കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ രൂക്ഷ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്‌ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കയറ്റിയത് കെ.സി. വേണുഗോപാലാണെന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

To advertise here,

‘’പോറ്റിയെ കേറ്റിയേതാരപ്പാ... നിങ്ങൾ എല്ലാവരും കൂടി ചോദിച്ചില്ലേ. അന്ന് നിങ്ങൾ എന്താ പറഞ്ഞേ സഖാക്കളാണപ്പാ. ഇപ്പോഴോ മനസ്സിലായില്ലേ? കെ.സി വേണുഗോപാൽ ആണപ്പ’’, എം.വി ഗോവിന്ദൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം പുകയുകയാണ്. തന്ത്രിയെ തള്ളി സിപിഎമ്മും മൃദുസമീപനം സ്വീകരിച്ച് കോൺഗ്രസും രംഗത്തെത്തിയതോടെ വിഷയം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കണ്ഠര് രാജീവരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത നടപടി സംശയാസ്പദമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും ദേവസ്വം മന്ത്രി വി.എൻ. വാസവനിലേക്കും എത്താതിരിക്കാനാണ് തന്ത്രിയെ കരുവാക്കിയതെന്നും മന്ത്രിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്ത്രിയെ 41 ദിവസം ജയിലിൽ പാർപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

രാഷ്ട്രീയ പകപോക്കൽ

തെളിവിന്റെ കണികപോലുമില്ലാതെ തന്ത്രിയെ അറസ്റ്റുചെയ്തതിലൂടെ എസ്.ഐ.ടി.യുടെ വിശ്വാസ്യത തകർന്നെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇതിനുപിന്നിൽ രാഷ്ട്രീയപകപോക്കലുണ്ട്. തന്ത്രിയെ അറസ്റ്റുചെയ്തത് മന്ത്രിയെ രക്ഷിക്കാനാണോയെന്ന ആശങ്ക ആ സമയത്ത് പ്രതിപക്ഷം പങ്കുവെച്ചതാണ്. പ്രതികാരനടപടിയാണ് തന്ത്രിയോട് കാട്ടിയതെങ്കിൽ അത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.