കോഴിക്കോട്: കളിയെഴുത്തിൽ തുടങ്ങി, പത്രപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ കൈയൊപ്പുചാർത്തി, മാതൃഭൂമിയുടെ പല പ്രസിദ്ധീകരണങ്ങളുടെയും പിറവിയിൽ പങ്കുവഹിച്ച പീരിയോഡിക്കൽസ്, ഓൺലൈൻ എക്‌സിക്യുട്ടീവ് എഡിറ്റർ ഒ.ആർ. രാമചന്ദ്രൻ വിരമിച്ചു.

To advertise here,

1992-ൽ മാതൃഭൂമി കൊച്ചി യൂണിറ്റിലാണ് ഒ.ആർ. രാമചന്ദ്രന്റെ തുടക്കം. '93-ൽ പത്രത്തിന്റെ സ്‌പോർട്‌സ് വിഭാഗത്തിലെത്തിയ അദ്ദേഹം '94 മുതൽ 20 വർഷം മാഗസിൻ ജേണലിസത്തിൽ സജീവമായി. 94-ൽ മാതൃഭൂമി സ്‌പോർട്‌സ് മാസിക തുടങ്ങിയപ്പോൾ മുന്നണിയിൽ ഒ.ആർ. രാമചന്ദ്രനായിരുന്നു. യാത്ര, സ്റ്റാർ ആൻഡ് സ്‌റ്റൈൽ എന്നീ പ്രസിദ്ധീകരണങ്ങളുടെ പിറവിയിലും മുഖ്യപങ്കുവഹിച്ച അദ്ദേഹം അവയുടെ തലപ്പത്ത് ഏറെക്കാലം തുടർന്നു. ചിത്രഭൂമിയുടെയും ചുമതലവഹിച്ചു. 2014 മുതൽ '19 വരെ മാതൃഭൂമി ഡോട്ട്കോമിന്റെ ചുമതലയുള്ള സീനിയർ ന്യൂസ് എഡിറ്ററായും 2019 മുതൽ പീരിയോഡിക്കൽസ്, ഡിജിറ്റൽ ഡിവിഷനുകളുടെ ചുമതലയുള്ള എക്‌സിക്യുട്ടീവ് എഡിറ്ററായും പ്രവർത്തിച്ചു. മാതൃഭൂമിയിലെ പുതുതലമുറ പത്രപ്രവർത്തകരെ രൂപപ്പെടുത്തുന്നതിലും കഴിവുകൾ കണ്ടെത്തി വഴികാട്ടുന്നതിലും അദ്ദേഹത്തിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്.

2002-ലെ കൊറിയ-ജപ്പാൻ ലോകകപ്പ് ഫുട്ബോൾ, കൊളംബോ ട്രൈ-നേഷൻ കപ്പ് ക്രിക്കറ്റ് തുടങ്ങി ദേശീയ-അന്തർദേശീയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂർ എരുമപ്പെട്ടി തോന്നല്ലൂർ സ്വദേശിയാണ്. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് താമസം. പരേതരായ ഒതളൂർമന രാമൻ നമ്പൂതിരിയുടെയും ദേവസേനയുടെയും മകനാണ്. ഭാര്യ: പി.എം. ശ്രീദേവി (റിട്ട. പ്രിൻസിപ്പൽ, കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്., കോഴിക്കോട്). മകൾ: ഒ.ആർ. അനഘ (ആർക്കിടെക്ട്, യു.കെ.).

യാത്രയയപ്പ് നൽകി

മാതൃഭൂമി വർക്‌സ് കമ്മിറ്റി യാത്രയയപ്പ് നൽകി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനും മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറും ചേർന്ന് കമ്പനിയുടെ ഉപഹാരം നൽകി. ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് ഷാൾ അണിയിച്ചു. പത്രാധിപർ മനോജ് കെ. ദാസ് വർക്‌സ് കമ്മിറ്റിയുടെ ഉപഹാരം കൈമാറി. മാതൃഭൂമി ഡയറക്ടർ-ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ് കുമാർ, ഡയറക്ടർ- ഓപ്പറേഷൻസ് ദേവിക ശ്രേയാംസ് കുമാർ, െഡപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, ജനറൽ മാനേജർ-പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ്, അസിസ്റ്റന്റ് ജനറൽ മാനേജർ സി. മണികണ്ഠൻ, ചീഫ് ന്യൂസ് എഡിറ്റർ (പീരിയോഡിക്കൽസ്) വി. ജയകുമാർ, സീനിയർ ന്യൂസ് എഡിറ്റർ കെ. സജീവൻ, ന്യൂസ് എഡിറ്റർ എം.പി. സൂര്യദാസ്, അസിസ്റ്റന്റ് എഡിറ്റർമാരായ സുഭാഷ് ചന്ദ്രൻ, കെ. വിശ്വനാഥ്, ആർ.എൽ. ഹരിലാൽ, ഡോ. കെ.സി. കൃഷ്ണകുമാർ, ബിജു പങ്കജ്, എൻ.പി. അബു ഫൈസി, വർക്‌സ് കമ്മിറ്റി ചെയർമാൻ കെ. വിജയ് ആനന്ദ്, ഇ. സത്യകുമാർ, ഇ. നന്ദകുമാർ, എം. ധർമരാജൻ എന്നിവർ സംസാരിച്ചു.