തിരുവനന്തപുരം: കേരളത്തിലേത് മികച്ച ഭരണമാണെന്നും പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുമെന്നും ആവർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ ആയ്യർ. ഭരണംതിരിച്ചു പിടിക്കാനുള്ള ശേഷി കോൺഗ്രസിനില്ല. സർക്കാരിന്റെ ‘വിഷൻ 31’ വികസനസെമിനാറിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങൾക്കു മുൻപിലും അല്ലാതെയും പറഞ്ഞതിലെ പ്രധാന ഭാഗങ്ങൾ.

To advertise here,

എന്തുകൊണ്ട് തുടർഭരണം

കോൺഗ്രസുകാരൻ എന്ന നിലയിൽ താൻ യു.ഡി.എഫിന്റെ വിജയം ആഗ്രഹിക്കുന്നു. ഒരു ഗാന്ധിയൻ എന്ന നിലയിൽ സത്യം പറയാനും ആഗ്രഹിക്കുന്നു. പിണറായി അടുത്ത മുഖ്യമന്ത്രിയാകും. ഭരണത്തുടർച്ച മറികടക്കാനുള്ള ശേഷി കോൺഗ്രസിനോ ബദലുയർത്താനുള്ള ശേഷി പ്രതിപക്ഷത്തിനോ ഇല്ല. നേതാക്കൾ പരസ്പരം തർക്കിക്കുന്ന പാർട്ടിക്ക് ആരാണ് വോട്ട് ചെയ്യുക. കുറഞ്ഞത് പിണറായി വിജയൻ സർക്കാരിന് അച്ചടക്കമുണ്ട്. അവർക്കിടയിൽ മണി ശങ്കർ അയ്യർമാരില്ല.

സതീശനാണെങ്കിൽ പറഞ്ഞത് പിൻവലിക്കാം

സെക്യുലർ സോഷ്യലിസ്റ്റായ ഒരേയൊരാൾ വി.ഡി. സതീശൻ മാത്രമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന നിലയിൽ താൻ മുന്നോട്ടുവെക്കുന്നത് സതീശനെയാണ്. സതീശനാണ് അടുത്ത മുഖ്യമന്ത്രിയാകുന്നതെങ്കിൽ പിണറായി മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന പിൻവലിക്കാനും തയ്യാറാണ്

കെ.സി. കഴിവുകെട്ട ചുമതലക്കാരൻ

കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട സംഘടനാചുമതലക്കരാനാണ് കെ.സി. വേണുഗോപാൽ. അദ്ദേഹത്തെപ്പോലൊരു റൗഡിയെ സർദാർ പട്ടേലിന്റെ തലത്തിലേക്ക് ഉയർത്തി രാഹുൽഗാന്ധിയുടെ അടുത്ത് എത്തിക്കുന്ന പാർട്ടിയുടെ അവസ്ഥ എന്താകും?

ഇന്ത്യമുന്നണിയെ നയിക്കേണ്ടത് സ്റ്റാലിൻ

ഇന്ത്യാ മുന്നണി ശക്തിപ്പെടണമെങ്കിൽ അതിനെ ഏകോപിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാം.