
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്ന സ്ഥലം ( ഫയല്‍ ചിത്രം) | ഫോട്ടോ: അജിത് പി.വി
കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെത്തുടർന്ന് ബാക്കിയായ 1082.5 കിലോ സ്‌ഫോടകവസ്തുക്കൾ കുടവട്ടൂരിലെ പാറമടയിൽക്കൊണ്ടുപോയി നശിപ്പിച്ചതായി ബോംബ് സ്‌ക്വാഡ് ഗ്രേഡ് എസ്.ഐ.യായിരുന്ന രാമരാജൻ പ്രത്യേക കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.സി. ആന്റണി മുൻപാകെ മൊഴി നൽകി.
ക്ഷേത്രത്തിന്റെ മുൻവശത്തും തെക്ക്, കിഴക്ക് ഭാഗങ്ങളിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കും ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾക്കൊപ്പവും ഉണ്ടായിരുന്ന പൊട്ടിയതും പൊട്ടാത്തതുമായ സ്‌ഫോടകവസ്തുക്കളും തകർന്ന കമ്പപ്പുരയ്ക്കു സമീപം സൂക്ഷിച്ചിരുന്നവയും ചേർത്ത് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ഡയറക്ടർക്കൊപ്പം തൂക്കമെടുത്തശേഷമാണ് നശിപ്പിച്ചത്. ഗ്രേഡ് എസ്.ഐ.യായിരുന്ന ആന്റണിയുടെയും മൊഴി രേഖപ്പെടുത്തി.
എസ്.ഐ.ക്കൊപ്പം ശാർക്കര ദേവീക്ഷേത്രമൈതാനത്തെ വാഹനങ്ങളിലും മറ്റും സൂക്ഷിച്ച സഫോടകവസ്തുക്കൾ അസിസ്റ്റന്റ് ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവിന്റെ സാന്നിധ്യത്തിൽ തിട്ടപ്പെടുത്തി പിന്നീട് നിർവീര്യമാക്കിയതായി ആന്റണി മൊഴി നൽകി.
സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറിപ്പോയ കേസിലെ ഏഴാംസാക്ഷി സ്‌കന്ദസ്വാമിയെ ജൂലായ് 18-ന് വിസ്തരിക്കും. സാക്ഷികളായ നെടുങ്കണ്ടം വയലിന്റെകുഴിയിൽ വസന്താമന്ദിരത്തിൽ സന്തോഷ്, കഴക്കൂട്ടം അമ്പുവിളവീട്ടിൽ മജീദ് എന്നിവർക്കും വിചാരണയ്ക്ക് ഹാജരാകാനുള്ള സമൻസ് അയച്ചിട്ടുണ്ട്.
പ്രതികൾക്കായി അഭിഭാഷകരായ ഓച്ചിറ എൻ. അനിൽകുമാർ, ജി. മോഹൻരാജ്, എൽ. ലിന്റൺ, മരുത്തടി എസ്. നവാസ്, ചിറക്കരത്താഴം സുരേഷ്‌കുമാർ എന്നിവർ സാക്ഷികളെ വിസ്തരിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.
Content Highlights: Bomb squad confirmed the safe disposal of 1082.5 kg of explosives., Evidence collection included materials from the temple site and storage sheds., Official testimony provided to Additional Sessions Court Judge M.C. Antony., Upcoming trial dates set for July 18, 2026.
Published: 29 Jun 2026, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented