മഞ്ചേരി: വ്യാജമായി കെട്ടിച്ചമച്ച പോക്സോ കേസിൽ പ്രതികളായ ദമ്പതിമാരെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വെറുതേവിട്ടു. 2025 ജൂൺ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം. മാതാപിതാക്കൾ വീട്ടിൽനിന്ന് പുറത്തുപോയ സമയത്ത് തനിച്ചായിരുന്ന പെൺകുട്ടിയെ പിതാവിന്റെ സുഹൃത്തായ ഒന്നാം പ്രതി വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

To advertise here,

ഈ വിവരം ഒന്നാം പ്രതിയുടെ ഭാര്യയോടു പറഞ്ഞപ്പോൾ, അവർ കുട്ടിക്ക് മിഠായി നൽകുകയും പിന്നീട് കത്തികാണിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, വിചാരണവേളയിൽ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. അതിജീവിതയുടെ മാതാപിതാക്കൾക്ക് പ്രതികളോടുള്ള ശത്രുതയും കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങളുമാണ് കേസിനു പിന്നിലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചു.

മൊഴികളിലെ അതിശയോക്തിയും വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിയ കോടതി, കുട്ടിയെ ഉപയോഗിച്ച് മാതാപിതാക്കൾ വ്യാജ പരാതി നൽകുകയായിരുന്നെന്ന് വിലയിരുത്തി. അതിജീവിതയുടെ മൊഴികൾ സംശയാസ്‌പദമാണെങ്കിൽ അവ കേസിന്റെ വസ്തുതകളുമായി ചേർത്ത് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി വരുൺ, കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ചത്. കേസിൽ പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എ.പി. ഇസ്‌മായിൽ ഹാജരായി.