കോഴിക്കോട്: സർക്കാർ പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. എബിവിപിയുമായും ബിജെപിയുമായും ബന്ധമുള്ളവർ എങ്ങനെയാണ് സർക്കാർ പ്ലീഡർ പട്ടികയിൽ ഉൾപ്പെടുന്നതെന്നും ഇക്കാര്യം കെ.എസ്.യു.വിനെപോലും ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

'ലോയേഴ്‌സ് കോൺഗ്രസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്ലീഡർ നിയമനം എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്ലീഡർമാരെ നിയമിക്കുന്നതിൽ അഡ്വക്കറ്റ് ജനറൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം, ഒരു സംഘനയുടെ ലെറ്റർപാഡ് നോക്കിയാണോ പ്ലീഡർമാരെ നിയമിക്കേണ്ടത്?' ഇതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും റിയാസ് വിമർശിച്ചു.

മത, സാമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ എതിർത്ത് താൻ പരാമർശം നടത്തിയിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. 'കേരളത്തിൽ വിവിധ സമുദായ സംഘടനകളും നേതാക്കളുമുണ്ട്. അവർ മുഖ്യമന്ത്രിയെ കാണുകയും സാഹോദര്യത്തിനും സമൂഹത്തിന്റെ പൊതുനന്മയ്ക്കും വേണ്ടിയുള്ള നിലപാടുകൾ പരസ്പരം ചർച്ച ചെയ്യുന്നതും നല്ല കാര്യമാണ്.' റിയാസ് പറഞ്ഞു.

'എന്നാൽ, ഇവിടെ വിദ്വേഷപ്രചാരകരെന്ന് ബ്രാൻഡ് ചെയ്യപ്പെട്ട ആളുകളുണ്ട്. അവരെ വെള്ളപൂശാനായി തങ്ങളുടെ അക്കൗണ്ടിലൂടെ അതിന് മറുപടി പറയുകയാണ് മുഖ്യമന്ത്രി.' സമസ്തയും മുസ്ലിംലീഗും പരസ്യമായും രഹസ്യമായും ഉന്നയിച്ച കാര്യങ്ങളിൽ മറുപടി പറയാൻ ത്രാണിയില്ലാത്തതിനാൽ അവർക്കുള്ള മറുപടിയും തങ്ങളുടെ അക്കൗണ്ടിലൂടെ പറയുകയാണെന്നും റിയാസ് വിമർശിച്ചു.

'കെ.എസ്.യു. പ്രവർത്തകരേയും കെപിസിസി സെക്രട്ടറിയെയും സാമുദായിക നേതാക്കളെയും വിദ്വേഷ പ്രചാരകരേയും കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്.' വിദ്വേഷപ്രചാരകരായ രണ്ടുപേരേക്കാൾ മുകളിലല്ല കെഎസ്.യു. നേതാക്കളും കെപിസിസി സെക്രട്ടറിയും എന്ന് മുഖ്യമന്ത്രി നിശ്ചയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.