മറ്റത്തൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസിനുള്ളിലെ ഇരുവിഭാഗക്കാരും കെപിസിസിയുടെ തീരുമാനം കാത്തിരിക്കുകയാണ്. റോജി ജോൺ എംഎൽഎയെ മറ്റത്തൂർ വിഷയം പരിഹരിക്കാൻ കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരുവിഭാഗവും റോജിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ഡിസിസി നേതൃത്വം വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നും വൈകിക്കുന്നുവെന്നും പൊതുവേ അഭിപ്രായമുണ്ട്. ആദ്യം പാർട്ടിയിൽനിന്ന് രാജിവെച്ച പഞ്ചായത്തംഗങ്ങളിൽ ഒരാളായ അക്ഷയ് സുരേഷിനെ ഔദ്യോഗികപക്ഷം കൂട്ടത്തിൽ കൂട്ടിയിട്ടുണ്ട്.
എന്നാൽ, മറ്റ് ആറംഗങ്ങളും വിമതസ്വതന്ത്രയും പാർട്ടിനടപടി നേരിടുന്നവർക്കൊപ്പമാണ്. പഞ്ചായത്തംഗങ്ങളെ സ്വാധീനിച്ച് കൂടെനിർത്തി അംഗബലം കാണിക്കാനുള്ള ശ്രമം ഇരുപക്ഷവും തുടരുകയാണ്.
വിമതപക്ഷനേതാക്കളായ ടി.എം. ചന്ദ്രൻ, ഷാഫി കല്ലുപറമ്പിൽ എന്നിവരെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്നും തെറ്റ് ഏറ്റുപറഞ്ഞാൽ എട്ട് പഞ്ചായത്തംഗങ്ങളെയും തിരിച്ചെടുക്കണമെന്നുമാണ് ഔദ്യോഗികപക്ഷത്തിന്റെ ആവശ്യം.
വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനും വരാൻ പോകുന്ന സ്ഥിരംസമിതി ചെയർമാൻ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വാങ്ങാതിരിക്കാനുമാണ് മറുപക്ഷത്തിന്റെ ശ്രമം.
ഇതിലൂടെ തങ്ങൾക്ക് ബിജെപിയുമായി ഒരു ധാരണയുമില്ലെന്ന് കെപിസിസിയെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താമെന്നാണ് അവരുടെ ചിന്ത.
വൈസ് പ്രസിഡന്റ് ഇന്ന് രാജിവെച്ചേക്കും
തൃശ്ശൂർ: തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റത്തൂർ പഞ്ചായത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കെപിസിസി നേതൃത്വത്തിൽ നടത്തിയ സമവായനീക്കങ്ങൾ വിജയംകാണുന്നതായി സൂചന. ബിജെപി പിന്തുണയിൽ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് ശനിയാഴ്ച രാജിവെച്ചേക്കും. കോൺഗ്രസ് വിട്ട്, ബിജെപിയുമായി സംഖ്യം ചേർന്ന് വോട്ടുചെയ്ത പഞ്ചായത്തംഗങ്ങൾ തെറ്റുതിരുത്തിയാൽ പാർട്ടിയിലേക്ക് തിരിച്ചുവരാൻ അവസരമൊരുക്കും.
പഞ്ചായത്തംഗങ്ങളുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്. ഇതിൽ സമവായചർച്ചയിലെ നിർദേശങ്ങളിൽ തീരുമാനമുണ്ടാകും. കെപിസിസി പ്രസിഡന്റ് ഇടപെട്ട് റോജി എം ജോൺ എംഎൽഎയുടെ നേതൃത്വത്തിലാണ് വിമതവിഭാഗം നേതാക്കളുമായി ചർച്ച നടത്തിയത്. വിമതവിഭാഗം നേതാവ് ടി.എം. ചന്ദ്രൻ അടക്കമുള്ളവരാണ് പങ്കെടുത്തത്. വിമതവിഭാഗം നേതാക്കൾ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും. മറ്റത്തൂരിൽ ഡിസിസി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതർക്ക് കെപിസിസി ഉറപ്പുനൽകിയതായി അറിയുന്നു.
Content Highlights: Mattathur Panchayat faces internal Congress conflict. Two factions await KPCC`s decision, with MLA Rojy John mediating. Key developments and future outlook.
Published: 03 Jan 2026, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented