തിരുവനന്തപുരം: മുനമ്പം ഭൂമിപ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് നൽകി. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ മുഖ്യമന്ത്രിക്കാണ് 70 പേജുള്ള റിപ്പോർട്ട് കൈമാറിയത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന തർക്കത്തിൽ കോടതിവിധി എതിരായാലും അവിടെ താമസിക്കുന്നവരെ സർക്കാരിന് സംരക്ഷിക്കാനാവുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയതായി അറിയുന്നു. മുനമ്പം നിവാസികളുടെ അവകാശം സംരക്ഷിക്കാനുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളതെന്നും നടപടിയെടുക്കേണ്ടത് സർക്കാരാണെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.

To advertise here,

നിലവിലെ നിയമപ്രകാരംതന്നെ സർക്കാരിന് വേണമെങ്കിൽ ഈ ഭൂമി പൊതു ആവശ്യത്തിനായി ഏറ്റെടുക്കാമെന്ന് നേരത്തേ ജസ്റ്റിസ് രാമചന്ദ്രൻ നായർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പ്രദേശവാസികളുമായും വഖഫ് ബോർഡുമായും ചർച്ചനടത്തി പ്രശ്നം പരിഹരിക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദീർഘകാലമായി അറുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് സ്വത്താണെന്ന് 2019-ൽ വഖഫ് ബോർഡ് അവകാശപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ഫാറൂഖ് കോളേജ് ഉടമകളിൽനിന്നു വാങ്ങിയ വസ്തുവിൽനിന്ന് കുടിയിറക്കാനുള്ള നീക്കത്തിൽ മുനമ്പം നിവാസികൾ പ്രക്ഷോഭം തുടങ്ങിയതോടെയാണ് സർക്കാർ കമ്മിഷനെ നിയോഗിച്ചത്.