
മുരാരി ബാബു | Photo: Screengrab / Mathrubhumi News
കോട്ടയം: ഏറ്റുമാനൂർ ഉത്സവത്തിന് ആനകളെ വാടകയ്ക്കെടുത്ത വകയിൽ 23.57 ലക്ഷം രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ രേഖ പുറത്ത്. ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരിബാബുവായിരുന്നു ഉത്സവ നടത്തിപ്പിന്റെ സ്പെഷ്യൽ ഓഫീസർ. ഇക്കഴിഞ്ഞ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചെലവ് തുക ആവശ്യപ്പെട്ടാണ് ബോർഡിന് റിപ്പോർട്ട് കൊടുത്തത്.
അതേസമയം മുരാരിബാബു ഇടപെട്ട സാമ്പത്തിക കാര്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും നിരീക്ഷണത്തിലും പരിശോധനയിലും ആയതിനാൽ പണം നൽകേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനിച്ചതെന്നറിയുന്നു. ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കുവേണ്ടി വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറാണ് ബോർഡിലേക്ക് ധനാഭ്യർഥനാ റിപ്പോർട്ട് കൊടുത്തത്.
മുരാരിബാബുവും ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇവിടെ ഉത്സവനടത്തിപ്പിന് വൈക്കം ഡെപ്യൂട്ടി കമ്മിഷണർ ഉണ്ടെന്നിരിക്കെ, മുരാരിയെക്കൂടി സ്പെഷ്യൽ ഓഫീസറായി എന്തിന് അയച്ചു എന്നതിന് വിശദീകരണമില്ല. മഹാക്ഷേത്രങ്ങളിൽ ആനകളെ സംഘടിപ്പിച്ചുകൊടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ കഴിവ് പരിഗണിച്ചാണ് ഇതെന്നാണ് ബോർഡ് അനൗദ്യോഗികമായി നൽകുന്ന വിശദീകരണം.
ഏറ്റുമാനൂരിൽ 58 ആനകളെ ആവശ്യമായി വന്നതിൽ മൂന്നെണ്ണത്തിനെ മാത്രമേ ഗുരുവായൂർ ദേവസ്വത്തിൽനിന്ന് കിട്ടിയുള്ളൂ എന്നാണ് റിപ്പോർട്ടിലുള്ളത്. എഴുന്നള്ളിച്ച ആനകളുടെ ആകെ വാടക 52 ലക്ഷത്തിലധികം രൂപയായിരുന്നു. ഇതിൽ 26 ലക്ഷം രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി. ഉത്സവത്തിന് ബോർഡ് മുൻകൂർ നൽകുന്ന തുകയായ 25 ലക്ഷം അടച്ചാണ് ബാക്കി ആനകളെ എത്തിച്ചത്. സ്പോൺസർഷിപ്പിൽ കിട്ടിയതിൽ നീക്കിയിരിപ്പുണ്ടായിരുന്ന 1.43 ലക്ഷം ദേവസ്വത്തിലേക്ക് അടച്ചിരുന്നു. ബാക്കി 23.57 ലക്ഷം രൂപ ബോർഡ് അനുവദിച്ച് അഡ്വാൻസ് തുകയിലേക്ക് വരവ് വെക്കണമെന്നാണ് ആവശ്യം.
ദേവസ്വം ചട്ടപ്രകാരം 15,000 രൂപ മാത്രമേ അനുവദിക്കാവൂ എന്നിരിക്കെ ആന ഒന്നിന് 1.48 ലക്ഷം രൂപ കൊടുക്കണം എന്നതാണ് റിപ്പോർട്ടിന്റെ സാരാംശം. റിപ്പോർട്ടിൽ പറയുന്ന കണക്കുകളിൽത്തന്നെ അവ്യക്തതയുണ്ടെന്നത് മറ്റൊരു കാര്യം. മുരാരി ബാബുവിന്റെ നേതൃത്വത്തിൽ ആന സ്പോൺസർഷിപ്പിന് വലിയ തട്ടിപ്പ് നടന്നതായി ആക്ഷേപം വന്നിരുന്നു. ഒരു ആനയ്ക്കുതന്നെ പല സ്പോൺസർമാരെ കണ്ടെത്തി പണം ശേഖരിച്ചു. ഇതിൽ ഒരു സ്പോൺസറുടെ മാത്രം കണക്ക് കാണിച്ചു എന്നതാണ് ആരോപണം. മഹാക്ഷേത്രങ്ങളിൽ ഉത്സവത്തിന് ആനകളെ നൽകുന്നത് ഉടമകൾക്ക് താത്പര്യമുള്ള കാര്യമാണ്. ഇത് ഏക്കത്തുക പിന്നീട് കൂട്ടാൻ മാനദണ്ഡമാക്കും. പലരും ഏക്കത്തുക ഈടാക്കാതെ തന്നെ വഴിപാടായി ആനകളെ നൽകുകയുംചെയ്യും. അവയൊന്നും പരിഗണിക്കാതെയാണ് ആനച്ചെലവിൽ പണം ബോർഡിനോട് ചോദിക്കുന്നത്.
Content Highlights: Report reveals a demand for Rs 23.57 lakh from Travancore Devaswom Board for elephant rentals during Ettumanoor festival, linked to arrested official Murari Babu. Investigate the alleged scam!
Published: 12 Nov 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented