തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുദുരന്തത്തിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ അടുത്ത പറമ്പിൽനിന്നടക്കം ഒരു വിരലിന്റെ ഭാഗവും തലയുടെ ഭാഗവും കിട്ടി. വെള്ളിയാഴ്ച ഉച്ചയ്ക്കുമുൻപ് നടത്തിയ തിരച്ചിലിലാണിവ കണ്ടെത്തിയത്. വൈകുന്നേരത്തോടെ മറ്റുചില ഭാഗങ്ങളും കണ്ടെത്തി. ഇവയെല്ലാം ഡി.എൻ.എ. പരിശോധനക്കയച്ചു.

To advertise here,

ജുഡീഷ്യൽ കമ്മിഷന്റെ സന്ദർശനത്തിനുവേണ്ടി അപകടസ്ഥലം പോലീസ് കനത്ത ബന്തവസ്സിലാക്കിയിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ കമ്മിഷൻ എത്തുമെന്നാണ് അറിയുന്നത്. ഇതുവരെ ഒൻപതുപേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുനൽകി.

ഒരാളുടെ മൃതദേഹം തിരിച്ചറിയാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 132 ശരീരഭാഗങ്ങൾ ഡി.എൻ.എ. പരിശോധനയ്ക്കയച്ചിട്ടുണ്ട്. നാലുപേരെ ഇനിയും കണ്ടെത്തിയിട്ടുമില്ല. മരിച്ചവർ, പരിക്കേറ്റവർ, കാണാതായവർ, രക്ഷപ്പെട്ടവർ എന്നിവരുൾപ്പെടെ 34 പേർ ദുരന്തസമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ചികിത്സയിലുള്ള അനിത, അഖിൽ, ഉദയകുമാർ, ഹരി, ബാബു, ഭവാനി എന്നിവർ ശനിയാഴ്ച ആശുപത്രിവിടും. വെടിക്കെട്ട് ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.

ഫോൺ: മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തലപ്പിള്ളി താലൂക്ക് ഓഫീസ്: 0488 4232226, തൃശ്ശൂർ കളക്ടറേറ്റ് കൺട്രോൾ റൂം: 94470 74424, മെഡിക്കൽ കോളേജ് കൺട്രോൾ റൂം: 8075011853.

വെടിക്കെട്ടുപുരയിൽ ജോലിചെയ്തിരുന്നവരിൽ ആരെങ്കിലും സ്ഥലത്തുനിന്ന് പോയിട്ടുണ്ടെങ്കിൽ അവരും ബന്ധപ്പെടണം.