിയടി
ഇതാണ് ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ട കാര്യം. ഒരു അക്രമിയെ, നാട്ടുകാരെ ഉപദ്രവിക്കുന്ന, വാഹനം ഇടിച്ചുകയറ്റുന്ന ഒരാളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുമ്പോൾ, പെട്ടെന്ന് ഒരു കൂട്ടർ മനുഷ്യാവകാശ ലംഘനം എന്ന് പറഞ്ഞ് രംഗത്ത് വരും. ഇവരുടെ ഉദ്ദേശം ഒരിക്കലും ഇരയെ സംരക്ഷിക്കാനല്ല. സ്വയം ശ്രദ്ധ നേടാനാണ്. അക്രമിക്കുവേണ്ടി സഹതാപം ഉണ്ടാക്കി, പോലീസിനെ പ്രതിക്കൂട്ടിലാക്കി വൈറലാവാൻ ശ്രമിക്കുന്നവർ. യഥാർത്ഥത്തിൽ ഇത്തരക്കാരും കുറ്റകൃത്യം ആവർത്തിക്കപ്പെടുന്ന പ്രക്രിയയുടെ ഭാഗമാണ്. അവർ കൊടുക്കുന്ന സന്ദേശം എന്താണ്? "നീ എന്ത് കുറ്റം ചെയ്താലും, നിന്നെ തൊട്ടാൽ ഞങ്ങൾ പോലീസിനെതിരെ പോസ്റ്റ് ഇടാം" എന്ന്. ഇത് അക്രമികൾക്ക് ലഭിക്കുന്ന പരോക്ഷ പിന്തുണയാണ്. ഇരയുടെ വേദന മറന്ന്, അക്രമിയെ 'ഹീറോ' ആക്കുന്നതിന്റെ മറ്റൊരു രൂപമാണിത്.
നീതിക്ക് വേണ്ടിയുള്ള അജിറ്റേഷൻ തന്നെ ഒരു കോപ്പിയടിയാകുമ്പോൾ
ഇന്ന് ഒരു ധാരണ വന്നിട്ടുണ്ട് - "സംഭവം വൈറലായില്ലെങ്കിൽ, ജനരോഷം ഉണ്ടായില്ലെങ്കിൽ പോലീസ് അനങ്ങില്ല." ഇത് പലപ്പോഴും ശരിയുമാണ്. സോഷ്യൽ മീഡിയ ഇടപെടൽ കൊണ്ടാണ് പല കേസിലും FIR ഇടുന്നത് പോലും. പക്ഷേ ഇത് ഒരു നെഗറ്റീവ് റീഇൻഫോഴ്‌സ്‌മെന്റ് (ഋണാത്മകം Reinforcement)ആയി മാറി. നീതി കിട്ടാൻ ഓരോ ഇരയും തന്റെ ദുരന്തം വൈറലാക്കണം, റോഡ് ഉപരോധിക്കണം, ഹാഷ്ടാഗ് ഉണ്ടാക്കണം എന്ന അവസ്ഥ വന്നാൽ, പ്രതിഷേധം തന്നെ ഒരു കോപ്പിയടി ആകും. ഒരു സ്ഥലത്ത് ജനക്കൂട്ടം സ്റ്റേഷൻ ഉപരോധിച്ച് നീതി നേടിയാൽ, അടുത്ത സ്ഥലത്തും അതേ മാതൃക ആവർത്തിക്കും. നിയമം സ്വാഭാവികമായി പ്രവർത്തിക്കാതെ, പബ്ലിക് പ്രഷർ കൊണ്ടുമാത്രം പ്രവർത്തിക്കുമ്പോൾ, ആളുകൾ നിയമത്തെ അല്ല, ആൾക്കൂട്ടത്തെ ആണ് വിശ്വസിക്കാൻ തുടങ്ങുക. മിനി കൂപ്പറും ബെൻസും രണ്ട് കാറുകളല്ല, രണ്ട് മുന്നറിയിപ്പുകളാണ്. കുറ്റം വൈറലാക്കി ഹീറോ ആക്കുന്ന ഓരോ ഷെയറും, അക്രമിയെ ന്യായീകരിക്കുന്ന ഓരോ പോസ്റ്റും അടുത്ത കുറ്റത്തിനുള്ള സ്ക്രിപ്റ്റ് ആകുന്നു.
വേട്ടക്കാരനൊപ്പം ഓടുകയും ഇരയ്‌ക്കൊപ്പം കരയുകയും ചെയ്യുന്ന മാധ്യമ രീതി
ഒരേ ചാനൽ തന്നെ, രാവിലെ ഒമ്പത് മണിക്ക് - അക്രമിയുടെ ഫ്ലാറ്റിൽ നിന്ന് ലൈവ്. അവന്റെ കാറിന്റെ വില എത്ര, അവന്റെ ജിം ബോഡി, അവന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് എത്ര, അവന്റെ അച്ഛൻ ഏത് ബിസിനസ്സുകാരൻ. അറിയാതെ അക്രമിയെ ഒരു സെലിബ്രിറ്റി ആക്കുന്നു. വൈകീട്ട് ഏഴ് മണിക്ക് - ഇരയുടെ വീട്ടിൽ നിന്ന് ലൈവ്. അമ്മയുടെ കരച്ചിൽ, കുഞ്ഞിന്റെ ഫോട്ടോ, നെഞ്ച് തകർക്കുന്ന ബി.ജി.എം. ഇരയെ കണ്ടന്റ് ആക്കുന്നു. രണ്ടിനും റേറ്റിംഗ് കിട്ടും. പക്ഷേ രണ്ടിനും ഇടയിൽ നഷ്ടപ്പെടുന്നത് സാമൂഹിക ഉത്തരവാദിത്തം (Social Responsibility) ആണ്. ഇത് കേവലം ബ്രേക്കിങ് ന്യൂസ് പ്രൊഡക്ഷൻ അല്ല, മറിച്ച് ഒരു കോപ്പികാറ്റ് ഫാക്ടറി (Copycat Factory) ആണ്. എങ്ങനെ വിലങ്ങുതടിയാവുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
വേട്ടക്കാരന് കൊടുക്കുന്നത് മാതൃക: അവന്റെ വണ്ടി, വേഗം, ലഹരി, പോലീസിനെ പോലും മാനേജ് ചെയ്യാനുള്ള പണം - ഇതൊക്കെ വിശദമായി പറയുമ്പോൾ, നാട്ടിലെ മറ്റൊരു പണക്കാരനായ ചെറുപ്പക്കാരന് കിട്ടുന്ന മെസ്സേജ് എന്താണ്? "ഇതൊക്കെ ചെയ്താലും നീ വാർത്തയാകും." അവനറിയാതെ അവൻ ഒരു റോൾ മോഡൽ ആവുന്നു.
ഇരയ്ക്ക് കൊടുക്കുന്നത് സഹതാപംമാത്രം, പരിഹാരമല്ല: ഇരയുടെ കരച്ചിൽ 24 മണിക്കൂർ കാണിക്കും, പക്ഷേ ആ കേസിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്തോ? ലൈസൻസ് റദ്ദാക്കിയോ? റോഡിൽ സ്പീഡ് ക്യാമറ വെച്ചോ? അതിന്റെ ഫോളോ-അപ്പ് ആരും ചെയ്യില്ല. കാരണം അതിന് റേറ്റിംഗ് ഇല്ല.
പോലീസിനെ തളർത്തുന്ന ഇരട്ട നീതി: അക്രമിയെ പിടിക്കാൻ പോലീസ് അൽപ്പം ബലം പ്രയോഗിച്ചാൽ - "മനുഷ്യാവകാശ ലംഘനം" എന്ന് പറഞ്ഞ് ഒരു പാനൽ ചർച്ച. അക്രമിയെ പിടിച്ചില്ലെങ്കിൽ - "പോലീസ് നിഷ്ക്രിയം" എന്ന് പറഞ്ഞ് മറ്റൊരു പാനൽ ചർച്ച.
ഫലം? പോലീസ് എന്ത് ചെയ്താലും കുറ്റക്കാരനാകും, അക്രമിക്ക് എന്ത് ചെയ്താലും വാർത്തയാകും. ഇതിനെ സാമൂഹിക ഉത്തരവാദിത്തം (Social Responsibility) എന്ന് പറയാൻ പറ്റുമോ? ഇല്ല.
യഥാർത്ഥ സോഷ്യൽ റെസ്പോൺസിബിലിറ്റി എന്നാൽ:
- അക്രമിയുടെ മുഖത്തേക്കാൾ, അവൻ ചെയ്ത കുറ്റത്തിന്റെ ശിക്ഷയെ ഹൈലൈറ്റ് ചെയ്യുക.
- ഇരയുടെ കരച്ചിലിനേക്കാൾ, ഇനി ഇത് ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന് ചർച്ച ചെയ്യുക.
- വൈറലിനുവേണ്ടി
- വേട്ടക്കാരനൊപ്പം ഓടാതെ, ഇരയ്ക്കൊപ്പം നിൽക്കുക.
അല്ലെങ്കിൽ ഇന്ന് നമ്മൾ കാണുന്ന ഈ മീഡിയ, നാളത്തെ കുറ്റവാളിയെ ഇന്ന് തന്നെ ട്രെയിൻ ചെയ്യുകയാണ്.
Content Highlights: Explains the psychological 'copycat effect' and 'Werther effect' behind recurring crimes like hit-and-run incidents., Analyzes how media glorification and sensationalism inadvertently train future criminals by turning offenders into celebrities., Critiques the toxic loop of public outrage, human rights debates protecting offenders, and selective media coverage., Urges for a shift in journalistic responsibility focusing on crime prevention and victim support rather than TRP ratings.
Published: 26 Oct 2026, 03:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented