വിതുര: പട്ടികവർഗ മേഖലയുടെ വികസനം ലക്ഷ്യമിട്ട് നിർമിച്ച സ്ഥാപനം ഇപ്പോൾ സ്വകാര്യവ്യക്തിയുടെ കോഴിവളർത്തൽ കേന്ദ്രമായും കെട്ടിട വളപ്പ് ഉപയോഗിക്കുന്നത് വാഴക്കൃഷിക്കെന്നും പരാതി. തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറ ഉൗരിൽ ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച കെട്ടിടം നശിക്കുന്നതിനെതിരേ നാട്ടുകാരാണ് പഞ്ചായത്തിൽ ഉൾപ്പെടെ പരാതി നൽകിയത്. പ്രതിഷേധം ശക്തമാകുമ്പോഴും അധികാരികൾ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതായാണ് ആക്ഷേപം.

To advertise here,

ചെട്ടിയാംപാറയിലേയും സമീപ ഉൗരുകളിലെയും ആൺകുട്ടികൾക്കു താമസിക്കുന്നതിനായി 1975-80-ലാണ് ഐ.ടി.ഡി.പി.യുടെ കീഴിൽ പ്രീമെട്രിക് ഹോസ്റ്റൽ നിർമിച്ചത്. തുടക്കത്തിൽ നന്നായി പ്രവർത്തിച്ചിരുന്ന ഇവിടെ ധാരാളം കുട്ടികൾ താമസിച്ചു പഠിച്ചിരുന്നു. മറ്റിടങ്ങളിൽ ഹോസ്റ്റലുകൾ ആരംഭിച്ചതും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടാത്തതും കുട്ടികളുടെ എണ്ണത്തിൽ കുറവുവരുത്തി. 2005-10-ൽ ഹോസ്റ്റൽ പ്രവർത്തനം പൂർണമായി നിലച്ചു. തുടർന്ന് പെൺകുട്ടികൾക്കുള്ള തൊഴിൽ പരിശീലനകേന്ദ്രമായി മാറി. ചൂരൽ ഉത്‌പന്നങ്ങളുടെ നിർമാണം, തയ്യൽ തുടങ്ങിയവയിലായിരുന്നു പരിശീലനം. കുറച്ചുകഴിഞ്ഞപ്പോൾ അതും നിലച്ചു. ചെട്ടിയാംപാറ ട്രൈബൽ എൽ.പി.എസിന് പുതിയ കെട്ടിടം നിർമിച്ചപ്പോൾ പഠനം ഈ ഹോസ്റ്റലിലായിരുന്നു.

പിന്നീട്‌ ഊരുകൂട്ടങ്ങളും ജനകീയ കമ്മിറ്റികളും ചേരാനുള്ള ഇടമായി സ്ഥാപനം മാറി. അധികൃതരുടെ അനാസ്ഥയിൽ മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടിമാറി മഴവെള്ളം ഉള്ളിലേക്കു പതിക്കുന്ന സാഹചര്യം വന്നതോടെ യോഗങ്ങളും നിർത്തി. തുടർന്ന് പരാതികളും നിവേദനങ്ങളുമായി നാട്ടുകാർ പലരെയും സമീപിച്ചു. നടപടി ഉണ്ടാകുമെന്ന ഉറപ്പിൽ വളപ്പ് തിരിച്ച് കാത്തിരിക്കുന്നതിനിടയിലാണ് സമീപത്തെ സ്വകാര്യവ്യക്തി ഇതിനുള്ളിൽ കോഴികളെ വളർത്താൻ തുടങ്ങിയതെന്ന് സമീപവാസികൾ പറയുന്നു. വളപ്പിൽ ഇയാൾ വാഴകൾ വെച്ചുപിടിപ്പിച്ചു. കെട്ടിടം പുനർനിർമിക്കണം എന്നാവശ്യപ്പെട്ട് മൂന്നുമാസം മുൻപ്‌ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. 

പാഴായ മിനി തിയേറ്ററും പൊളിഞ്ഞ തൊഴിൽകേന്ദ്രവും

ഹോസ്റ്റലിനു പുറമെ ശോച്യാവസ്ഥയിലായ മിനി തിയേറ്ററും തൊഴിൽ പരിശീലനകേന്ദ്രവും അനാസ്ഥയുടെ അടയാളങ്ങളാണ്. ഗോത്രകലകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് തിയേറ്റർ സ്ഥാപിച്ചത്‌. കൂടാതെ ഉൗരുകളിലെ പൊതുപരിപാടികളും വിവാഹച്ചടങ്ങുകളും ഇവിടെ നടത്തിയിരുന്നു. എന്നാൽ കാലക്രമേണ ഇതും നിലച്ചു. വൈദ്യുതി വിച്ഛേദിച്ചതോടെ പൂർണമായും അടഞ്ഞു. തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ സ്ഥിതിയും ഇതുതന്നെ.