നിലമ്പൂർ (മലപ്പുറം): നാടൻ കുരങ്ങുകളെ വന്യജീവിസംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിൽനിന്ന് രണ്ടാം പട്ടികയിലേക്കു മാറ്റാനുള്ള പുതുക്കിയ പദ്ധതിനിർദേശം കേന്ദ്രത്തിനു സമർപ്പിക്കാൻ സംസ്ഥാന വനംവകുപ്പ്. കാട്ടുപന്നികളെ 1972-ലെ വന്യജീവിസംരക്ഷണനിയമം സെക്‌ഷൻ 62 പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള പുതുക്കിയ പദ്ധതിനിർദേശവും കേന്ദ്രസർക്കാരിന് സമർപ്പിക്കും.
വനത്തിനടുത്തുള്ള പ്രദേശങ്ങളിൽ ഗുരുതരമായ കുരങ്ങ് ശല്യമാണുള്ളത്. കുരങ്ങുകളെ ഓടിക്കാൻ ഒരു വഴിയുമില്ല. കുരങ്ങുകളുടെ സംരക്ഷണത്തിന് അതിശക്തമായ നിയമങ്ങളാണുള്ളത്. ഈ നിയമങ്ങളിൽ ഭേദഗതിവരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി, കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി നേരിടാൻ നിയമഭേദഗതിയടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.
കാട്ടുപന്നി നിയന്ത്രണപ്രവർത്തനങ്ങൾക്കായി പഞ്ചായത്തുതലത്തിൽ എംപാനൽഡ് ഷൂട്ടർമാരുടെ പട്ടിക തയ്യാറാക്കും. കാട്ടുപന്നി നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനായി നിലവിലെ മാർഗനിർദേശങ്ങൾ പരിഷ്‌കരിക്കും.
വന്യജീവി സംഘർഷത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കു ലഭിക്കുന്ന നഷ്ടപരിഹാരം നിലവിലുള്ള 14 ലക്ഷം രൂപയിൽനിന്ന് 21 ലക്ഷം രൂപയാക്കാനുള്ള നടപടി സ്വീകരിക്കും. വന്യജീവി സംഘർഷത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കുന്നതിനും ആവശ്യമായ നടപടികളും സ്വീകരിക്കും.
കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കാനായി പഞ്ചായത്തുതല പ്രാദേശിക ദ്രുതകർമസേന രൂപവത്കരിച്ച് പരിശീലനം നൽകും. ഏകോപനത്തിന് ഫോറസ്റ്റ് ലെയ്സൺ ഓഫീസർമാരെ നിയോഗിക്കും. അതിരൂക്ഷ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിൽ 250 കിലോമീറ്റർ പുതിയ സൗരോർജവേലി നിർമിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. അതിരൂക്ഷ സംഘർഷമേഖലകളിൽ നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള ത്രിതല സ്‌മാർട്ട് വേലി സംവിധാനം ഒരുക്കാനുള്ള നടപടികളും സ്വീകരിക്കും.
Content Highlights: Proposal to move native monkeys from Schedule I to Schedule II of the Wildlife Protection Act., Proposal to declare wild boars as vermin under Section 62 of the Wildlife Protection Act., Wildlife attack compensation increased from 14 lakh to 21 lakh rupees., Full medical treatment coverage and 10 lakh rupees for permanent disability., Deployment of 250 km solar fencing and AI-based smart fences in high-conflict zones.
Published: 15 Aug 2026, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented