
മലപ്പുറം: ആറുവരിപ്പാത നിര്‍മാണത്തില്‍ അശാസ്ത്രീയതയില്ലെന്ന് ദേശീയപാത-66 പ്രോജക്ട് ഡയറക്ടര്‍ അന്‍ഷില്‍ ശര്‍മ. ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് കളക്ടറേറ്റില്‍ കളക്ടര്‍ വി.ആര്. വിനോദും ജനപ്രതിനിധികളും ദേശീയപാത ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് അന്‍ഷില്‍ ശര്‍മ ഇക്കാര്യമറിയിച്ചത്. മഴകാരണം അടിത്തറയിലുണ്ടായ സമ്മര്‍ദത്താല്‍ മണ്ണ് ഇളകിമാറിയതാകാം റോഡിന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു.
വിശദപരിശോധനയ്ക്ക് ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗ സ്വതന്ത്രസംഘം ബുധനാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം എംഎല്‍എമാരടക്കം പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ചനടത്തി തുടര്‍നടപടികള്‍ തീരുമാനിക്കും.
പാതനിര്‍മാണത്തിലെ അശാസ്ത്രീയത നേരത്തേ ചൂണ്ടിക്കാട്ടിയിട്ടും മുഖവിലയ്ക്കെടുക്കാന്‍ തയാറായില്ലെന്നു യോഗത്തില്‍ പങ്കെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്‍എച്ച് അതോറിറ്റി മാനിക്കാറില്ല. വയല്‍ നികത്തിയുള്ള പണി അപകടമുണ്ടാക്കുമെന്നും കൂരിയാട് ഭാഗത്ത് മേല്‍പ്പാലമാണു വേണ്ടതെന്നു നിര്‍ദേശിച്ചിരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാത നിര്‍മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് ജില്ലാ വികസനസമിതി യോഗത്തില്‍ പലതവണ മുന്നറിയിപ്പുനല്‍കിയതായി എംഎല്‍എമാരായ പി. അബ്ദുല്‍ഹമീദും കെ.കെ. ആബിദ്ഹുസൈന്‍ തങ്ങളും ചൂണ്ടിക്കാട്ടി.
വയല്‍നികത്തി പാത നിര്‍മിച്ചതുകാരണം വെള്ളക്കെട്ട് രൂക്ഷമാണെന്നു പ്രദേശത്തെ ജനപ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. കണ്ണമംഗലം മലയില്‍നിന്നുള്ള വെള്ളം വേങ്ങര തോട് വഴി കടലുണ്ടിപ്പുഴയിലേക്ക് സുഖമമായി ഒഴുകിയെത്തിയിരുന്നു. ഇപ്പോള്‍ വീടുകളിലേക്കും സ്കൂളുകളിലേക്കും വെള്ളം കയറുന്നുണ്ട്.
വീഴ്ചയുണ്ടെങ്കില്‍ നടപടി
വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ വി.ആര്. വിനോദ്. ജനങ്ങളുടെ സുരക്ഷയ്ക്കുതന്നെയാണ് മുന്‍ഗണന. നിര്‍മാണത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും.
അപകടം ആവര്‍ത്തിക്കില്ലെന്നു എന്‍എച്ച് അതോറിറ്റി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. അപകടം നടന്ന കൂരിയാട് ഭാഗത്ത് ദേശീയപാതയും സര്‍വീസ് റോഡും തകര്‍ന്നതിനാല്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ താത്കാലികമായി വഴിതിരിച്ചുവിടും. കുരുക്കില്ലാതെ ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥും ആര്‍ടിഒ ബി. ഷഫീക്കും പറഞ്ഞു.
മഴ കനത്താല്‍ കൂരിയാട്ട് പ്രശ്നമാകും
കൂരിയാട്: ജനങ്ങളുടെയും കര്‍ഷകരുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ വേങ്ങേര കൂരിയാട് പണിതുയര്‍ത്തിയ പാത തകര്‍ന്നടിഞ്ഞതോടെ പുനര്‍നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ സമീപത്തെ കര്‍ഷകര്‍ ആശങ്കയിലാണ്. പണിതുടങ്ങിയ അന്നുമുതല്‍ പരാതിയുമായി ജനപ്രതിനിധികളെയും അധികാരികളെയും സമീപിച്ചതാണ് പാതയ്ക്കു സമീപമുള്ള കൂരിയാട്, കൊളപ്പുറം, കുറ്റൂര്‍ പാടശേഖരങ്ങളിലെ കര്‍ഷകര്‍.
മുകള്‍ഭാഗത്തുനിന്നു വരുന്ന കടലുണ്ടിപ്പുഴയിലെ വെള്ളം പാതയ്ക്കു കുറുകെ ഒഴുകി കൂരിയാട് തോട്ടിലൂടെ വീണ്ടും പുഴയിലെത്താനുതകുന്ന തരത്തിലുള്ളതല്ല കലുങ്കുകളുടെ നിര്മാണമെന്നതായിരുന്നു കര്‍ഷകരുടെ ആദ്യ പരാതി. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ മഴക്കാലത്തുണ്ടായ സംഭവങ്ങള്‍. ഒട്ടേറെ കര്‍ഷകരുടെ കൃഷി നശിച്ചു. വീടുകള്‍ വെള്ളത്തിനടിയിലായി. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അധികൃതര്‍ വീണ്ടും നിര്‍മാണം തുടര്‍ന്നു. പിന്നീട് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങള്‍ കൂരിയാട് പാടശേഖരത്തില്‍നിന്നു മാറ്റിയില്ലെന്നും പാടശേഖരങ്ങളിലെ പ്രധാന നീര്‍ച്ചാലുകളായ വേങ്ങരത്തോട്, കൈതത്തോട് എന്നിവ അടഞ്ഞനിലയിലാണെന്നും ഇവര്‍ പരാതിപ്പെട്ടു. കര്‍ഷകരുടെ പരാതിയില്‍ ജനപ്രതിനിധികളും ദേശീയപാത അധികൃതരും സ്ഥലം സന്ദര്‍ശിച്ചെങ്കിലും ഇതുവരെ നടപടിയായില്ല.
വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ കാര്‍ഷികമേഖലയുടെ നട്ടൈല്ലാണ് കുറ്റൂര്‍, കൂരിയാട്, കൊളപ്പുറം പാടശേഖരങ്ങള്‍. ഇവിടെ രണ്ടുതവണ നെല്ലും ഇടയിലുള്ള സമയത്ത് പച്ചക്കറികളും കൃഷിചെയ്തുവരുന്നു. മഴപെയ്താല്‍ കടലുണ്ടിപ്പുഴയിലെ ജലനിരപ്പുയരുകയും വെള്ളം വലിയോറ പാടത്തെത്തുകയും കൂരിയാട് പാടശേഖരങ്ങളിലൂടെ വേങ്ങരത്തോട്, കൈതത്തോട് എന്നീ നീര്‍ച്ചാലുകളിലൂടെ ഒഴുകി പനമ്പുഴക്കടവില്വെച്ച് വീണ്ടും കടലുണ്ടിപ്പുഴയില്‍ ചേരുകയും ചെയ്യും. ദേശീയപാത പുനര്‍നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ നിര്‍മാണത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങള്‍ ഇതുവരെ നീക്കിയിട്ടില്ല. പാത തകര്‍ന്നടിയുകയും ഈ ഭാഗത്ത് പണി നടക്കുന്നതിനെതിരേ ജനം പ്രതിഷേധിക്കുകയും ചെയ്തതോടെ പണി നിലച്ചനിലയിലാണ്.
ഇപ്പോഴും തോടുകളുടെ മുന്‍വശത്ത് വലിയ മണ്‍കൂനകളും കോണ്‍ക്രീറ്റ് കെട്ടുകളുമാണ്. ഇത്തരമൊരവസ്ഥയില്‍ മഴ തുടര്ന്നുപെയ്താല് പാടശേഖരത്തില്‍ വെള്ളക്കെട്ടുണ്ടാകുകയും കൃഷിയും പാടശേഖരത്തിനടുത്തുള്ള വീടുകളും വെള്ളത്തിനടിയിലാകും. ഇതിന് പെട്ടെന്നൊരു പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: National Highway 66 road collapse in Malappuram, Kerala. Investigation finds no design flaws,
Published: 21 May 2025, 09:11 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented