തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിയെ കൂട്ടുപിടിച്ച് അധികാരത്തിലേറി, കോൺഗ്രസിനെ നാണംകെടുത്തിയവരെ പാർട്ടിയിലേക്കു തിരികെകൊണ്ടുവരാനുള്ള തീരുമാനമുണ്ടായാൽ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രന്റെയും മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിലിന്റെയും പേര് ഇവർ എടുത്തുപറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഇവരുണ്ടാക്കിയിട്ടുള്ളത്.

To advertise here,

ഡിസിസി നിർദേശങ്ങൾ പാലിക്കാതെ, സമാന്തര ഡിസിസിയായാണ് ടി.എം. ചന്ദ്രൻ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസിനെതിരേയാണ് ചന്ദ്രൻ മറ്റത്തൂരിൽ ഇടപെട്ടത്.

കെപിസിസി ഒത്തുതീർപ്പു ചർച്ചയിൽ ചന്ദ്രനെയും ഷാഫി കല്ലുപറമ്പിലിനെയും തിരിച്ചെടുക്കുന്ന തീരുമാനമുണ്ടായാൽ പാർട്ടിയിൽ തുടരില്ലെന്നും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ശാലിനി ജോയ്, മുൻ പഞ്ചായത്തംഗം ബെന്നി തൊണ്ടുങ്ങൽ, ബ്ലോക്ക് സെക്രട്ടറി നൗഷാദ് കല്ലുപറമ്പിൽ, നിയോജകമണ്ഡലം ജന. സെക്രട്ടറി വി.വി. പിയൂസ്, ഐൻടിയുസി ബ്ലോക്ക് സെക്രട്ടറി തങ്കമണി മോഹനൻ എന്നിവർ പറഞ്ഞു.

കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച മൂന്നു സ്ഥാനാർഥികൾക്കെതിരേ കുട ചിഹ്നത്തിൽ വിമതരെ മത്സരിപ്പിച്ചത് ടി.എം. ചന്ദ്രനാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച തങ്ങളെ തോൽപ്പിക്കാനാണ് ടി.എം. ചന്ദ്രൻ ശ്രമിച്ചതെന്നും സ്ഥാനാർഥികളായിരുന്ന ശാലിനി ജോയിയും തങ്കമണി മോഹനനും പറഞ്ഞു.

വിമതസ്ഥാനാർഥിയെ മത്സരത്തിൽനിന്ന് പിൻവലിപ്പിക്കാൻ ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു മധ്യസ്ഥൻ വഴി ടി.എം. ചന്ദ്രൻ തന്നോട് ആവശ്യപ്പെട്ടതായും തങ്കമണി മോഹനൻ ആരോപിച്ചു. തന്നെ വ്യക്തിപരമായി സ്വഭാവഹത്യ നടത്താനും ചന്ദ്രൻ ശ്രമിച്ചതായി തങ്കമണി മോഹനൻ പറഞ്ഞു.

നിലവിൽ എൻഡിഎ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനങ്ങൾ രാജിവെച്ച് കോൺഗ്രസിൽ തിരികെയെത്തിയാൽ സ്വാഗതം ചെയ്യും. തെറ്റുതിരുത്തി കോൺഗ്രസ് അംഗങ്ങളായി അവരെ തിരിച്ചുകൊണ്ടുവരാൻ കെപിസിസി, ഡിസിസി നേതൃത്വം ഇടപെടണമെന്നും പ്രാദേശിക നേതാക്കൾ പറഞ്ഞു.

പാർട്ടിയിൽനിന്ന് പുറത്താക്കിയവരുമായി കെപിസിസി നിർദേശമനുസരിച്ച് റോജി എം. ജോൺ എംഎൽഎ കഴിഞ്ഞ ദിവസം ചർച്ച നടത്തിയത് പത്രവാർത്ത വഴിയാണ് തങ്ങളറിഞ്ഞത്. ടി.എം. ചന്ദ്രന് എല്ലാ പിന്തുണയും നൽകുന്നത് മുൻ ഡിസിസി പ്രസിഡന്റായ ജോസ് വള്ളൂരാണ്. റോജി എം. ജോൺ എംഎൽഎയെ കണ്ട് മറ്റത്തൂരിലെ യഥാർഥ വസ്തുത ബോധ്യപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.

നേരത്തേ കോൺഗ്രസ് വിട്ടതായി പ്രഖ്യാപിച്ച പഞ്ചായത്തംഗങ്ങളിൽ ഒരാളായ അക്ഷയ് സന്തോഷും ഇവർക്കൊപ്പമുണ്ടായിരുന്നു. വോട്ടു ചെയ്തത് എൻഡിഎ സഖ്യമറിയാതെയാണെന്നും രാജി വെച്ചില്ലെങ്കിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തുടർന്ന് തന്റെ പിന്തുണ ഉണ്ടാകില്ലെന്നുമാണ് അക്ഷയ് പറയുന്നത്.