തിരുവനന്തപുരം: നിര്‍മാണം പുരോഗമിക്കുന്നതിനിടെ ഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതയില്‍ കാസര്‍കോട്-തൃശ്ശൂര്‍ ഭാഗത്ത് 40-ലധികം അപകടമേഖലകള്‍. സ്ഥിരമായി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതോടെ കാരണംതേടി ദേശീയപാതാ വിഭാഗം അന്വേഷണം ആരംഭിച്ചു.
നിര്‍മാണപ്പിഴവുമുതല്‍ ഡ്രൈവിങ്ങിലെ അശ്രദ്ധവരെ അപകടത്തിനിടയാക്കുന്നുവെന്നാണ് നിഗമനം. ഇതില്‍ രൂപകല്പനയിലെ പിഴവ് എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ അധികൃതര്‍ കുഴയുകയാണ്.
സ്ഥലമേറ്റെടുക്കുന്നതിലെ പരിമിതികാരണം ചില സ്ഥലങ്ങളില്‍ ഒത്തുതീര്‍പ്പിനുവഴങ്ങി പാത അലൈന്‍മെന്റില്‍ മാറ്റംവരുത്തിയിരുന്നു. ഇറക്കം, കൊടുംവളവ് തുടങ്ങി അപകടമുണ്ടാക്കാനുള്ള സാഹചര്യങ്ങളെല്ലാം ചില സ്ഥലങ്ങളില്‍ ഒത്തുവന്നിട്ടുണ്ട്. കോടികള്‍ മുടക്കി ദേശീയപാത നിര്‍മിക്കുമ്പോള്‍ അപകടം ഒഴിവാക്കാനുള്ള സുരക്ഷാ മുന്‍കരുതല്‍ നിര്‍മാണവേളയില്‍ത്തന്നെ സ്വീകരിക്കേണ്ടതാണ്.
ഇതില്‍ പിഴവ് സംഭവിച്ചെന്നാണ് സൂചന. പ്ലാന്‍ തയ്യാറാക്കുമ്പോഴും നിര്‍മാണ വേളയിലും പൂര്‍ത്തിയാകുമ്പോഴും റോഡ് സേഫ്റ്റി ഓഡിറ്റ് നിര്‍ബന്ധമാണ്. രണ്ടാംഘട്ട ഓഡിറ്റില്‍ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സ്വതന്ത്ര ഓഡിറ്റര്‍മാരെ നിയോഗിക്കണമെന്നാണ് ചട്ടമെങ്കിലും ഇവര്‍ മിക്കപ്പോഴും നിര്‍മാണക്കമ്പനികള്‍ക്ക് അനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കുക.
അതേസമയം, അതിവേഗം, ഡ്രൈവര്‍മാരുടെ അപരിചിതത്വം, ലൈന്‍ ട്രാഫിക്കിലെ പിഴവ്, മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവം എന്നിവയും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നാണ് ദേശീയപാതാ വിഭാഗത്തിന്റെ വിലയിരുത്തല്‍. ലൈനുകള്‍, ബോര്‍ഡറുകള്‍ എന്നിവയെല്ലാം റിഫ്‌ലക്ടീവ് പെയിന്റില്‍ തെളിയിച്ച് ഇലുമിനേറ്റഡ് റോഡുകളാക്കുമ്പോള്‍ അപകടം കുറയുമെന്നാണ് നിഗമനം. രൂപകല്പനയിലെ പിഴവ് പിന്നീട് പരിഹരിക്കുക ബുദ്ധിമുട്ടാണ്.
പുതിയ പാതകളില്‍ അപകടം കൂടുന്നത് സംസ്ഥാനത്ത് ആദ്യമല്ല. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയുണ്ടായ അപകടങ്ങള്‍ക്ക് കാരണം റോഡ് സേഫ്റ്റി ഓഡിറ്റിലെ പിഴവായിരുന്നു. സിഗ്‌നലുകളും അപകടമുന്നറിയിപ്പ് ബോര്‍ഡുകളും ഏറെ അപകടം നടന്നശേഷമാണ് സ്ഥാപിച്ചത്.
ദേശീയപാതാ നിര്‍മാണത്തില്‍ വടക്കന്‍ ജില്ലകളിലാണ് കാര്യമായ പുരോഗതി. വിവിധ സ്‌ട്രെച്ചുകളിലായി പൂര്‍ത്തിയായ ഭാഗം തുറന്നുകൊടുത്തിട്ടുണ്ട്.
നിലവിലുള്ള പാത ആറുവരിയാക്കുമ്പോള്‍ സ്ഥലമേറ്റെടുക്കുന്നതിന് പരിമിതിയുണ്ടെങ്കില്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന സുരക്ഷാ നിര്‍ദേശം അതേപടി പാലിക്കാന്‍ കഴില്ലെന്നതാണ് പ്രധാന ന്യൂനത.
സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. ആദ്യപാതയുടെ അലൈന്‍മെന്റില്‍നിന്ന് കാര്യമായ മാറ്റമില്ലാതെ ഇരുവശത്തും സ്ഥലമേറ്റെടുത്താണ് നിര്‍മാണം. അതേസമയം പൂര്‍ണമായും പുതിയ പാതയാണെങ്കില്‍ റോഡ് സുരക്ഷാമാനദണ്ഡം പൂര്‍ണമായും പാലിച്ച് അലൈന്‍മെന്റ് തയ്യാറാക്കാനാകും.
Content Highlights: Investigating over 40 accident zones on newly opened national highways in Kerala. Discover potential design flaws and driving issues causing frequent accidents.
Published: 10 Nov 2025, 03:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented