
കൊച്ചി: തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ മാതാപിതാക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനിടെ വാക്കുതര്‍ക്കവും സംഘര്‍ഷവും. ക്യാമ്പിലെ അധ്യാപകരില്‍നിന്ന് മര്‍ദ്ദനം നേരിട്ടെന്ന ഒരു വിഭാഗം വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥിനികള്‍ 'ഈ സ്ത്രീയാണ് മോശമായി സംസാരിച്ചത്' എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിക്ക് നേരെ വിരല്‍ ചൂണ്ടിയത്. ഇതോടെ വിദ്യാര്‍ഥികളും എസ്എഫ്ഐ നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
അനുവാദമില്ലാതെ ക്യാമ്പിലേക്ക് കയറിയ ഭാഗ്യലക്ഷ്മി നിങ്ങളിവിടെ അധ്യാപകര്‍ക്ക് കിടന്ന് കൊടുക്കുന്നുണ്ടോ എന്നും ആരെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നും ചോദിച്ചുവെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. തങ്ങളുടെ അധ്യാപകരെ പറ്റി മോശമായി സംസാരിക്കാന്‍ നിങ്ങള്‍ ആരാണെന്നും വിദ്യാര്‍ഥിനികള്‍ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു.എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
'ക്യാമ്പിലുള്ളവരെ ഇവിടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിക്കുന്നുണ്ടെന്ന പരാതി വന്നതിനെ തുടര്‍ന്നാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. കയറി വന്ന സമയത്ത് ഗേറ്റ് പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. അത് ഞങ്ങള്‍ ഇടിച്ചു കയറി ചെന്നു. അവിടെ പെണ്‍കുട്ടികളാണ് നിന്നിരുന്നത്. എന്റെ കൂടെ മുപ്പതോളം പുരുഷന്മാരാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് അവിടെ ഞാന്‍ കയറി നോക്കാം എന്ന് പറഞ്ഞു. എന്നാല്‍ വനിതാ കേഡറ്റുമാര്‍ എന്നെ കയറാന്‍ സമ്മതിച്ചില്ല. അവര്‍ എന്നോട് മോശമായ രീതിയിലാണ് സംസാരിച്ചത്. തെറ്റായ ഒരു വാക്കും ഉപയോഗിച്ചിട്ടില്ല. ഞാന്‍ അവിടെ കയറിയപ്പോള്‍ 'നീ നോക്കെടി, നീ ഇവിടെ എന്തെങ്കിലും കണ്ടുപിടിച്ച് പോയാല്‍ മതി' എന്ന രീതിയിലാണ് അവര്‍ സംസാരിച്ചത്. എന്റെ വീഡിയോ വരെ എടുത്തു. എന്നോട് അത്രയും മോശമായ രീതിയിലാണ് സംസാരിച്ചത്.'-ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
എന്‍സിസി 21 കേരള ബറ്റാലിയന് ക്യാമ്പില്‍ തിങ്കളാഴ്ച്ച രാത്രിയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു. വൈകുന്നേരത്തോടെ പലരും ഛര്‍ദ്ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് 72 വിദ്യാര്‍ഥികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കോളേജ് വളപ്പിലെ കിണറ്റിലെ വെള്ളമാണ് വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നത്. കളമശ്ശേരിയിലും തൃക്കാക്കരയിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതിനാല്‍ ഈ വെള്ളമാണോ പ്രശ്നമുണ്ടാക്കിയത് എന്ന സംശയവുമുണ്ടായിരുന്നു. തുടര്‍ന്ന് ക്യാമ്പിലെത്തിയ രക്ഷിതാക്കള്‍ ഗേറ്റ് തള്ളിത്തുറന്ന് കോളേജിലേക്ക് ഇടിച്ചുകയറി.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എന്‍സിസി വ്യക്തമാക്കി. ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഈ മാസം 29 വരെ തുടരേണ്ടിയിരുന്ന ക്യാമ്പ് പിരിച്ചുവിട്ടു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Content Highlights: ncc camp students against sfi leader
Published: 24 Dec 2024, 10:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented