കാടിറങ്ങുന്ന കുരങ്ങന്‍മാര്‍ ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസമാക്കുകയാണ്. ജനവാസ മേഖലയിലെ എല്ലായിടത്തും ഇപ്പോള്‍ കുരങ്ങന്‍മാരെത്തിയിരിക്കുന്നു. വീടിനകത്തുകയറി ചോറും കറിയും തിന്നും, ദേഷ്യം വന്നാല്‍ ഓടുകള്‍ പൊട്ടിക്കും. പരാതിപ്പെടാനും ഓടിക്കാനും സാധിക്കാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. അടുക്കളയും തോട്ടങ്ങളും കാലിയാക്കുന്ന വാനരപ്പടയെക്കുറിച്ച് മാതൃഭൂമിയുടെ വടക്കാഞ്ചേരി, ചേലക്കര, ചെറുതുരുത്തി, പഴയന്നൂര്‍, എരുമപ്പെട്ടി ലേഖകര്‍ നടത്തിയ അന്വേഷണം.
വനമേഖലയോടുചേര്‍ന്ന് താമസിക്കുന്നവര്‍ക്കായിരുന്നു നേരത്തേ വാനരപ്പടയുടെ ഭീഷണി. എന്നാലിപ്പോള്‍ നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും കുരങ്ങന്മാരെത്തുന്നു. ക്ഷേത്രപരിസരത്തു മാത്രമല്ല റെയില്‍വേ സ്റ്റേഷനില്‍ വരെ ഇവയുടെ ശല്യം രൂക്ഷമാണിപ്പോള്‍. കേരകര്‍ഷകര്‍ക്ക് തെങ്ങു കയറാന്‍ ആളെ അന്വേഷിക്കും മുന്‍പ് തെങ്ങുകയറ്റം കുരങ്ങന്മാര്‍ നിര്‍വഹിക്കും. പക്ഷേ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടില്ലെന്ന് മാത്രം. തെങ്ങിന്‍ച്ചുവട്ടില്‍ കുരങ്ങന്മാര്‍ ഉപേക്ഷിച്ച അവശിഷ്ടങ്ങള്‍ നോക്കി നെടുവീര്‍പ്പിടാനേ നാളികേരവിലയേറുമ്പോഴും ഇവിടത്തെ കേരകര്‍ഷകരെക്കൊണ്ടാകൂ. നേന്ത്രവാഴത്തോട്ടങ്ങളിലും സ്ഥിതി വിഭിന്നമല്ല. വാഴയില്‍ കയറി പടലയോടെ പാകമായവ പറിച്ചെടുക്കുന്ന സ്ഥിതിയാണ്.
റെയില്‍വേ സ്റ്റേഷന്‍ മുതല്‍ സ്‌കൂളില്‍ വരെ
മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനില്‍ കുരങ്ങുശല്യം രൂക്ഷമാണ്. ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ്‌ഫോമിലും ഇവയുടെ ഭീഷണി ചെറുതല്ല. യാത്രക്കാരെയും ആക്രമിക്കുന്നു. വടക്കാഞ്ചേരി വനം റേഞ്ചിലെ പൂങ്ങോട് വനമേഖലയിലാണ് കുരങ്ങന്മാരുടെ പ്രധാന ആവാസം. അകമല ഭവന്‍സ് സ്‌കൂളിലെ സിസിടിവി ക്യാമറകളുടെ വയറുകള്‍ മുറിച്ചിട്ടതും കുരങ്ങന്മാര്‍. വൈകീട്ട് ക്ലാസ്മുറികളിലും ഇവ കയറിക്കൂടാന്‍ തുടങ്ങിയതോടെ പ്രവേശനം തടയാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മാനേജ്‌മെന്റ് വല ഒരുക്കി. ഇവയില്‍ ആക്രമണകാരികളും കുറവല്ല. കടിക്കുകയും മാന്തുകയും ചെയ്താല്‍ വാക്‌സിനും എടുക്കണം. വടക്കാഞ്ചേരി നഗരസഭ, വരവൂര്‍, മുള്ളൂര്‍ക്കര, തെക്കുംകര പഞ്ചായത്തുകളിലും വേലൂരിലെ പഴവൂരിലുമാണ് കുരങ്ങന്മാരെക്കൊണ്ടു ജനം പൊറുതിമുട്ടുന്നത്.
ചേലക്കര മേഖലയില്‍
കളപ്പാറ വാരിയത്ത് കുന്നിലെത്തുമ്പോള്‍ കുരങ്ങന്‍മാരെ ഓടിച്ച് വിശ്രമിക്കുന്ന ലീനയെയാണ് കണ്ടത്. വീടിനകത്തുകയറി ചോറും കറിയും തിന്നും, ദേഷ്യം വന്നാല്‍ ഓടുകള്‍ പൊട്ടിക്കും കുരങ്ങന്‍മാരുടെ ശല്യം ജീവനുവരെ ഭീഷണിയാകുന്ന സ്ഥിതിയായി- കളപ്പാറ സ്വദേശിനി ലീനാ ജോസഫ് പറഞ്ഞു. അതിരാവിലെയാണ് കുരങ്ങുകളുടെ വിഹാരം.
വീട്ടാവശ്യത്തിനുള്ള തേങ്ങയും വെളിച്ചെണ്ണയും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണെന്ന് ഒന്നര ഏക്കറില്‍ തെങ്ങും കവുങ്ങും കൃഷിചെയ്യുന്ന കര്‍ഷകന്‍ സായ് ദാസ് വിഷമത്തോടെ പറഞ്ഞു. കരിക്ക് ആകുമ്പോഴേക്കും കുരങ്ങന്‍മാര്‍ നശിപ്പിക്കും. തെങ്ങിന്‍ച്ചുവട്ടിലെല്ലാം രാവിലെ നോക്കിയാല്‍ തേങ്ങയുടെ അവശിഷ്ടങ്ങളാണ് കാണുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു.
പഴയന്നൂരില്‍ താമസം മാറ്റി കര്‍ഷകര്‍
കുരങ്ങുശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് പഴയന്നൂര്‍ പഞ്ചായത്തിലെ മലയോര കാര്‍ഷിക മേഖലയായ എളനാട് മേഖലയിലെ താമസക്കാര്‍. കുരങ്ങുശല്യം രൂക്ഷമായതോടെ പലരും ഇവിടെനിന്ന് താമസം മാറ്റി. എളനാട് മലയോര മേഖലയിലെ താണിക്കുണ്ട്, നരിക്കുണ്ട്, നീളംപള്ളിയാല്‍, മുളങ്കാട, കരുമാംകുഴി, വെള്ളടി, വെന്നൂര്‍, രാമന്‍ചെട്ടി പ്രദേശങ്ങളിലാണ് കുരങ്ങുശല്യം രൂക്ഷം. ഇവിടുത്തെ തെങ്ങുകളില്‍ ഒരൊറ്റ തേങ്ങപോലും കാണില്ല. ഏറെ പ്രതീക്ഷയോടെ തെങ്ങുവെച്ച കര്‍ഷകരാണ് കുരങ്ങുശല്യത്തില്‍ വെട്ടിലായിരിക്കുന്നത്. തേങ്ങ കൂടാതെ കപ്പയും ചേമ്പും ചേനയുമൊക്കെ വാനരസംഘം വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
Content Highlights: Monkeys descending from the forests are now settling permanently in populated areas.
Published: 26 Sept 2025, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented