കൊച്ചി: വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി മദര്‍ ഏലീശ്വ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടും. ശനിയാഴ്ച 4-ന് വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലി മധ്യേ മാര്‍പാപ്പയുടെ പ്രതിനിധിയായെത്തിയ മലേഷ്യയിലെ പെനാങ് രൂപത കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും.

To advertise here,

വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

ദിവ്യബലിക്കുശേഷം ഏലീശ്വയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സുവനീര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലും കോഫി ടേബിള്‍ ബുക്ക് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും പ്രകാശനം ചെയ്യും. ബസിലിക്കയിലേക്ക് മദര്‍ ഏലീശ്വയുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിക്കും.

ആഹ്ലാദത്തില്‍ ഏലീശ്വഭവന്‍ മഠം

കൊച്ചി: മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനൊരുങ്ങുമ്പോള്‍ കൂനമ്മാവ് ഏലീശ്വ മ്യൂസിയത്തിനു സമീപമുള്ള ഏലീശ്വഭവന്‍ മഠത്തിലെ കന്യാസ്ത്രീകളും സന്തോഷത്തിലാണ്.

ഏലീശ്വയെ ധന്യയായി പ്രഖ്യാപിച്ചതുമുതല്‍ ദിവസേന വിശ്വാസികള്‍ ഈ ഭവനത്തിലെത്തിയിരുന്നു. മ്യൂസിയത്തോടുചേര്‍ന്നുള്ള ഏലീശ്വമഠത്തിലെ കന്യാസ്ത്രീകള്‍ക്കാണ് മ്യൂസിയത്തിന്റെ മേല്‍നോട്ട ചുമതല. ഒട്ടേറെപ്പേര്‍ ഇവിടെ വന്ന് ദിവസവും പ്രാര്‍ഥിക്കാറുണ്ട്. സിസ്റ്റര്‍ വിയോളയാണ് സൂപ്പീരിയര്‍. സിസ്റ്റര്‍മാരായ ജസ്റ്റീന, സിസ്റ്റര്‍ ഡോ. റോസ് ഏയ്ഞ്ചല്‍, സിസ്റ്റര്‍ മെലീസ എന്നിവരാണ് മഠത്തിലുള്ളത്.

മദര്‍ എലീശ്വയുടെ വീടിരുന്ന സ്ഥലത്തിനടുത്ത് സിടിസി സന്ന്യാസ സമൂഹമാണ് പത്തുവര്‍ഷം മുന്‍പ് മഠം സ്ഥാപിച്ചത്. വാഴ്ത്തപ്പെട്ടവള്‍ പ്രഖ്യാപനത്തിനു മുന്നോടിയായി മ്യൂസിയം പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.