‘’ഇവ ഉടൻതന്നെ മാറ്റിെവച്ചതിനാൽ ഒരു രോഗിക്കുപോലും വിതരണം ചെയ്തിട്ടില്ല. അതിനാൽ ഇത് കഴിച്ചവർക്ക് പ്രത്യാഘാതമുണ്ടാകുമെന്ന തരത്തിൽ പ്രചാരണം നടത്തുന്നത് ശരിയല്ല’’

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ (ആർസിസി) രോഗികൾക്ക് മരുന്നുകൾ മാറി നൽകിയെന്ന വാർത്തകൾ അധികൃതർ നിഷേധിച്ചു. രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം വാർത്തകൾക്കു പിന്നിൽ മറ്റുതാത്പര്യങ്ങളാണെന്ന് ആർസിസി ഡയറക്ടർ ഡോ. ആർ. രജനീഷ് കുമാർ ‘മാതൃഭൂമി’യോടു പറഞ്ഞു.
“ടെമോസോളോമൈഡ് എന്നപേരിൽ എറ്റോപോസൈഡ് 50 എന്ന ഗുളിക വിതരണംചെയ്തു എന്ന തരത്തിലാണ് ചില മാധ്യമങ്ങളിൽ കഴിഞ്ഞദിവസം വാർത്തകൾ വന്നത്(മാതൃഭൂമിയിലല്ല). ഒരു രോഗിക്കും മരുന്ന് മാറി നൽകിയിട്ടില്ല.
പുതിയ സ്റ്റോക്ക് വന്ന മരുന്നുകളുടെപേരിൽ വന്ന മാറ്റം ഇവയുടെ പാക്കറ്റുകൾ തുറന്നപ്പോൾത്തന്നെ ആർസിസി ജീവനക്കാർക്കു മനസ്സിലായിരുന്നു. ഇവ ഉടൻതന്നെ മാറ്റിെവച്ചതിനാൽ ഒരു രോഗിക്കുപോലും വിതരണം ചെയ്തിട്ടില്ല. അതിനാൽ ഇത് കഴിച്ചവർക്ക് പ്രത്യാഘാതമുണ്ടാകുമെന്ന തരത്തിൽ പ്രചാരണം നടത്തുന്നത് ശരിയല്ല”- ആർസിസി അധികൃതർ വിശദീകരിച്ചു.
“ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ടെമോസോളോമൈഡ് 250, 100, 20 മില്ലീഗ്രാം മരുന്നുകൾ നൽകുന്നത്. മാർച്ചിൽ ഇതനുസരിച്ച് 100 മില്ലീഗ്രാമിന്റെ 92 പാക്കറ്റ് മരുന്നുകൾ എത്തി. ഓരോ ബാച്ച് മരുന്നും എത്തുമ്പോൾ ബാച്ച് നമ്പരും രേഖകളും കൃത്യമായി പരിശോധിക്കും. നേരത്തേ വന്ന മരുന്നുകൾ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ മൂന്നുമാസം കഴിഞ്ഞ് ജൂൺ 27-നാണ് ടെമോസോളോമൈഡ് 100 ഫാർമസിയിൽ എത്തിച്ചത്. ഫാർമസി ജീവനക്കാർ പരിശോധിച്ചപ്പോൾ 10 പാക്കറ്റുകളുള്ള ഒരു സെറ്റിൽ രണ്ടെണ്ണത്തിൽ എറ്റോപോസൈഡ് 50 മില്ലിഗ്രാം എന്ന ലേബൽ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊട്ടിച്ച് പരിശോധിച്ചപ്പോൾ പായ്ക്കറ്റിലെ കുപ്പിയിൽ ടെമോസോളോമൈഡ് 100 എന്നുതന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. പായ്ക്കിങ്ങിൽ വന്ന പ്രശ്‌നമാണിത്. ടെമോസൊളോമൈഡ് മാറിയിട്ടില്ല എന്ന് ഇതിൽനിന്നു വ്യക്തമാണ്. എന്നിരുന്നാലും ആശയക്കുഴപ്പം ഉണ്ടാക്കേണ്ട എന്നു കരുതി വിതരണക്കാരെ അറിയിച്ചശേഷം ഈ മരുന്നുകൾ ഉടൻതന്നെ മാറ്റിെവച്ചു. തുടർനടപടികൾക്കായി ജൂലായ് 30-ന് ആർസിസി ഡ്രഗ് കമ്മിറ്റി ചേർന്നിരുന്നു. ഇതിന്റെ തീരുമാനപ്രകാരം ഓഗസ്റ്റ് 16-ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളറെ വിവരമറിയിച്ചു. തുടർന്ന് ഒക്ടോബർ 10-ന് ഡ്രഗ്സ് കൺട്രോളർ മരുന്നുകൾ ആർസിസിയിൽനിന്നു കണ്ടെടുത്തു.
ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡുമായുള്ള എല്ലാ ഇടപാടുകളും ആർസിസി നിലവിൽ നിർത്തിെവച്ചിരിക്കുകയാണ്. എന്നാൽ, ഇവരെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള അധികാരം ആർസിസിക്കില്ല. അതിനാൽ ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് കത്ത് നൽകി. രക്താർബുദത്തിനുള്ള ചില മരുന്നുകൾ ഇവർ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ. ഇക്കാര്യത്തിൽ സർക്കാരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ആർസിസിയിൽനിന്ന് ഡ്രഗ്സ് കൺട്രോളർ കണ്ടെടുത്ത മരുന്ന് പായ്ക്കറ്റുകൾ തൊണ്ടിമുതലായി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ഇതോടൊപ്പം നൽകിയ റിപ്പോർട്ട് പൂർണമല്ലാത്തതിനാൽ രേഖകൾ കോടതി ഫയലിൽ സ്വീകരിച്ചില്ല. ഡ്രഗ്സ് കൺട്രോളർ പിടിച്ചെടുക്കുന്ന മരുന്നും മറ്റും പിന്നീട് കൃത്രിമം നടന്നുവെന്ന് ആരോപണം ഉണ്ടാകാതിരിക്കാനാണ് നടപടികളുടെ ഭാഗമായി മഹസർ സഹിതം കോടതിയിൽ ഹാജരാക്കുന്നത്.”- ആർസിസി അധികൃതർ വിശദീകരിച്ചു.
Content Highlights: Regional Cancer Centre (RCC) authorities refute claims of dispensing wrong medications.
Published: 10 Oct 2025, 07:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented