കൊച്ചി: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ സംസ്‌കാരവിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. അനാട്ടമി ആക്ട് പ്രകാരം അന്തിമ തീരുമാനം കളമശ്ശേരി മെഡിക്കല്‍ കോളേജിന് എടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. എം.എം. ലോറന്‍സിന്റെ രണ്ടുമക്കളുടെ സത്യവാങ്മൂലവും മകള്‍ ആശ ലോറസിന്റെ എതിര്‍പ്പും പരിഗണിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

To advertise here,

ആശാ ലോറന്‍സാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച നാലുമണിവരെ പൊതുദര്‍ശനം നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുക എന്നതായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ ആശ ഹര്‍ജിയുമായി രംഗത്തെത്തി. പള്ളിയില്‍ സംസ്‌കാരം നടത്തണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.  

എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാമെന്നാണ് ഹര്‍ജി തീര്‍പ്പാക്കി കോടതി വ്യക്തമാക്കിയിരിക്കുന്നത്
അതായത് മുന്‍തീരുമാനപ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം വിട്ടുനല്‍കാം. മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് ഒരു മൃതദേഹം വിട്ടുനല്‍കിയാലും വളരെ പെട്ടെന്ന് അത് പഠനാവശ്യത്തിനായി ഉപയോഗിക്കുകയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഏതാണ്ട് ഒരുവര്‍ഷത്തിനു ശേഷമേ മൃതദേഹം പഠനാവശ്യത്തിനായി ഉപയോഗിക്കുകയുള്ളൂ. ഈ കാലയളവിനുള്ളില്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഒരു അന്തിമതീരുമാനം കൈക്കൊള്ളണം. മൃതദേഹം വിട്ടുനല്‍കുന്നതില്‍ മകള്‍ ആശയ്ക്കുള്ള എതിര്‍പ്പും ഒപ്പം മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന മറ്റ് രണ്ടുമക്കളുടെ നിലപാടും പരിഗണിച്ചുവേണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാനെന്നും കോടതി പറഞ്ഞു. 

പിതാവ് പള്ളി ഇടവാംഗമായിരുന്നെന്നും വിവാഹം നടന്നത് പള്ളിയിലായിരുന്നു എന്നതുമാണ് ആശാ ലോറന്‍സ് കോടതിയില്‍ ഉന്നയിച്ചത്. എഴുതിത്തയ്യാറാക്കിയ ഒരു വില്‍പത്രം ഇല്ലെങ്കില്‍തന്നെയും മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനാണ് താല്‍പര്യമെന്ന് പിതാവ് തങ്ങളോടു പറഞ്ഞിട്ടുണ്ടെന്നാണ് ലോറന്‍സിന്റെ രണ്ടുമക്കള്‍ കോടതിയെ അറിയിച്ചത്. ഈ അഭിപ്രായംകൂടി പരിഗണിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല, ഇത് സംബന്ധിച്ച് അനാട്ടമി ആക്ട് അടക്കം പരിഗണിച്ചുവേണം തീരുമാനം കൈക്കൊള്ളാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.