കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ അധികാരവിമര്‍ശനത്തില്‍ പ്രതികരണവുമായി കവി  കെ. സച്ചിദാനന്ദന്‍. എം.ടി.യുടേത് അധികാരത്തേപ്പറ്റിയുള്ള പൊതുവായ അഭിപ്രായമാണെന്നും ഒരാളെയോ സന്ദര്‍ഭത്തെയോ എം.ടി. ചൂണ്ടിപ്പറഞ്ഞിട്ടില്ലെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ലെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. 

To advertise here,

എം.ടി പറഞ്ഞതിൽനിന്ന് പലര്‍ക്കും പല അര്‍ഥങ്ങളും കണ്ടുപിടിക്കാം. അവ കണ്ടുപിടിക്കപ്പെട്ട അര്‍ഥങ്ങളാണെന്നേ പറയാന്‍പറ്റൂ. അധികാരത്തെ പറ്റിയിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവമായിരുന്നു അത്. അധികാരം പ്രയോഗിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ്. സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ അവരവരുടെ അധികാരം പ്രകടിപ്പിക്കുന്നതിനു വേണ്ടിയോ അല്ലായെന്നുള്ള പൊതുവായ അഭിപ്രായ പ്രകടനമായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. തീര്‍ച്ചയായും മുഖ്യമന്ത്രി അവിടെ ഇരിക്കുന്നതുകൊണ്ട് ആ രീതിയിലുള്ള വ്യഖ്യാനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. പക്ഷേ അങ്ങനെ കാണണമെന്നില്ല. അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചുണ്ടോയെന്ന് എം.ടി.യോട് തന്നെ ചോദിക്കേണ്ടതുണ്ട്. ഇം.എം.എസ് തീര്‍ച്ചയായും മാതൃകയാണ്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട പ്രസ്ഥാനമാണ് കമ്മ്യൂണിസം. അപ്പോള്‍ അതിന്റെ അടിസ്ഥാന മൂല്യങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട്. അതില്‍നിന്ന് അകന്നു പോകുന്നു എന്നതൊക്കെ ഊഹങ്ങളാണ്.

അമിതാധികാരപ്രയോഗമാണ് കമ്മ്യൂണിസം നേരിട്ട പ്രതിസന്ധിക്ക് കാരണം. അത് ഒരു പൊതുപ്രസ്താവം എന്ന നിലയ്ക്ക് ശരിയാണ്. അത് ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല. അമിതാധികാരത്തിനെതിരെയുള്ള പ്രസ്താവമായി എടുത്താല്‍ മതി. ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ അപചയിക്കാതെ നിലനിര്‍ത്തേണ്ട ആവശ്യകതയായും അതിനെ വ്യാഖ്യാനിക്കാം. വ്യക്തിപൂജയ്ക്ക് എതിരായ വിമര്‍ശനം എല്ലാ എഴുത്തുകാര്‍ക്കുമുണ്ട്. അത് കേരളത്തിലെ സാഹചര്യത്തെ കുറിച്ചാണെന്ന് ചിലര്‍ക്ക് തോന്നാം. ഇന്ത്യയുടെ സാഹചര്യത്തെ കുറിച്ചുമാകാം. രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ അപകടത്തിലേക്കും ഇരുട്ടിലേക്കും മതരാഷ്ട്രവാദത്തിലേക്കും ഫാഷിസത്തിലേക്കും നയിക്കുന്നതും കേരളത്തിലെ മുഖ്യമന്ത്രി ഒരുപക്ഷേ ചെയ്തിരിക്കാവുന്ന തെറ്റുകളും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് ശരിയല്ല. നമുക്ക് മുഖ്യമന്ത്രിയെ വിമര്‍ശിക്കാം. പക്ഷേ, രാജ്യം മുഴുവന്‍ എങ്ങോട്ടു പോകുന്നു എന്നത് കാണാതെ സംസ്ഥാനത്തിനു മാത്രമായ പ്രശ്‌നങ്ങളിലേക്ക് ഒതുങ്ങാനാവില്ല. മുഖസ്തുതി കമ്മ്യൂണിസത്തിന്റെ പാരമ്പര്യത്തിനു യോജിച്ചതല്ല എന്നതില്‍ സംശയമില്ല. കമ്മ്യൂണിസം ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ളതല്ല. എം.ടി. പറഞ്ഞത് ആഗോളകമ്മ്യൂണിസത്തെ കുറിച്ചുള്ള അഭിപ്രായമാകാം, അത് ഒരു സംസ്ഥാനത്തേക്ക് ചുരുക്കേണ്ടതില്ല, സച്ചിദാനന്ദൻ പറഞ്ഞു.

അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടിയെന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി ഉന്നയിച്ചത്. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ്. സമാരാധ്യനും മഹാനായ നേതാവുമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ്. എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടുതന്നെ. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും എം.ടി. പറഞ്ഞു.