മാനന്തവാടി: ആദ്യകാല നക്സൽ നേതാവ് തവിഞ്ഞാൽ വാളാടിലെ കുന്നേൽ കൃഷ്ണൻ (85) അന്തരിച്ചു. അർബുദ ബാധിതനായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

To advertise here,

തൊടുപുഴ ഇടമറുക് കുന്നേൽ കുടുംബാംഗമായ കൃഷ്ണൻ 1948-ലാണ് വയനാട്ടിലെത്തിയത്. മാനന്തവാടി ഗവ. ഹൈസ്കൂൾ പഠനകാലത്ത് വിദ്യാർഥി പ്രസ്ഥാനമായ കെ. എസ്.എഫിൽ നക്സൽ നേതാവായിരുന്ന വെള്ളമുണ്ട ഒഴുക്കൻമൂലയിലെ എ. വർഗിസിനൊപ്പം പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന കുന്നേൽ കൃഷ്ണൻ പാർട്ടി പിളർന്നതോടെ നക്സൽബാരി പക്ഷത്ത് നിലയുറപ്പിച്ചു. സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് സംസ്ഥാന കൗൺസിൽ ക്ഷണിതാവും വർഗീസ് സ്മാരക ട്രസ്റ്റ് ട്രഷററുമാണ്. 

അടിയന്തരാവസ്ഥക്കാലത്തും നക്സലൈറ്റ് പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. കായണ്ണ, കേണിച്ചിറ സമരങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ച കുന്നേൽ കൃഷ്ണൻ കായണ്ണ സമരവുമായി ബന്ധപ്പെട്ട് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: കനകവല്ലി. മക്കൾ:കെ. അജിത് കുമാർ, (കെ.എസ്.ആർ.ടി.സി, കാസർകോട്), അനൂപ് കുമാർ, (ബെംഗളൂരു), അനീഷ്യ (കോട്ടയം), അരുൺ കുമാർ (മൈസൂരു), അനീഷ് കുമാർ (സൗദി). മരുമക്കൾ: ബിന്ദു, ഹർഷ (നഴ്സ്, ബെംഗളൂരു), ചാർളി ചാക്കോ (കോട്ടയം), സൗപർണിക (പത്തനംതിട്ട) ,അഞ്ജു (അടൂർ). സംസ്ക്കാരം ഞായറാഴ്ച വൈകീട്ടു നാലിനു വീട്ടുവളപ്പിൽ