കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പുകേസില്‍ ശിക്ഷിക്കപ്പെടുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്ത ആളല്ല റവാഡ ചന്ദ്രശേഖറെന്നും പിന്നീട് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടയാളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളാ പോലീസ് ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനേക്കുറിച്ച് കണ്ണൂരില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് മേധാവിയായി വരാന്‍പറ്റിയ ഒരാള്‍ എന്നനിലയിലാണ് സര്‍ക്കാര്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സിപിഎമ്മിന് ഇതിന്റെ ഭാഗമായി വേറെയൊന്നും പറയാനില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കേസില്‍ വന്നതുകൊണ്ട് മാത്രം ശിക്ഷിക്കപ്പെടുമോ? കേസിന്റെ ഭാഗമായി വന്നു. പിന്നീട് കോടതി അത് പരിശോധിച്ചു. അദ്ദേഹത്തെ പ്രതിചേര്‍ക്കുന്നതില്‍ കാര്യമില്ലെന്ന് കോടതി കണ്ടെത്തി. അതോടെ ഒഴിവാക്കുകയാണ് ഉണ്ടായതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തില്‍ സാങ്കേതികമായ എന്തെങ്കിലും തടസ്സം ആരും ഉന്നയിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ആരോപണമായി ഉന്നയിക്കുന്നത്, കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തില്‍ ഇവിടെ ഉണ്ടായിരുന്ന ഒരാളാണ് എന്നാണ്. സംഭവത്തിന് രണ്ടുദിവസം മുന്‍പാണ് ഐപിഎസ് പരിശീലനം കഴിഞ്ഞ് റവാഡ തലശ്ശേരിയില്‍ ജോലിക്ക് കയറുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ഇതില്‍ കാര്യമായ പരിചയമോ പ്രദേശത്തെ കുറിച്ചുള്ള അറിവോ ഇല്ലായിരുന്നു.
സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പു തന്നെ അവിടെയുണ്ടായിരുന്നു. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളോട് ഒരു ഭാഗത്തേക്ക് മാറിനില്‍ക്കണമെന്ന് പറയുകയും അവര്‍ അങ്ങനെ ചെയ്യുകയും ചെയ്തതാണ്. അപ്പോഴാണ് മന്ത്രിയുടെ വ്യൂഹം വന്നതും സംഘര്‍ഷത്തിലേക്ക് കടന്നതും, ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: mv govindan on ravada chandrasekharan appointment as kerala dgp
Published: 30 Jun 2025, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented