ഭോപ്പാൽ: പശുക്കൾക്കുവേണ്ടി ഗോശാല നിർമിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌‍യുഐ. മധ്യപ്രദേശിലെ മഖൻലാൽ ചതുർവേദി ജേണലിസം സർവകലാശാലയിലാണ് സംഭവം. എൻഎസ്‌‍യുഐ സംസ്ഥാന സെക്രട്ടറി അമൻ പത്താന്റെ നേതൃത്വത്തിലായിരുന്നു ആറാം സെമസ്റ്റർ ബിഎ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ നിരാഹാര സമരം നടത്തിയത്.

To advertise here,

ഗോശാല നിർമാണത്തിനായി 2017-ൽ സ്ഥലം അനുവദിച്ചതാണ്. എന്നാൽ, ഇപ്പോഴും നിർമാണം തുടങ്ങിയിട്ടില്ല. ഗോശാല നിർമിക്കാൻ സർവകലാശാലയ്ക്ക് സാധിക്കുന്നില്ലെങ്കിൽ അവിടെ ഒരു സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കട്ടെ, അമൻ പത്താൻ പറഞ്ഞു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് തങ്ങളുടെ സമരമെന്നും അമൻ പത്താൻ കൂട്ടിച്ചേർത്തു.

ഭോപ്പാൽ എംഎൽഎ ആതിഫ് അഖീൽ നിരാഹാര സമരമിരിക്കുന്ന വിദ്യാർഥികളോട് സംസാരിച്ചു, എല്ലാ പിന്തുണയും നൽകി. ഗോശാലയിലേക്ക് ഒരു പശുവിനെ സംഭാവന നൽകുമെന്നും അറിയിച്ചതായി അമൻ പറഞ്ഞു. വിശ്വാസവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നല്ല ഗോശാലയെന്നും അത് പ്രകൃതി സംരക്ഷണം കൂടിയാണെന്നും അമൻ പറഞ്ഞു. സമരത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് അമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

അതിനിടെ സർവകലാശാല രജിസ്ട്രാർ നേരിട്ടെത്തി ചർച്ച നടത്തുകയും പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. വിദ്യാർഥികളുടെ ആവശ്യം മാനേജ്മെന്റിനെ അറിയിക്കുമെന്നും ഗോശാല നിർമ്മിക്കുന്നതിൽ ശുഭകരമായ തീരുമാനം ഉണ്ടാകുമെന്നും രജിസ്ട്രാർ പി. ശശികല പറഞ്ഞു. മുൻകൂർ അനുമതി വാങ്ങാതെ സമരം നടത്തിയതിന് അമൻ പത്താന് സർവകലാശാല നോട്ടീസ് നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം.