അടിമാലി(ഇടുക്കി): ആറുദിവസം മുൻപ് കാണാതായ മാങ്കുളം പഞ്ചായത്ത് അംഗത്തെ ആൾതാമസം ഇല്ലാത്ത വീടിന്റെ ശൗചാലയത്തിൽ അവശനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പോലീസ് നായയെ ഉപയോഗിച്ച് മൂന്നാർ പോലീസും, ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

To advertise here,

മാങ്കുളം പഞ്ചായത്ത് നാലാംവാർഡ് അംഗമായ ധന്യ ഗണേശനെ 22-ന് രാവിലെ മുതലാണ് മാങ്കുളത്തുനിന്ന് കാണാതായത്. ഭാര്യയെ കാണാനില്ലെന്നുകാണിച്ച് ഭർത്താവ് അനീഷ് മൂന്നാർ പോലീസിൽ വ്യാഴാഴ്ച പരാതി നൽകിയിരുന്നു.

പോലീസ് നായ മണംപിടിച്ച് ആളില്ലാത്ത വീട്ടിലെത്തി. വീടിന്റെ ശൗചാലയത്തിൽ കമിഴ്ന്നുകിടക്കുന്ന അവസ്ഥയിലായിരുന്നു ധന്യ. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കണ്ണുകൾ അടഞ്ഞിരുന്നു. ധന്യയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നാലുവർഷം മുൻപ് കൊല്ലപ്പെട്ട മാങ്കുളം അമ്പതാംമൈലിലെ ലക്ഷ്മണന്റെ വീടാണിത്. അന്നുമുതൽ ഈ വീട്ടിൽ ആൾത്താമസമില്ല. മൊഴിയെടുക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് ഇവർ എത്തിയിട്ടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം ചൊവ്വാഴ്ച മൊഴി രേഖപ്പെടുത്തുമെന്ന് മൂന്നാർ സി.ഐ. പറഞ്ഞു.

ഭർത്താവിന്റെയും, ഭർതൃമാതാവിന്റെയും പീഡനം സഹിക്കാനാകാതെയാണ് താൻ വീടുവിട്ടിറങ്ങിയതെന്ന് മാങ്കുളം പഞ്ചായത്തിലെ വനിതാ അംഗങ്ങളോടും, കുടുംബശ്രീ അംഗങ്ങളോടും ധന്യ പറഞ്ഞിട്ടുണ്ട്.

ഞായറാഴ്ച ഈ വീട്ടിലും ശൗചാലയത്തിലും പരിശോധന നടത്തിയിരുന്നതായി മൂന്നാർ സി.ഐ. പറഞ്ഞു. തിങ്കളാഴ്ച രാവിലെയും നാട്ടുകാർ വീണ്ടും ഇവിടെ പരിശോധിച്ചു. എന്നാൽ, ആരെയും കണ്ടിരുന്നില്ല. ശ്വാനസേനയും, ഡ്രോൺ പരിശോധനയും തിങ്കളാഴ്ച രാവിലെ ഈ പ്രദേശത്ത് ആരംഭിച്ചതോടെ മറ്റ് ആരെങ്കിലും ധന്യയെ ശൗചാലയത്തിൽ എത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റടക്കം ഇക്കാര്യത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെവരെ ധന്യ മറ്റാരുടെയോ കസ്റ്റഡിയിലായിരുന്നുവെന്നാണ് പോലീസും സംശയിക്കുന്നത്.

ധന്യയുടെ മൊബൈൽ ഫോൺ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ പഞ്ചായത്ത് അംഗമാണ് ധന്യ. ബുധനാഴ്ച മാങ്കുളത്തുനിന്ന് ഇവർ സഹോദരി താമസിക്കുന്ന ചിക്കണംകുടിയിൽ എത്തിയിരുന്നു. അവിടെനിന്ന് തിരികെ മാങ്കുളത്തേക്കും വന്നിരുന്നു. പിന്നീടാണ് കാണാതായത്.