ആലപ്പുഴ: അതീവ ഗൗരവമുള്ള രാഷ്ട്രീയനീക്കമാണ് ഇടതുപക്ഷത്തിനെതിരെ നടക്കുന്നതെന്ന മുന്നറിയിപ്പുമായി സിപിഐ. ബിജെപിയെ കരുതിയിരിക്കണം. ആത്മീയതയും വിശ്വാസവും അടിസ്ഥാനമാക്കി ഇടതുവിരുന്ന മനസ് രൂപപ്പെടുത്താനുള്ള ആസൂത്രിതമായ 'മിഷന്‍ പൊളിറ്റിക്സാ'ണ് അണിയറയില്‍ നടക്കുന്നത്.

To advertise here,

ഹിന്ദുത്വാടിസ്ഥാനത്തില്‍ സംഘപരിവാര്‍ സംഘടനകളും ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ കാസ എന്ന സംഘടനയും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതെല്ലാം ഇടതുപക്ഷത്തിനെതിരെ ജനമനസ് രൂപപ്പെടുത്താനുള്ള ആസൂത്രിത രാഷ്ട്രീയ നീക്കമാണെന്ന് സിപിഐയുടെ സമ്മേളന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.  

സിപിഐ പറയുന്നത്

* കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ബോധം നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി ഉണ്ടായതാണ്. അവിടെ ബിജെപിക്ക് വേരോട്ടം എളുപ്പമല്ല. അതിനാല്‍, മതനിരപേക്ഷ ബോധം ഇല്ലാതാക്കി ഹിന്ദുത്വാടിസ്ഥാനത്തിലുള്ള ചിന്താഗതി ജനങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ആസൂത്രിതമായ ആശയതലത്തിലുള്ള ഇടപെടലുകളിലൂടെയാണ് അവര്‍ മുന്നോട്ടുപോകുന്നത്. കുട്ടികളിലും യുവാക്കളിലും സ്ത്രീകളിലും കേന്ദ്രീകരിച്ച് ആത്മീയ തലത്തില്‍ വലിയ തോതില്‍ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. ആരാധാനാലയങ്ങളെ അതിനുള്ള കേന്ദ്രമാക്കുന്നു. കുട്ടികളെ ദൈവങ്ങളുടെ പ്രതിരൂപങ്ങളായി അവതരിപ്പിച്ച് പിഞ്ചുകുട്ടികളില്‍വരെ വര്‍ഗീയ ചിന്താഗതി കുത്തിവെക്കുകയാണ്.

*  ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മുദ്രാവാക്യം ഉയര്‍ത്തുന്ന ഇസ്ലാമിക തീവ്രവര്‍ഗീയ ശക്തികളുണ്ട്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ ശക്തികളുടെ ലക്ഷ്യവും മതപരമായ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ്.

* ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാസ എന്ന സംഘടന വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നത്. ഇത് അപകടകരമായ നീക്കമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയ്ക്കെതിരെ ശക്തമായ പോരാട്ടമാണ് നടത്തേണ്ടത്. കഴിഞ്ഞ കുറെ വര്‍ഷമായി കേരളത്തിലെ ജനങ്ങളുടെ ബോധത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

* കേരളത്തിലെ ജനങ്ങളുടെ ഇടതുമനസിനെ ദുര്‍ബലപ്പെടുത്തി ശക്തിയാര്‍ജിക്കാന്‍ നടത്തുന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കണം.
ഇടതു ജനാധിപത്യ ശക്തികളുടെ ഐക്യം പ്രധാനപ്പെട്ട ഘടകമാണ്. അന്ധവിശ്വസങ്ങളും അനാചാരങ്ങളും ആഭിചാര ക്രീയകളും നിരോധിച്ചുകൊണ്ടുള്ള ഒരു നിയമനിര്‍മ്മാണത്തിന് ഇനിയും അമാന്തിച്ചുകൂടാ.

* കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി ജയിച്ചതും നിരവധി നിയമസഭാമണ്ഡലങ്ങളില്‍ ഗണ്യമായ വോട്ടുനേടിയതും ഗൗരവമുള്ളതാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറെ ജാഗ്രതയോടെ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അകന്നുപോയ ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്നതിനും നമ്മുടെ കൂടെ അണിനിരത്തുന്നതിനും സൂക്ഷ്മതലത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം.