കോവളം: ബെംഗളൂരൂവിലുണ്ടായിരുന്ന പതിനാറുകാരിയെ ഗൂഢാലോചനയുടെ ഭാഗമായാണ് കോവളത്തെ സ്പാകളിൽ എത്തിച്ചതെന്ന് കേസിലെ രണ്ടും മൂന്നും ഏഴും പ്രതികൾ എസ്.ഐ.ടിക്ക് മുമ്പാകെ കുറ്റസമ്മതം നടത്തി. പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുളള ജെല്ലാഗോപി, സ്പാകളുടെയും ഹോംസ്റ്റേയുടെയും നടത്തിപ്പുകാരായ സജിത്ത് കുമാർ, നിഷാന്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുരൂപ്, വി.സി.മായ, കുട്ടിയെ കോവളത്ത് എത്തിക്കുന്നതിന് ഇടനിലക്കാരിയായി പ്രവർത്തിച്ച കൃഷ്ണവേണി എന്നിവരെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി എസ്.ഐ.ടി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തിരുന്നു.

To advertise here,

സജിത്ത് കുമാറും കേസിലെ ഒന്നാംപ്രതിയായ കുട്ടിയുടെ മാതൃസഹോദരി, ഭർത്താവ് ജെല്ലാഗോപി, കൃഷ്ണവേണി എന്നിവരാണ് ഗൂഢാലോചന നടത്തി കുട്ടിയെ ബെംഗളുരൂവിൽനിന്ന് കഴിഞ്ഞ ജൂണിൽ കോവളത്തുളള സജിത്തിന്റെ ആയൂർകേരള എന്ന സ്പായിലെത്തിച്ചതെന്നും ചോദ്യംചെയ്യലിൽ പറഞ്ഞു.

16-കാരിയായ കുട്ടിയുടെ ആധാർകാർഡ് തിരുത്തി 20 വയസാക്കിയത് താനാണെന്ന് കുട്ടിയുടെ മാതൃസഹോദരി ഭർത്താവായ ജെല്ലാഗോപിയും കുറ്റസമ്മതം നടത്തി. ഇയാളുടെ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തായിരുന്നു വ്യാജമായി ആധാർകാർഡ് നിർമ്മിച്ചത്. പകർപ്പ് എടുത്തശേഷം അതിന്റെ വിശദാംശങ്ങളും നശിപ്പിച്ചുവെന്ന് ജെല്ലാഗോപി പറഞ്ഞു. സ്പായിലെ യുവാവുമായി ഒളിച്ചോടിപ്പോയതിനെ തുടർന്ന് കുട്ടിയുടെ മാത്യസഹോദരിയും ഭർത്താവും കോവളം എസ്.എച്ച്.ഒയ്ക്കും കോടതിയിലും സമർപ്പിച്ചത് ഈ വ്യാജ ആധാർകാർഡായിരുന്നു.

കുട്ടിക്ക് 20 വയസായെന്ന് വരുത്തിത്തീർക്കാൻ ഡ്രീംസ് എന്ന സ്പായിൽവെച്ച് ബോധപൂർവ്വം ജന്മദിനപാർട്ടിയും നടത്തിയെന്നും പ്രതികൾ സമ്മതിച്ചു. ഇതേത്തുടർന്ന് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ കൂടി ചേർക്കുമെന്ന് എസ്.ഐ.ടി മേധാവിയും കൺട്രോൾ റൂം അസി. കമ്മീഷണർ എസ്.ചന്ദ്രകുമാർ പറഞ്ഞു.

എസ്.ഐ.ടിയുടെ എസ്.ഐ.മാരായ വിനോദ് വിക്രമാദിത്യൻ, ജയശ്രീ, അനിൽ, സി.പി.ഒ. താര, സൈബർവിദഗ്ധൻ അഭിജിത്ത് ഉൾപ്പെട്ട സംഘമാണ് പ്രതികളെ ചോദ്യംചെയ്യുന്നത്. കേസിലെ ഒന്നാംപ്രതിയായ കുട്ടിയുടെ മാത്യസഹോദരിയെ വണ്ടല്ലൂർ പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോയിട്ടുണ്ട്. അടുത്തദിവസം എത്തിക്കുന്ന ഇവരെയും എസ്.ഐ.ടി പ്രത്യേകം ചോദ്യംചെയ്യും.