
നീലേശ്വരം(കാസര്‍കോട്) : നീലേശ്വരത്തിന്റെ മുത്തശ്ശിപ്പശുവിന് പ്രായം 23. മകളും മകളുടെ മകളും അതിന്റെ മകളുമൊക്കെയായി അഞ്ചുതലമുറയില്‍ പടര്‍ന്നുനില്‍ക്കുകയാണ് 'ഗായ്മായി' എന്ന മുത്തശ്ശിപ്പശു. അഞ്ചാമത്തെ തലമുറയിലെ കുട്ടിക്ക് എട്ട് മാസമാണ് പ്രായം. ഗായിമായിയുടെ അഞ്ചുതലമുറകളെ കാണാന്‍ അപൂര്‍വ ഭാഗ്യമുണ്ടായ ഉടമ 86 വയസ്സുകാരന്‍ എന്‍. ഉമേശ് റാവുവിനും നിറഞ്ഞ സന്തോഷനാളുകളാണ്. സ്വന്തം മകളെപോലെയാണ് നീലേശ്വരം മെയിന്‍ ബസാര്‍ സുന്ദര്‍ നിവാസിലെ റിട്ട. ഇന്‍സ്ട്രക്ടറായ അദ്ദേഹം പശുവിനെ പരിചരിക്കുന്നത്.
വീട്ടില്‍ ഒരു പശു വേണമെന്ന ആഗ്രഹത്താല്‍ 30 വര്‍ഷം മുന്‍പ് ചെറുവത്തൂരില്‍നിന്ന് ഉമേശ് റാവു കൊണ്ടുവന്നതാണ് ഗായ്മായിയുടെ അമ്മപ്പശുവിനെ. ഗായ്മായി ജനിച്ചത് ഉമേശ് റാവുവിന്റെ വീട്ടിലാണ്. പിന്നീട് പ്രായാധിക്യം മൂലം അമ്മപ്പശുവിനെ വിറ്റെങ്കിലും കുഞ്ഞിനെ ഉമേഷ് റാവു നെഞ്ചോട് ചേര്‍ത്തു. കൊങ്കിണി ഭാഷയില്‍ 'ഗായ്' എന്നാല്‍ പശുവും 'മായി' എന്നാല്‍ അമ്മായി എന്നുമാണ് അര്‍ഥം. ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനത്തില്‍പ്പെടുന്ന പശുവാണ് 'ഗായ്മായി'.
ഗായ്മായി അഞ്ച് പ്രസവിച്ചെങ്കിലും അതിന്റെ പെണ്‍കിടാവിനെ നിലനിര്‍ത്തി ആണ്‍കിടാങ്ങളെ വിറ്റു. തുടര്‍തലമുറയിലും ഒരു പെണ്‍കിടാവിനെ നിലനിര്‍ത്തി. ഗായ്മായിയെ വില്‍ക്കുന്നോയെന്ന് ചോദിച്ച് പലരും ഉമേഷ് റാവുവിനെ സമീപിച്ചു. പ്രായാധിക്യം കാരണം പാല്‍ ചുരത്താന്‍ കഴിയില്ലെങ്കിലും തന്റെ അരുമയ്ക്ക് കാവലായ് താനുണ്ടാകുമെന്നാണ് ഉമേശ് റാവു പറയുന്നത്. ഇതിന്റെ ആദ്യത്തെ കുഞ്ഞിന് ഇപ്പോള്‍ 18 വയസ്സും കൊച്ചുമകള്‍ക്ക് 13 വയസ്സും കൊച്ചുമകളുടെ മകള്‍ക്ക് 10 വയസ്സും ഇളംതലമുറക്കാരിക്ക് എട്ടുമാസവുമാണ് പ്രായം.
സാധാരണ ആയുസ്സ് 20 വയസ്സുവരെ
മികച്ച പാല്‍ ഉത്പാദനമുള്ള ഇനമാണ് ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനത്തില്‍പ്പെട്ട പശുക്കളെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. മനോജ്കുമാര്‍ പറഞ്ഞു. പെട്ടെന്ന് രോഗം വരുന്നതിനാല്‍ കൃത്യമായ പരിചരണമാണ് ഇവയ്ക്കാവശ്യം. സാധാരണ 15 മുതല്‍ 20 വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്. കൃത്യമായ പരിചരണമാണ് 23-ാം വയസ്സിലും പശു ജീവിച്ചിരിക്കാന്‍ കാരണം -അദ്ദേഹം പറഞ്ഞു.
Content Highlights: Meet Gaymai, a 23-year-old Holstein Friesian cow in Nileshwar
Published: 12 Feb 2025, 07:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented