ഇടുക്കി: തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്. തലയ്ക്ക് പരിക്കേറ്റ മിനി ബസിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഡ്രൈവറുടേതൊഴികെ മറ്റു യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ പൂപ്പാറ-ബോഡിമെട്ട് റൂട്ടിൽ തോണ്ടി മലയ്ക്ക് സമീപത്തെ വളവിലാണ് അപകടം നടന്നത്. മൂന്നാറിലേക്ക് തിരിച്ച ചെന്നൈ സ്വദേശികളായ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.
തോണ്ടിമലയിലെ വലിയ എസ് വളവിന് തൊട്ടുമുമ്പിലെ വളവിലാണ് ബസ് മറിഞ്ഞത്. വളവ് തിരിയുന്നതിനിടെ റോഡരികിലേക്ക് മറിയുകയായിരുന്നു. ബസിന്റെ മുന്നിലും പിന്നിലുമുള്ള ചില്ലുകൾ തകർന്നു. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ വാഹനത്തിലുണ്ടായിരുന്നു.

To advertise here,

ഇത്തരം വളവുകൾക്കും റോഡിന്റെ ഘടനയ്ക്കും ചേരാത്ത നിർമിതിയുള്ള വാഹനങ്ങളാണ് തമിഴ്നാട്ടിൽനിന്നെത്തുന്ന മിനി ബസുകളേറെയും. ഇത്തരം ബസുകൾ ഇവിടങ്ങളിൽ അപകടത്തിൽപ്പെടുന്നത് പതിവുസംഭവമാണ്. നീലക്കുറിഞ്ഞി കാണുന്നതിനുൾപ്പെടെ നിരവധി സഞ്ചാരികൾ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മിനി ബസുകളിൽ എത്തുന്നുണ്ട്. റോഡിന്റെ ഘടന പരിചയമില്ലാത്തതിനാൽ ഇത്തരം മിനി ബസുകൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. റോഡിന് വീതിയുണ്ടായിരുന്നതിനാൽ അപകടത്തിനുശേഷം ഗതാഗത തടസ്സം സാരമായി ഉണ്ടായില്ല. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.