നാട്ടിക: ദേശീയപാത 66-ലെ നാട്ടികയിൽ പുനരാരംഭിച്ച ടോൾപിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ മുന്നണികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ലാത്തിയടിയിൽ ഒമ്പത് ഇടതുമുന്നണി പ്രവർത്തകർക്കും രണ്ട് യു.ഡി.എഫ്. പ്രവർത്തകർക്കും പരിക്കേറ്റു. 22 യു.ഡി.എഫ്. പ്രവർത്തകരെ അറസ്റ്റുചെയ്തു. സംഘർഷത്തെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഗതാഗതം സ്തംഭിച്ചു. കാൽനടയാത്രക്കാർ ബാരിക്കേഡിനു മുകളിലൂടെയാണ് റോഡ് മുറിച്ചുകടന്നത്.

To advertise here,

പൊതുമരാമത്തുമന്ത്രിയുടെ നിർദേശപ്രകാരം ടോൾപിരിവിൽ സമവായമുണ്ടാക്കാൻ തിങ്കളാഴ്ച കളക്ടറേറ്റിൽ സർവകക്ഷിയോഗം ചേർന്നുകൊണ്ടിരിക്കെയാണ് ടോൾപിരിവ് പുനരാരംഭിച്ചത്. തുടർന്ന് സർവകക്ഷിയോഗം ബഹിഷ്‌കരിച്ച പാർട്ടികൾ സമരത്തിനിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഇടതുമുന്നണിപ്രവർത്തകർ പ്രകടനമായെത്തി. സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനംചെയ്തു. മറ്റുള്ളവരുടെ പ്രസംഗം കഴിഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവർത്തകരെ അടിച്ചോടിക്കുകയുമായിരുന്നു.

ഡി.വൈ.എഫ്.ഐ. നാട്ടിക ബ്ലോക്ക് സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായ അമൽ ടി. പ്രേമൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ.എൻ. നിസ്സാർ, മേഖലാ സെക്രട്ടറി കെ.എസ്. ലെനിൻ, ജില്ലാപഞ്ചായത്തംഗം പി.ഐ. സജിത, എൻ.എം. നിഖിൽ, സി.ജെ. ദീക്ഷിദ്, ഡി.വൈ.എഫ്.ഐ. മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.കെ. രാഗേഷ്, ഇ.വി. ഡിജു, എസ്.എഫ്.ഐ. മേഖലാ സെക്രട്ടറി കെ.വൈ. അസീം, കെ.എസ്. നന്ദു, കെ.എ. ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടതുപ്രവർത്തകർ പിരിഞ്ഞുപോയതിനുപിന്നാലെ യു.ഡി.എഫ്. പ്രവർത്തകരെത്തി. ഇവർക്കെതിരേ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി. രണ്ടുപേരെ മറുവശത്തേക്ക് വലിച്ചിട്ട പോലീസ് ഇവരെ വലിച്ചിഴച്ചുകൊണ്ടുപോയി. ഡി.സി.സി. ജനറൽ സെക്രട്ടറി ശോഭാ സുബിൻ, കെ.എസ്.യു. സംസ്ഥാനസമിതിയംഗം സി.വി. വിമൽ എന്നിവർക്കാണ് പരിക്കേറ്റത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലമായി അറസ്റ്റുചെയ്ത് പോലീസ് വാഹനത്തിൽ സ്റ്റേഷനിലെത്തിച്ചു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ടോൾപിരിവിനെതിരേ നൽകിയ വിവിധ ഹർജികൾ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം കനക്കുന്നു

ദേശീയപാത 66 കമ്മിഷൻ ചെയ്യുംമുൻപ് നാട്ടികയിൽ ടോൾ പിരിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽഖാദർ പറഞ്ഞു.

ചുറ്റുവട്ടത്ത് താമസിക്കുന്നവർക്ക് ടോൾ പൂർണമായും ഒഴിവാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിക ടോൾ പിരിവിനെതിരേ നടത്തിയ എൽ.ഡി.എഫ്. നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.പി. സന്ദീപ് അധ്യക്ഷനായി. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, എ.എസ്. ദിനകരൻ, ടി.ടി. ശിവദാസ്, കെ.എം. മുസ്താക്കലി, പി.എ. രമേശൻ, കെ.എം. കിഷോർകുമാർ, കെ.എ. വിശ്വംഭരൻ, ടി.എസ്. മധുസൂദനൻ, യു.കെ. ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു. പിന്നാലെയെത്തിയ യു.ഡി.എഫ്. മാർച്ചും സംഘർഷത്തിൽ കലാശിച്ചു. മാർച്ച് കെ.പി.സി.സി. ജനറൽസെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനംചെയ്തു.

ടോൾ പിരിവ് അവസാനിക്കുംവരെ സമരം ചെയ്യുമെന്ന് ജോസ് വള്ളൂർ പറഞ്ഞു. സമരസമിതി കൺവീനർ കെ.എ. ഹാറൂൺറഷീദ് അധ്യക്ഷനായി. നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ. വിജയൻ, അനിൽ പുളിക്കൽ, കെ. ദിലീപ്കുമാർ, സി.എം. നൗഷാദ്, സുനിൽ ലാലൂർ, പി.ഐ. ഷൗക്കത്തലി, രഞ്ജിലാ ഗിരി, പി. വിനു തുടങ്ങിയവർ പങ്കെടുത്തു.